Saturday, December 6, 2025
E-Paper
Home Localവടക്കുംനാഥൻ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്തേക്ക് മദ്യലഹരിയിൽ ബെൻസ് കാർ ഇടിച്ചു കയറി

വടക്കുംനാഥൻ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്തേക്ക് മദ്യലഹരിയിൽ ബെൻസ് കാർ ഇടിച്ചു കയറി

by news_desk2
0 comments

തൃശ്ശൂർ:(Thrissur) ലോക പൈതൃക പട്ടികയിൽ ഇടം നേടിയ വടക്കുംനാഥ ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ചയും സാമൂഹിക വിരുദ്ധ ശല്യവും വർധിക്കുന്നതിനിടെ, മദ്യലഹരിയിൽ ബെൻസ് കാർ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്തേക്ക് ഇടിച്ചു കയറി. ഇന്നലെ (21/11/2025) രാത്രി 8.30-ന് ക്ഷേത്രം നട അടച്ചതിന് ശേഷമാണ് സംഭവം.

KL08 BF 6113 രജിസ്ട്രേഷൻ നമ്പറിലുള്ള ബെൻസ് കാറാണ് ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്തേക്ക് അതിക്രമിച്ചു കയറിയത്. കാറിൽ അമിതമായി മദ്യപിച്ച നിലയിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നത്.അപകടകരമായ രീതിയിൽ ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ അതിക്രമിച്ചു കയറിയ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ച പുതിയ സെക്യൂരിറ്റി ജീവനക്കാരനെ, ക്ഷേത്രത്തിലെ അനുഭവസമ്പന്നനായ മറ്റൊരു സുരക്ഷാ ജീവനക്കാരൻ തടഞ്ഞത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. പോലീസിനെ വിളിക്കാനുള്ള ശ്രമത്തെയും ഈ സുരക്ഷാ ജീവനക്കാരൻ എതിർത്തു.തുടർന്ന്, സ്ഥലത്തുണ്ടായിരുന്ന ഭക്തരാണ് വിവരം പോലീസിനെ അറിയിക്കുകയും അവരെ വിളിച്ചു വരുത്തുകയും ചെയ്തത്. പോലീസ് എത്തിയാണ് തുടർ നടപടികൾ സ്വീകരിച്ചത്.

യുനെസ്കോയുടെ ഏഷ്യ-പസഫിക് അവാർഡ് ഫോർ കൺസർവേഷൻ ഓഫ് കൾച്ചറൽ ഹെറിറ്റേജ് ലഭിച്ച വടക്കുംനാഥ ക്ഷേത്രത്തിന്റെ പ്രധാന കവാടം അടച്ചതിന് ശേഷം ക്ഷേത്ര മൈതാനം സാമൂഹിക വിരുദ്ധരുടെയും ലഹരി കച്ചവടക്കാരുടെയും മദ്യപാനികളുടെയും കേന്ദ്രമായി മാറുന്നതിൽ ഭക്തർക്കിടയിൽ കടുത്ത ആശങ്കയുണ്ട്. രാത്രികാലങ്ങളിൽ ക്ഷേത്ര പരിസരത്തെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്.ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയുള്ളവരുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവവും, അതിക്രമം റിപ്പോർട്ട് ചെയ്യാനുള്ള ശ്രമം തടഞ്ഞ നടപടിയും ഗുരുതരമായ വീഴ്ചയായി കണക്കാക്കപ്പെടുന്നു. വിഷയത്തിൽ അധികൃതരുടെ അടിയന്തര ഇടപെടൽ അനിവാര്യമാണ്.

Highlights:Drunk driving: Benz crashes into vadakkunnathan temple sanctum area

You may also like