Saturday, December 6, 2025
E-Paper
Home Editorialജനാധിപത്യത്തിൻ്റെ മറവിൽ കൂട്ടക്കുരുതി

ജനാധിപത്യത്തിൻ്റെ മറവിൽ കൂട്ടക്കുരുതി

by news_desk
0 comments

തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സുഖമായ പ്രവർത്തനത്തിനും സുതാര്യതയും ഉറപ്പുവരുത്തുന്നതിന് നടത്തപ്പെടുന്ന തീവ്ര വോട്ടർപട്ടിക പരിഷ്കരണം സത്യത്തിൽ ജനാധിപത്യത്തിന്റെ മറവിൽ നടക്കുന്ന മനുഷ്യക്കുരുതിയായി മാറുകയാണ്. രാജ്യത്തെമ്പാടും എസ്.ഐ.ആർ നടപടിക്രമങ്ങൾ നവംബർ നാലാം തീയതി മുതൽ ആരംഭിച്ചിരുന്നു. തീവ്ര പരിശോധനയും ശുദ്ധീകരണവും വിവിധ ഘട്ടങ്ങളിലായി നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ തുടക്ക സമയത്താണ് എസ്.ഐ.ആർ പ്രവർത്തനങ്ങൾ സർക്കാർ ഉദ്യോഗസ്ഥരായ ബി.എൽ.ഒമാർക്ക് ലഭിക്കുന്നത്. തിരഞ്ഞെടുപ്പിനിടയിൽ കടുത്ത ജോലിഭാരം ആയി മാറും എന്നതിനാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സംസ്ഥാന കമ്മീഷൻ പരിമിതികൾ ഔദ്യോഗികമായി അറിയിച്ചിരുന്നതാണ്.കൂടാതെ എസ്ഐആർ തിടുക്കപ്പെട്ട് നടപ്പിലാക്കുന്നതിലെ എതിർപ്പും കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനെ യഥാക്രമം അറിയിച്ചിരുന്നു. എന്നാൽ ഏകപക്ഷീയമായി അത് നടപ്പിലാക്കാൻ ഉത്തരവിറക്കി. സത്യത്തിൽ അടിച്ചേൽപ്പിക്കലാണ് നടന്നിരിക്കുന്നത്. ഭരണഘടന അധികാരത്തിന്റെ പേരിൽ നടക്കുന്ന ഏകാധിപത്യവാഴ്ചയാണ് രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്നത്. അമിതമായ ജോലിഭാരം താങ്ങാനാവാതെ കഴിഞ്ഞദിവസം കണ്ണൂരിൽ ബി എൽ ഓ അനീഷ് ജോർജ് ആത്മഹത്യ ചെയ്തിരുന്നു, ഇന്നലെ നേരം പുലരുമ്പോൾ രാജ്യം കേട്ടത് സൂപ്പർവൈസറുടെ ഭീഷണിയും സമ്മർദ്ദവും താങ്ങാനാവാതെ രാജസ്ഥാനിൽ ബി.എൽ.ഓ ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കി എന്ന വാർത്തയാണ്. മനുഷ്യരുടെ ജീവനെടുത്ത് എന്ത് പരിഷ്കാരമാണ് അതിവേഗം നടത്താനുള്ളത്. ജനങ്ങളുടെ നന്മയും സുരക്ഷിതത്വവും ആണ് രാജ്യത്ത് നടപ്പിലാക്കപ്പെടുന്ന എന്തിന്റെയും പിന്നിലുള്ള  ആപ്തവാക്യം. എന്നിട്ടും ഭരണാധികാരികളായി നാടിനും നയിക്കുന്നവർക്ക് രാജ്യത്തെക്കുറിച്ച് ജനങ്ങളെ കുറിച്ചോ യാതൊരു ചിന്തയുമില്ലെന്ന് ഇത്തരം നടപടികൾ വ്യക്തമാക്കുന്നു. സർക്കാർ ജീവനക്കാരെ ഭരണത്തിന്റെയും മറ്റ് അധികാരങ്ങളുടെയും സ്വാധീനത്തിൽ ഭീഷണിപ്പെടുത്തുന്ന സമീപനം വളരെ മോശമാണ്. അമിതമായ രാഷ്ട്രീയ ഇടപെടൽ കൊണ്ട് ഉദ്യോഗസ്ഥ സമൂഹം അസ്വസ്ഥമാകുമ്പോൾ നാടിൻ്റെ തന്നെ കെട്ടുറപ്പാണ് നഷ്ടപ്പെടുന്നത്. 35000 ബിഎൽഒമാരാണ് സംസ്ഥാനത്ത് എസ്ഐആർ ഡ്യൂട്ടിക്ക് വേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്നത്.മനുഷ്യസാധ്യം അല്ലാത്ത ടാർഗറ്റ് നൽകി അവരെ മൃഗസമാനമായി പണിയെടുപ്പിക്കുന്ന രീതിയിൽ മനുഷ്യാവകാശ ലംഘനമാണ്.
