Saturday, December 6, 2025
E-Paper
Home Nationalഅതിർത്തി സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം, മോദിയുടെ അധ്യക്ഷതയിൽ യോഗം, നേപ്പാൾ കലാപത്തിന് പിന്നാലെ നിരീക്ഷണം ശക്തം

അതിർത്തി സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം, മോദിയുടെ അധ്യക്ഷതയിൽ യോഗം, നേപ്പാൾ കലാപത്തിന് പിന്നാലെ നിരീക്ഷണം ശക്തം

by news_desk1
0 comments

 ന്യൂഡൽഹി(New Delhi): നേപ്പാളിലെ കലാപത്തെ തുടർന്ന അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ. യുപി, ബീഹാർ അടക്കം അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി. നേപ്പാളിലെ സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ഉന്നതലയോഗം ചേർന്നിരുന്നു. ഇന്ത്യയുമായി ആയിരത്തിലധികം മൈൽ അതിർത്തി പങ്കിടുന്ന രാജ്യമാണ് നേപ്പാൾ. നേപ്പാളുമായി വളരെ അടുത്ത ബന്ധമാണ് ഇന്ത്യ പുലർത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ നിയന്ത്രണങ്ങൾ കുറഞ്ഞ തുറന്ന അതിർത്തിയാണെന്നതിനാൽ നേപ്പാളിലെ കലാപം ഇന്ത്യയെയും ബാധിച്ചേക്കും. ഉത്തരാഖണ്ഡ്, യുപി, ബിഹാർ സംസ്ഥാനങ്ങളിലെ അതിർത്തി പ്രദേശങ്ങൾ അതീവ ജാഗ്രത പുലർത്തുന്നു.

ബീഹാറിലെ റക്‌സോളിനെ നേപ്പാളിലെ ബിർഗുഞ്ചുമായി ബന്ധിപ്പിക്കുന്ന മൈത്രി പാലം വിജനമാണ്. ഇവിടെ കൂടുതൽ സുരക്ഷ വിന്യാസം നടത്തിയിട്ടുണ്ട്. യാത്രക്കാരെ പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്. പശ്ചിമ ബംഗാളിലെ ഡാർജിലിംഗിലെ പനിറ്റാങ്കിയിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. യുപിയിൽ സുരക്ഷ വിലയിരുത്താൻ ഉന്നതല യോഗം ചേർന്നു. ലഖീംപൂർഖേരിയിലും പൊലീസ് പരിശോധന തുടരുകയാണ്.

നേപ്പാളിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതലതല യോഗം വിളിച്ചിരുന്നു. സുരക്ഷകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗമാണ് ചേർന്നത്. അക്രമം ഹൃദയഭേദകമെന്ന് മോദി പറഞ്ഞു. സമാധാനം പുനസ്ഥാപിക്കണമെന്ന് സന്ദേശം നേപ്പാളിയിലും നരേന്ദ്ര മോദി നൽകി. നേപ്പാളിൽ കുടുങ്ങിയ വിനോദ സഞ്ചാരികൾ കടുത്ത ആശങ്കയിലാണ്. ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്ന എല്ലാം കത്തി നശിച്ചെന്നും കഷ്ടിച്ചാണ് ജിവൻ തിരിച്ചു കിട്ടിയതെന്നും ഉപസ്താ ഗിൽ എന്ന ഇന്ത്യൻ വിനോദസഞ്ചാരി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലുളള തന്ത്രപ്രധാന പ്രദേശമായ നേപ്പാൾ എങ്ങോട്ട് നീങ്ങുമെന്ന് ഇന്ത്യ ഉറ്റു നോക്കുകയാണ്. രാജ്യസുരക്ഷ ഉറപ്പാക്കുള്ള ഇടപെടൽ ആവശ്യമായി വരികയാണെങ്കിൽ അതിന് തയ്യാറെടുക്കാനാണ് സുരക്ഷാകാര്യ സമിതി യോഗത്തിലുണ്ടായ ധാരണ.  

Highlights: Alert issued to border states, meeting chaired by Modi, surveillance intensified after Nepal riots

You may also like