ന്യൂ ഡൽഹി (New Delhi): ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട നടപടികൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ. സംഘർഷവുമായി ബന്ധപ്പെട്ട കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്ന് കേന്ദ്രം വ്യക്തമാക്കി. പ്രക്ഷോഭത്തിൽ പങ്കെടുത്ത സംഘടനകളെ സംബന്ധിച്ചും വിശദാംശങ്ങൾ പൊലീസ് അടക്കമുള്ള അന്വേഷണ ഏജൻസികൾ ശേഖരിച്ചു. സംഘർഷത്തിൽ പരിക്കേറ്റവരിൽ ഏഴ് പേർ നേപ്പാൾ പൗരന്മാരാണ്.
ഇവർ എങ്ങനെ സംഘർഷത്തിന്റെ ഭാഗമായി എന്നതിലും അന്വേഷണം തുടരുകയാണ്. അതിനിടെ പൗരാവകാശ പ്രവർത്തകൻ സോനം വാങ് ചുക്കിനെതിരായ അന്വേഷണം സി ബി ഐ ഊർജിതമാക്കിയിട്ടുണ്ട്. സോനവുമായി ബന്ധപ്പെട്ട ഇടങ്ങളിലേക്ക് സി ബി ഐ പരിശോധന നടത്തും. ലഡാക്ക് സംഘർഷത്തിന് പിന്നാലെ സോനം വാങ് ചുക്കിന്റെ എൻ ജി ഒയുടെ എഫ് സി ആർ എ ലൈസൻസ് കേന്ദ്രം റദ്ദാക്കിയിരുന്നു.
സോനത്തിനെതിരെ കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും നിലവിലുണ്ടെന്നാണ് വിവരം.
ലഡാക്ക് സംഘർഷത്തിന് പിന്നാലെ തുടങ്ങിയ അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെയാണ് സോനം വാങ് ചുക്കിന്റെ എൻ ജി ഒയുടെ എഫ് സി ആർ എ ലൈസൻസ് കേന്ദ്രം റദ്ദാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സോനം വാങ് ചുക്കിന്റെ എൻ ജി ഒക്കെതിരെ നടപടി സ്വീകരിച്ചത്. സോനം വാങ് ചുക് നേതൃത്വം നല്കുന്ന സ്ഥാപനം വിദേശ സംഭാവന ചട്ടം ലംഘിച്ച് വന്‍തോതില്‍ പണം കൈപ്പറ്റിയെന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ പാകിസ്ഥാന്സന്ദര്ശിച്ചിരുന്നെന്നുമുള്ള പരാതിയില്‍ സി ബി ഐ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സോനം വാങ് ചുങിന്റെ ഓഫീസില്‍ അന്വേഷണ സംഘമെത്തി രേഖകള്‍ പരിശോധിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനുപിന്നാലെയാണ് കേന്ദ്രം ലൈസൻസ് റദ്ദാക്കിയത്.
Highlights:Central government tightens measures in Ladakh conflict, more arrests possible