Saturday, December 6, 2025
E-Paper
Home Localതൃശൂർ ബി.ജെ.പിയിൽ പോര്, ആർ.എസ്.എസിനെ വെല്ലുവിളിച്ച് ഗ്രൂപ്പുകൾസംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിച്ച സ്ഥാനാർഥിയെ നീക്കാൻ ഒളിപ്പോര്, പിന്നിൽ ആരോപണ വിധേയനായ നേതാവ്

തൃശൂർ ബി.ജെ.പിയിൽ പോര്, ആർ.എസ്.എസിനെ വെല്ലുവിളിച്ച് ഗ്രൂപ്പുകൾസംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിച്ച സ്ഥാനാർഥിയെ നീക്കാൻ ഒളിപ്പോര്, പിന്നിൽ ആരോപണ വിധേയനായ നേതാവ്

by news_desk1
0 comments

തൃശൂർ:(Thrissur) തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഭരണം പിടിക്കുമെന്ന് പ്രതീക്ഷിക്കുന്ന തൃശൂർ കോർപ്പറേഷനിൽ ഗ്രൂപ്പ് പോര് രൂക്ഷം. ജില്ലാ പ്രസിഡന്റും നേതാക്കളും കൂടിയാലോചിച്ചും ആർ.എസ്.എസിന്റെ നിർദേശങ്ങളും ഉൾപ്പെടുത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടിക അട്ടിമറിക്കാനാണ് നീക്കം. വിവിധ ഡിവിഷനുകളിൽ കുത്തിത്തിരുപ്പുണ്ടാക്കി പ്രവർത്തകരെ സമ്മർദത്തിലാക്കിയാണ് രഹസ്യ ഇടപാടുകൾ. കഴിഞ്ഞ ദിവസം കുട്ടൻകുളങ്ങര ഡിവിഷനിൽ നിലവിലെ കൗൺസിലറും കോർപ്പറേഷനിലെ ബി.ജെ.പിയുടെ മിന്നും താരവുമായ ഡോ.വി ആതിരയെ ആണ് സ്ഥാനാർഥിയായി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ശുപാർശ ചെയ്ത് സംസ്ഥാന കമ്മിറ്റിയംഗീകരിച്ച് പ്രഖ്യാപിച്ചത്. ഇവിടെ സ്ഥാനാർഥിയെത്തിയെങ്കിലും ഒരു വിഭാഗം പ്രവർത്തകർ തടയുകയും സ്ഥാനാർഥിയായി അംഗീകരിക്കില്ലെന്ന് അറിയിക്കുകയുമായിരുന്നു. സ്ഥാനാർഥിത്വം സംബന്ധിച്ച് നാളേറെയായി ചർച്ചയും അഭിപ്രായം തേടലുകളും നടക്കുകയാണെന്നിരിക്കെ പ്രാദേശിക ഘടകം എതിർപ്പറിയിച്ചിരുന്നില്ല. ബി.ജെ.പി വൻ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്ന കുട്ടൻകുളങ്ങര ഡിവിഷനിൽ നിലവിലെ കൗൺസിലറോട് അഭിപ്രായം തേടുക പോലും ചെയ്യാതെ 2020ൽ മേയർ സ്ഥാനാർഥിയായി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണനെ അവതരിപ്പിച്ച് വൻ ഭൂരിപക്ഷത്തിന് തോൽക്കുകയും കയ്യിലുണ്ടായിരുന്ന ഡിവിഷൻ നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. കോൺഗ്രസായിരുന്നു ഇവിടെ വിജയിച്ചത്. ഈ ഡിവിഷനെ പിടിച്ചെടുക്കുകയെന്ന ദൗത്യമായിരുന്നു നിലവിൽ കൗൺസിലറും അധ്യാപികയും ജനകീയ ബന്ധങ്ങളുമുള്ള ആതിരയുടെ സ്ഥാനാർഥിത്വത്തിലൂടെ ആർ.എസ്.എസും ബി.ജെ.പി ജില്ലാ-സംസ്ഥാന നേതൃത്വവും ലക്ഷ്യമിട്ടത്. നിലവിൽ ആതിര പ്രതിനിധീകരിക്കുന്ന പൂങ്കുന്നം ഡിവിഷൻ മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോന് വിട്ടു നൽകുകയും ചെയ്തു. മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നയാൾ കൂടിയാണ് ആതിരയെന്നിരിക്കെ ജില്ലയിലെ ഒരു ഗ്രൂപ്പ് ആണ് ഇതിനെ തുരങ്കം വെച്ച് രംഗത്തെത്തിയത്. ജില്ലാ പ്രസിഡന്റിന്റെ വിരുദ്ധ ചേരിയുടെ നേതാവ് കൂടിയാണ് ഇയാൾ. കൊടകര കുഴൽപ്പണ കേസിലടക്കം ആരോപണ വിധേയനായ നേതാവ് ഇന്നലെ ആതിരയുടെ വീട്ടിലെത്തി സ്ഥാനാർഥിത്വത്തിൽ നിന്നും പിൻമാറാൻ സമ്മർദം ചെലുത്തുകയും ചെയ്തുവെന്നും പറയുന്നു. കുട്ടൻകുളങ്ങരയിലെ പ്രാദേശിക നേതാവിന്റെ ഭാര്യയെ മൽസരിപ്പിക്കാനാണ് ശ്രമം. ജനകീയ ബന്ധമോ, ഡിവിഷൻ തലത്തിൽ കാര്യമായ അടുപ്പങ്ങളോ ഇല്ലാത്തയാളെ ഇവിടുത്തെ പ്രവർത്തകർക്കും താൽപ്പര്യമില്ല. ഇവരെ സ്ഥാനാർഥിയാക്കിയാൽ തങ്ങൾ പ്രചരണത്തിന് ഇറങ്ങില്ലെന്നും നേതാക്കളെ അറിയിച്ചു. എന്നാൽ ഇത് അവഗണിച്ചാണ് സംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിച്ച സ്ഥാനാർഥിയെ സമ്മർദത്തിലാക്കി പിൻമാറ്റാനുള്ള ഗൂഢ പദ്ധതി നടക്കുന്നത്. ഇതിന് പിന്നിൽ സാമ്പത്തീക ഇടപാടുകളും നടന്നതായി പ്രവർത്തകർ പറയുന്നു. ചരിത്രത്തിൽ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ പാർലമെന്റ് അംഗത്തെ സമ്മാനിച്ച തൃശൂരിൽ കോർപ്പറേഷൻ ഭരണം പിടിക്കുകയെന്ന മറ്റൊരു ചരിത്രം കുറിക്കാനുള്ള നേതാക്കളുടെയും പ്രവർത്തകരുടെയും ശ്രമത്തെ അട്ടിമറിക്കാനാണ് ഇവരുടെ ശ്രമമെന്നാണ് ആക്ഷേപം. സംസ്ഥാന നേതൃത്വത്തിനും ആർ.എസ്.എസ് നേതൃത്വത്തെയും ഇക്കാര്യം അറിയിച്ചുവെന്നാണ് പറയുന്നത്. നേതൃത്വം അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വലിയ നഷ്ടമാവും ഉണ്ടാവുകയെന്ന മുന്നറിയിപ്പും നേതാക്കളും പ്രവർത്തകരും നൽകുന്നു.

Highlight:Factional fight erupts in Thrissur BJP

You may also like