ജനാധിപത്യത്തിന്റെ ഉത്സവമാണ് തെരഞ്ഞെടുപ്പ്. ആളും ആരവങ്ങളും തോരണങ്ങളും ചുമരെഴുത്തുകളും മൈതാന പ്രസംഗങ്ങളും നിറഞ്ഞുകഴിഞ്ഞു. ജനം അന്തിമ വിധിയെഴുതാന്‍ തയ്യാറെടുക്കുകയാണ്. സൂക്ഷ്മ പരിശോധനാഫലം കൂടി പുറത്തുവന്ന നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന മണിക്കൂറും പിന്നിട്ട് കേരളം പുതിയൊരു ഇലക്ഷന്‍ പ്രഭാതത്തിലേക്കാണ് മിഴി തുറന്നിരിക്കുന്നത്. രാഷ്ട്രീയമായ പോര്‍വിളികള്‍ക്കൊപ്പം ആശയപരമായ പോരാട്ടങ്ങള്‍ക്ക് ഒപ്പം വ്യക്തിപരമായ വോട്ടുകള്‍ നിര്‍ണ്ണായകമാകുന്ന തിരഞ്ഞെടുപ്പ് വേദിയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്. ജാതി സമവാക്യങ്ങളും മുന്നണി ബന്ധങ്ങള്‍ക്ക് അപ്പുറം ഇതിലൊന്നും പെടാതെ ജനങ്ങളില്‍ ഒരുവനായി ജയിച്ചുവരുന്ന സ്വതന്ത്രര്‍ നാടിന്റെയും നാട്ടുകാരുടെയും ഭരണാധികാരിയായി മാറുന്ന അത്യപൂര്‍വ്വ തെരഞ്ഞെടുപ്പ് എന്ന പെരുമയും ഈ തെരഞ്ഞെടുപ്പിന് സ്വന്തമാണ്. അനാവശ്യമായ വാഗ്വാദങ്ങള്‍ക്ക് അപ്പുറം നാട്ടിലെ വഴികളിലൂടെ വീട്ടുകാരെ കൂട്ടുകാരെ കണ്ടും കേട്ടും അറിഞ്ഞും പറഞ്ഞും തികച്ചും ആരോഗ്യകരമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് നടക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഭാഗമായ മുന്നണികള്‍ അവരവരുടെ പ്രകടനപത്രികകള്‍ ഒന്നിന് പിറകെ ഒന്നായി പുറത്തിറക്കി കഴിഞ്ഞു. മാറുന്ന കാലത്തിനനുസരിച്ച് മാറ്റത്തിന്റെ ഇടിമുഴക്കം എന്ന് തന്നെ പറയാവുന്ന തരത്തില്‍ പുതിയതും വ്യത്യസ്തവുമായ വികസന കാഴ്ചപ്പാടുകളും പദ്ധതികളും ആണ് ഓരോ പ്രകടനപത്രികയുടെയും താളുകളെ ആവേശഭരിതമാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ഒരു വിളിപ്പാടകലെ കാത്തു നില്‍ക്കേ ഫൈനലില്‍ മുമ്പുള്ള സെമിഫൈനല്‍ ആയാണ് സര്‍വ്വരും തദ്ദേശ തെരഞ്ഞെടുപ്പിലെ കണ്ടിരിക്കുന്നത് അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നത്. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി ആരംഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിന്റെ ഉന്നമനത്തിനും താഴെത്തട്ടില്‍ ഉള്ള ജനവിഭാഗത്തില്‍ രാഷ്ട്രീയ പ്രബുദ്ധരാക്കാനും വഴിയൊരുക്കിയിട്ടുണ്ട്. അവിടെയും കക്ഷിരാഷ്ട്രീയത്തിന്റെ കുപ്പായം അണിഞ്ഞ് വേര്‍തിരിവിന്റെയും വഴിതെറ്റിക്കലിന്റെയും സംസാരവുമായി വരുന്നവരെ അവരെ ഏതു കൊടിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആയാലും തിരിച്ചറിയാനുള്ള വിവേകം ഒരിക്കലും നഷ്ടപ്പെടുത്തരുത്. അവിടെ ജനാധിപത്യവും അര്‍ത്ഥപൂര്‍ണ്ണമാകും. കഴിഞ്ഞതവണ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. അപ്പോഴും മികച്ച പോളിംഗ് കേരളത്തിന്റെ അഭിമാനമായി ഉദിച്ചുനിന്നു. ഇത്തവണയും സ്ഥിതി വ്യത്യസ്തമാവില്ല എന്ന പ്രത്യാശ ഉണ്ട്. തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ കടന്നുവരുന്ന ഓരോ പൗരന്മാരിലും ആണ് ഭാവി നാളെകളുടെ പ്രതീക്ഷ ഉള്ളത്. പതിവുപോലെ ഇത്തവണയും മുന്നണികളെ വിമതശല്യം അലട്ടുന്നുണ്ട്. മുന്നണികള്‍ക്ക് ലഭിക്കേണ്ട വോട്ടുകള്‍ വിമതര്‍ കയ്യടക്കുമ്പോള്‍ വിജയപരാജയങ്ങള്‍ നിര്‍ണായകമാകും.
അധികാരം ആരിലേക്ക് എത്തിയാലും ജയിക്കേണ്ടത് ജനവും വാഴേണ്ടത് ജനാധിപത്യവുമാണ്.
ചിത്രം തെളിഞ്ഞു, കളം നിറയുന്നു
0