കോഴിക്കോട്(Kozhikode): ആറുവര്ഷംമുന്പ് കാണാതായ വെസ്റ്റ്ഹില്‍ ചുങ്കം സ്വദേശി കെ.ടി. വിജിലിന്റെ തിരോധാനക്കേസില്‍ നിർണായക കണ്ടെത്തൽ. സരോവരത്തെ ചതുപ്പിൽ നടത്തുന്ന തിരച്ചിലില്‍ വിജിലിന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.
ഏഴാം ദിവസം പ്രൊക്ലെയ്നർ ഉൾപ്പെടെ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അസ്ഥിഭാഗങ്ങൾ ലഭിച്ചത്. പല്ലും വാരിയെല്ലിന്റെ ഭാഗങ്ങളുമാണ് കണ്ടെത്തിയത്. മൃതദേഹം കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച കല്ലും കണ്ടെത്തിയിട്ടുണ്ട്. ഇത് വിജിലിന്റേത് തന്നെയെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിനായുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. വിജിലിന്റേതെന്ന് കരുതുന്ന ഒരു ഷൂ കഴിഞ്ഞ ദിവസം ചതുപ്പില്‍ നിന്നും കണ്ടെത്തിയിരുന്നു.
2019 മാര്‍ച്ച് 24നാണ് വെസ്റ്റ്ഹില്‍ ചുങ്കം സ്വദേശി വിജിലിനെ കാണാതാവുന്നത്. അമിതമായി ലഹരി ഉപയോഗിച്ചതിനെത്തുടര്‍ന്ന് മരിച്ച വിജിലിന്റെ മൃതദേഹം സരോവരത്തെ ചതുപ്പില്‍ കുഴിച്ചിട്ടെന്ന് സുഹൃത്തുക്കളും പ്രതികളുമായ നിഖിലും ദീപേഷും മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തിരച്ചില്‍ നടത്തുന്നത്.
കേസില്‍ അറസ്റ്റിലായ പ്രതികളുടെ പോലീസ് കസ്റ്റഡി കാലാവധി വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കാനിരിക്കെയാണ് പുതിയ വഴിത്തിരിവ്.
Highlights: Breakthrough in Vigil murder case: Remains found in Sarovaram swamp