ദില്ലി:(Delhi) അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചു. അപകടത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പുഷ്‌കരാജ് സബർവാൾ കോടതിയെ സമീപിച്ചത്. സുപ്രീംകോടതി ഒരു സമിതിയെ രൂപീകരിച്ച് അന്വേഷണത്തിന്റെ മേൽനോട്ടം നിർവഹിക്കണമെന്നാണ് ആവശ്യം. ഹര്‍ജി ദീപാവലി അവധിക്കുശേഷം കോടതി പരിഗണിക്കും. നിലവില്‍ പുരോഗമിക്കുന്ന എയര്‍ക്രാഫ്റ്റ് ആക്സിസഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്വേഷണം തൃപ്തികരമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് അന്വേഷിക്കണമെന്നും പുഷ്കരാജ് സബര്‍വാള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ദുരന്തത്തിന് കാരണക്കാരന്‍ സുമീത് സബര്‍വാളാണെന്ന ആക്ഷേപം ശക്തമായിരുന്നു. സുമിത് സബർവാൾ ആത്മഹത്യ ചെയ്തതാണെന്നും ഇതാണ് ദുരന്തത്തിലേക്ക് നയിച്ചുവെന്നുമുള്ള തരത്തിൽ വിദേശമാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളും കേന്ദ്രത്തിന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാര്യങ്ങള്‍ അന്തിമ റിപ്പോര്‍ട്ടാകുമോയെന്ന ആശങ്കയുണ്ടെന്നും കേന്ദ്രസര്‍ക്കാരിന് നല്‍കിയ കത്തില്‍ പുഷ്കരാജ് സബര്‍വാള്‍ വ്യക്തമാക്കിയിരുന്നു.
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചെന്ന് കണ്ടെത്തിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. വിമാനത്തിൻ്റെ പിൻഭാഗത്തെ പരിശോധനയിലാണ് കണ്ടെത്തല്‍. പിൻഭാഗത്തെ ചില യന്ത്രഭാഗങ്ങൾ കത്തിയത് വൈദ്യുതി തകരാർ മൂലമുള്ള തീപിടുത്തത്തിലാണോയെന്നും സംശയിക്കുന്നു. ഹോസ്റ്റൽ കെട്ടിടത്തിൽ ഇടിച്ച് നിന്ന പിൻഭാഗത്തെ ചില യന്ത്ര ഭാഗങ്ങളിൽ മാത്രമാണ് തീപിടുത്തം കണ്ടെത്താനായത്. പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് പൂർണ്ണമായും കത്തിയമർന്നിരുന്നു. പിന്നിൽ നിന്ന് കണ്ടെടുത്ത എയർഹോസ്റ്റസിൻ്റ മൃതദേഹം കത്തിക്കരിഞ്ഞിരുന്നില്ല. ഇത് വേഗത്തിൽ തിരിച്ചറിയാൻ കഴിഞ്ഞെന്നും റിപ്പോർട്ടില്‍ പറയുന്നു. വിമാനത്തിൻ്റെ ട്രാൻസ് ഡ്യൂസറിൽ അറ്റകുറ്റപണികൾ നടത്തിയതിനും തെളിവുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ട്രാൻസ് ഡ്യൂസറിലെ തകരാർ വിമാനത്തിലെ മുഴുവൻ വൈദ്യത സംവിധാനത്തെയും ബാധിക്കുന്നതാണ്. ലണ്ടനിലേക്ക് വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ഈ പ്രശ്നം പരിഹരിച്ചത്. എയർക്രാഫ്റ്റ് മെയിൻ്റനൻസ് എഞ്ചിനിയർ ഉച്ചയ്ക്ക് പന്ത്രണ്ടേകാലിന് അറ്റകുറ്റ പണി നടത്തിയതായി ടെക്നിക്കൽ ലോഗ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിനിടെ തകർന്നത്. പറന്നുയർന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽത്തന്നെ എൻജിനുകളിലേക്ക് ഇന്ധനം എത്തുന്നത് നിലച്ചതോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് കത്തിയമരുകയായിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ മാത്രമാണ് ജീവനോടെ കണ്ടെത്തിയത്. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. പ്രദേശവാസികളും വിമാനം വീണ് തകർന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികളും അപകടത്തിൽ മരിച്ചത് ദുരന്തത്തിന്‍റെ ആഘാതം കൂട്ടിയിരുന്നു.
Highlights:Ahmedabad plane crash: Captain Sumith’s father moves Supreme Court