എട്ടു മണിക്കൂർ തൊഴിൽ 8 മണിക്കൂർ വിശ്രമം എട്ടു മണിക്കൂർ വിനോദം ഇത് ഏതൊരു തൊഴിലാളിയുടെയും അവകാശവും അധികാരവും ആണ്.അതിനുമപ്പുറം സ്ഥാപിതമായ താല്പര്യങ്ങളുടെ പുറത്തു നടത്തപ്പെടുന്ന അടിച്ചേൽപ്പിക്കലുകളെ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. എസ്.ഐ.ആറിനെ സംബന്ധിച്ച് ഇപ്പോഴും പല അവ്യക്തതകളും തുടരുകയാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളടക്കം പൊതുജനങ്ങൾ അടക്കം ഇരുട്ടിൽ തപ്പുന്നു. ഇതിനെല്ലാം വ്യക്തമായ ഉത്തരം നൽകാൻ ബാധ്യതപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷൻ മൾട്ടി നാഷണൽ കമ്പനികളുടെയും കോർപ്പറേറ്റ്  കുത്തകകളുടെയും മനോഭാവത്തോടുകൂടിയാണ് ആസ്ഥാനത്ത് ഇരിക്കുന്നത്.ഇതിനുമുമ്പ് ബീഹാറിൽ വോട്ടർപട്ടിക പരിഷ്കരണം നടപ്പിലാക്കിയപ്പോൾ 65 ലക്ഷത്തോളം ആളുകൾക്കാണ് വോട്ടവകാശം നഷ്ടപ്പെട്ടത്. അന്നേ സുതാര്യമല്ലാത്ത നടപടിക്രമം ആണിതെന്ന് ആരോപണമുയർന്നിരുന്നതാണ്.തിരഞ്ഞെടുപ്പ് കമ്മീഷന്റെയും തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ തന്നെയും വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോയത്. അടുത്തകാലത്ത് നടന്ന പല തിരഞ്ഞെടുപ്പുകളും ഗൗരവകരമായ സംശയങ്ങളാണ് ആശങ്കകളാണ് ഉയർത്തിയിട്ടുള്ളത്.
ബീഹാറിൽ ബി.ജെ.പിയും എൻ.ഡി.എയും നയിക്കുന്ന മുന്നണി അധികാരത്തിലെത്തിയെങ്കിലും വോട്ടുചോരി ആരോപണത്തിന് ഇന്നും ഏറെ പ്രസക്തിയും പ്രാധാന്യവും ഉണ്ട്. ഇതുവരെയും എന്തുകൊണ്ടാണ് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രണ്ട് വാർത്താസമ്മേളനങ്ങൾ നടത്തി ചൂണ്ടിക്കാണിച്ച തെറ്റുകുറ്റങ്ങൾക്ക് ആരോപണങ്ങൾക്ക് ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ ഇലക്ഷൻ കമ്മീഷൻ തയ്യാറാകാത്തത്.  ഭരിക്കുന്ന പാർട്ടികളുടെ താല്പര്യത്തിനനുസരിച്ച് തിരഞ്ഞെടുപ്പ് രീതികളിൽ കറുപ്പ് കലർത്താനാണ് ഇലക്ഷൻ കമ്മീഷൻ ശ്രമിക്കുന്നത്. ബഹു കമ്മീഷൻ നിങ്ങൾ ഇരിക്കുന്നത് രാഷ്ട്രീയ സംഘടനയുടെ കസേരയിൽ അല്ല,ഭരണഘടന പ്രതിനിധാനം ചെയ്യുന്ന മഹിതമായ സ്ഥാനത്താണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തിൽ സർക്കാർ ഇടപെടൽ ഒഴിവാക്കിക്കൊണ്ട് ബദൽ സംവിധാനം അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ട്. ഭരണഘടനയുടെ 324 ആം വകുപ്പ് അനുസരിച്ച് സ്വതന്ത്രവും നീതിപൂർവ്വവുമായി തെരഞ്ഞെടുപ്പ് നടത്തേണ്ട ചുമതലയുള്ള കമ്മീഷൻ രാഷ്ട്രീയപാർട്ടികളുടെ പോളിംഗ് ഏജന്റുമാരെക്കാൾ നിലവാരം താഴ്ന്ന രീതിയിലും അധികാര കേന്ദ്രങ്ങളുടെ വിധേയത്തോടും ആണ് പെരുമാറുന്നത്. എസ്.ഐ.ആർ വഴി
ബിഹാറിൽ നഷ്ടപ്പെട്ട വോട്ടുകൾക്ക് ആരു മറുപടി പറയും. നൂറും ആയിരവും അല്ല 10000 കണക്കിന്  വ്യാജന്മാരാണ് രാജ്യത്തിന്റെ വോട്ടർപട്ടികയിൽ വിവിധ ഘട്ടങ്ങളിലായി കടന്നുകൂടിയിരിക്കുന്നത്.
വോട്ടർ പട്ടിക അഴിമതിയുടെ പ്രഭവ കേന്ദ്രം തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ്. അതെല്ലാം മറയ്ക്കാൻ കൃത്യമായ അജണ്ട നടപ്പിലാക്കാനാണ് ബൂത്ത് ലെവൽ ഏജന്റുമാരായ ഉദ്യോഗസ്ഥരെ കൊണ്ട് അധിക ജോലി എടുപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.എൽ.ഒമാരുടെ ആത്മഹത്യയെ സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകുകയും അന്വേഷണം നടത്തുകയും വേണം. മേൽ ഉദ്യോഗസ്ഥരുടെ അമിതമായ താല്പര്യങ്ങൾ നടപ്പിലാക്കാൻ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിൽ ആക്കുന്ന രീതി ഉണ്ടായിട്ടുണ്ടെങ്കിൽ കർശനമായ നടപടികൾ സ്വീകരിക്കണം. ചേർത്ത് നിർത്തലാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കൊടിയടയാളം അറുത്തുമാറ്റലല്ല അതോർക്കുന്നതും ഓർമിക്കുന്നതും ഓർമ്മിപ്പിക്കുന്നതും നല്ലതാണ്…

You may also like