Saturday, December 6, 2025
E-Paper
Home Editorialബീഹാർ ഫലം  പ്രതിപക്ഷത്തിന്റെ കണ്ണ് തുറപ്പിക്കുമോ

ബീഹാർ ഫലം  പ്രതിപക്ഷത്തിന്റെ കണ്ണ് തുറപ്പിക്കുമോ

by news_desk
0 comments

ഭാരത രാഷ്ട്രീയം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പ് തോൽവിക്കും വിജയത്തിലുമാണ് ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. അധികാരത്തിലെത്തുമെന്നും അധികാരക്കുത്തക അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചെത്തിയ മഹാസഖ്യം കാവിക്കൊടുങ്കാറ്റിൽ ഭസ്മമായി പോയ കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. കണക്കുകൂട്ടലുകൾക്കും പ്രതീക്ഷകൾക്കും എല്ലാം അപ്പുറമാണ് ജനവിധിയെന്ന ബീഹാർ രാഷ്ട്രീയം വീണ്ടും ഇന്ത്യൻ ജനതയോട് പറയുന്നു. ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രാജ്യത്തുടനീളം ഉള്ള പ്രതിപക്ഷ പാർട്ടികളെ അണിനിരത്തി കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ഇന്ത്യ സഖ്യം എന്ന വിശാല പ്രതിപക്ഷം മുന്നണിക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം യാതൊരു ചലനവും പിന്നീടങ്ങോട്ട് രാഷ്ട്രീയ മണ്ഡലത്തിൽ ഉണ്ടാക്കാൻ സാധിച്ചില്ല എന്നുള്ളതാണ് വസ്തുത. ഉന്നയിക്കുന്ന ആരോപണങ്ങളും പറയുന്ന പ്രസ്താവനകളും പോലും വെള്ളത്തിൽ വരച്ച വര പോലെയായി. അവിടെയാണ് കൃത്യമായി ഇലക്ഷൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ  സ്ഫടിക സമാനമായ വ്യക്തതയോടെ നിർണയിച്ച്  എൻ.ഡി.എയും ബി.ജെ.പിയും മുന്നേറിയത്. ഇന്നലെകളിലെ മുഴുവൻ തെരഞ്ഞെടുപ്പുകളിലും തുടക്കത്തിൽ പ്രതിപക്ഷമാണ് തെരഞ്ഞെടുപ്പിൽ മേൽക്കൈ നേരിടുകയെന്ന് സൂചിപ്പിക്കുന്നതെന്ന ഇടപെടലുകൾ ഉണ്ടാക്കി വളരെ പെട്ടെന്ന് തന്നെ കളങ്കം നിറയുന്നു. കാലത്തിനനുസരിച്ച് തെരഞ്ഞെടുപ്പ് രീതികൾക്കും പ്രചരണ മാർഗങ്ങൾക്കും മാറ്റം അനിവാര്യമാണ്. ഇന്ത്യയിലെ ചെറുതും വലുതുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഭരണപക്ഷത്തിനൊപ്പം തന്നെ നിൽക്കുന്ന രീതിയിൽ പ്രചരണ പരിപാടികൾ ക്രമീകരിക്കേണ്ടിയിരിക്കുന്നു. ഭാവികാല രാഷ്ട്രീയത്തിൽ നിലനിന്നു പോകാൻ. ശക്തമായ ഭരണപക്ഷം ഉള്ളപ്പോൾ അതിനൊപ്പം തന്നെ അതിശക്തമാക്കണം പ്രതിപക്ഷവും എന്ന് ബീഹാർ ഫലം അടിവരയിടുന്നു. ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടതും അടിയന്തരമായി മാറേണ്ടതും മാറ്റപ്പെടേണ്ടതും ഇന്ത്യാസഖ്യത്തിന്റെ തലതൊട്ടപ്പൻമാരായ കോൺഗ്രസ് ആണ്. കോൺഗ്രസിന്  രാഷ്ട്രീയ വീക്ഷണമുള്ള ഒരു ടീം ഇല്ലാതെ പോകുന്നതാണ് പ്രശ്നം. പ്രതിപക്ഷ അജൻഡകളെ തേച്ചു മിനുക്കി കൊണ്ടേയിരിക്കേണ്ടതുണ്ട്. ആരോപണങ്ങൾക്ക് ഒപ്പം പ്രതിപക്ഷം യാത്ര തുടർന്നപ്പോൾ ജനകീയമായ പദ്ധതികളുമായി ജനങ്ങളെ കയ്യിലെടുക്കാൻ സാധിച്ചതാണ് ബീഹാറിൽ ബി.ജെ.പിക്ക് നേട്ടമായത്. ഭൂതകാലം എന്ന ഭാവിയാണ് പ്രാധാന്യമെന്ന് വോട്ടർമാർ മനസ്സിലാക്കിയിരിക്കുന്നു. ജാതി സമവാക്യങ്ങളും സൗജന്യങ്ങളും ആണ് സമകാലിക തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെയും നിർണയിക്കുന്നത്. വിജയത്തിൽ നിൽക്കുമ്പോഴും ഭരണപക്ഷത്തിനും ചെയ്ത കാര്യങ്ങൾ നിർവഹിക്കാനുള്ള ഉത്തരവാദിത്വം ഉള്ളതുപോലെതന്നെ ഭാവി രാഷ്ട്രീയത്തിൽ മുന്നോട്ടുപോകാൻ പ്രതിപക്ഷത്തിനും ജനങ്ങളോടൊപ്പം ചേർന്നുനിൽക്കുന്ന നിലപാടുകളും ആയി ജനകീയ കോടതികളിലേക്ക് കടന്നു വരാനുള്ള ഉത്തരവാദിത്വവുമുണ്ട്. ബീഹാർ തെരഞ്ഞെടുപ്പ് ഫലം ഭരണ-പ്രതിപക്ഷം പഠനത്തിന് വിധേയമാക്കുമോ? അങ്ങനെ കരുതുക മാത്രമാണ് മുന്നിലുള്ള വഴി. ബീഹാറിന് പിന്നാലെ പശ്ചിമബംഗാളിലേക്കും കേരളത്തിലേക്കുമാണ് വരവെന്ന് ബി.ജെ.പി നേതാക്കൾ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ, കനത്ത പ്രഹരമേറ്റ, തെരഞ്ഞെടുപ്പ് അജണ്ടകൾ പരാജയപ്പെട്ട ഇന്ത്യാസഖ്യം ഇക്കാര്യത്തിൽ തുടർ നടപടികൾ എന്തെന്ന് ഇനിയും പറഞ്ഞിട്ടില്ല. കുറഞ്ഞ പക്ഷം, പരാജയ കാരണങ്ങൾ ഏറ്റവും വേഗത്തിൽ പരിശോധിച്ച് തിരുത്തുമെന്ന വെറും വാചകം പോലും ഉണ്ടായിട്ടില്ലെന്നത് പ്രതീക്ഷയർപ്പിക്കുന്ന ജനങ്ങളെ അപഹസിക്കുകയാണ്. ആരോപണങ്ങൾക്കപ്പുറം, ജനങ്ങൾക്കൊപ്പം നിന്നുള്ള പ്രായോഗികതയെ അറിയണം. അത് ജനങ്ങളെ അറിയൽ കൂടിയാണ്. വർത്തമാനകാല രാഷ്ട്രീയം അറിയാതെ പോകുന്നതും ജനങ്ങളെയാണെന്ന് ബീഹാർഫലം ഓർമിപ്പിക്കുന്നു.

You may also like