പാലക്കാട്:(Palakkad) UDF സ്ഥാനാർഥിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ വിശദീകരണവുമായി BJP പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. കോൺഗ്രസിന് പാലക്കാട് വെപ്രാളം. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ മറച്ചുവെക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ആരോപണത്തിന് പിന്നിൽ. ആരോപണം അടിസ്ഥാന രഹിതം. 50 ആം വാർഡിൽ BJP ക്ക് ആരേയും സ്വാധീനിക്കേണ്ട ആവശ്യമില്ല. UDF – LDF ചേർന്ന് നിന്നാൽ അവിടെ 100 വോട്ട് കിട്ടില്ല.
ശ്രീകണ്ഠൻ അല്ല രാഹുൽ ഗാന്ധി മത്സരിച്ചാലും 50 ആം വാർഡിൽ BJP ജയിക്കും. എതിരാളികൾ ഉണ്ടാവണമെന്നാണ് BJP ആഗ്രഹം. സ്ഥാനാർത്ഥിയെ സ്വാധീനിക്കാൻ ശ്രമിച്ചതിൻ്റെ തെളിവുകൾ പുറത്ത് വിടാൻ പാലക്കാട് MPയെ വെല്ലുവിളിക്കുന്നു. രാഹുൽ മാങ്കൂട്ടത്തിൽ പ്രചരണത്തിന് ഇറങ്ങുന്നതിന്റെ ജാള്യത മറച്ചുവെക്കാൻ കോൺഗ്രസ് പല ശ്രമങ്ങൾ നടത്തുന്നുവെന്നും പ്രശാന്ത് ശിവൻ ആരോപിച്ചു.
പാലക്കാട് നഗരസഭയിലെ 50-ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിപ്പിക്കാൻ ബിജെപി ശ്രമമെന്നാണ് ആരോപണം. യുഡിഎഫ് സ്ഥാനാർഥി രമേശ് കെയുടെ വീട്ടിലേക്ക് പണവുമായി ബിജെപി നേതാക്കൾ എത്തിയെന്നാണ് പരാതി. നിലവിലെ ബിജെപി സ്ഥാനാർഥിക്കും കൗൺസിലർക്കും എതിരെയാണ് കോൺഗ്രസ് രംഗത്തെത്തിയത്.
സംഭവമറിഞ്ഞ് വി കെ ശ്രീകണ്ഠൻ എംപി രമേശിൻ്റെ വീട്ടിലെത്തി. നിലവിലെ സ്ഥാനാർത്ഥിയും , കൗൺസിലറും ഉൾപെടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് വി കെ ശ്രീകണ്ഠൻ ആരോപിച്ചു. പരാതി ലഭിച്ചതിനെ തുടർന്ന് പാലക്കാട് നോർത്ത് പൊലീസ് രമേശിൻ്റെയും കുടുംബത്തിൻ്റെയും മൊഴി രേഖപെടുത്തി.
കോൺഗ്രസും ബിജെപിയും മാത്രമാണ് നിലവിൽ ഇവിടെ മത്സരരംഗത്തുള്ളത്. ഇതിനിടെയാണ് കൗൺസിലറടക്കം യുഡിഎഫ് സ്ഥാനാർത്ഥി രമേശിന്റെ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്തത്. രമേശൻ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു സംഭവം. തുടർന്ന് വികെ ശ്രീകണ്ഠൻ എംപി ഉൾപ്പെടെയുള്ളവരെ രമേശൻ വിവരം അറിയിക്കുകയായിരുന്നു.
Highlights:Prashanth sivan against palakkad 50th ward controversy