പത്തനംതിട്ട:(Pathanamthitta) പത്തനംതിട്ട മല്ലപ്പള്ളിയിൽ വെർച്വൽ തട്ടിപ്പിനിരയായ വൃദ്ധ ദമ്പതികൾക്ക് നഷ്ടമായത് ഒരു കോടിയിലധികം രൂപ. മല്ലപ്പള്ളി സ്വദേശി ഷേർലി ഡേവിഡ്, ഭർത്താവ് ഡേവിഡ് പി മാത്യു എന്നിവരാണ് തട്ടിപ്പിന് ഇരയായത്. മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ വരികയും വെർച്ചൽ അറസ്റ്റ് ആണെന്ന് ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തായിരുന്നു തട്ടിപ്പ്. പലതവണകളായി വൃദ്ധ ദമ്പതികളിൽ നിന്ന് പണം തട്ടുകയായിരുന്നു
പണം നഷ്ടപ്പെട്ട ദമ്പതികളും കുടുംബവും അബുദാബിയിൽ താമസക്കാരാണ്. കഴിഞ്ഞ എട്ടാം തീയതി നാട്ടിൽ വന്നതാണ്. ഒരുകോടി 40 ലക്ഷത്തി അമ്പതിനായിരം രൂപയാണ് ഇവർക്ക് നഷ്ടമായത്. ഫോൺ നമ്പർ ദുരുപയോഗം ചെയ്തെന്നും ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. നേരിട്ട് ഹാജരായില്ലെങ്കിൽ വെർച്വൽ അറസ്റ്റ് ചെയ്യുമെന്നും പണം നൽകിയില്ലെങ്കിൽ വാറണ്ട് അയക്കുമെന്നും തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തി.
തട്ടിപ്പ് സംഘത്തിന്റെ ഭീഷണിക്കൊടുവിൽ 18-ാം തീയതി മുതൽ പലതവണകളായി വൃദ്ധ ദമ്പതികൾ പണം കൈമാറുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ ക്രൈബ്രാഞ്ചിന് കേസ് കൈമാറാനാണ് തീരുമാനം.
Highlights : Elderly couple loses over Rs one crore in virtual fraud