ഡൽഹി:(Delhi)ഡൽഹി സ്ഫോടനക്കേസിൽ രണ്ട് ഡോക്ടർമാർ കൂടി കസ്റ്റഡിയിൽ. ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ ആണ് രണ്ട് ഡോക്ടർമാരെ കസ്റ്റഡിയിലെടുത്തത്. രണ്ടുപേരും അൽ- ഫലായിൽ നിന്നുള്ള ഡോക്ടർമാരാണ്. സ്ഫോടനം നടന്ന ദിവസം ഈ ഡോക്ടർമാരിൽ ഒരാൾ ഡൽഹിയിൽ ഉണ്ടായിരുന്നതായും വിവരം.
ഡൽഹി ചെങ്കോട്ട സ്ഫോടന കേസിൽ അൽ-ഫലാ യൂണിവേഴ്സിറ്റിയുടെ അംഗത്വം അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിസ് സസ്പെൻഡ് ചെയ്തിരുന്നു. സ്ഫോടനത്തിന് പിന്നാലെ അൽ-ഫലാ യൂണിവേഴ്സിറ്റിയിൽ നിന്ന് നിരവധി പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. തെറ്റായ വിവരങ്ങൾ നൽകിയെന്ന് കാട്ടി അൽ ഫലാ സർവകലാശയ്ക്ക് നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ബുധനാഴ്ച കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
വൈറ്റ് കോളർ ഭീകര സംഘവും ജൈഷേ മുഹമ്മദ് ഭീകര സംഘടനയും തമ്മിലുള്ള പ്രധാന കണ്ണി നിലവിൽ ദുബായിൽ ഉള്ള മുസാഫിർ റാത്തർ എന്ന് കണ്ടെത്തിയിരുന്നു. ഇയാൾ പാകിസ്താൻ സന്ദർശിച്ചിട്ടുണ്ട് എന്നും രണ്ടുമാസം മുമ്പാണ് ദുബായിലേക്ക് പോയതെന്നും സ്ഥിരീകരിക്കുകയാണ് അന്വേഷണസംഘം.
സ്ഫോടനത്തിന് ഉപയോഗിച്ച അസംസ്കൃത വസ്തുക്കൾ വാങ്ങിയ കടകൾ അന്വേഷണ സംഘം കണ്ടെത്തി. പൽവാൾ, ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളിലെ കടകളിൽ നിന്നാണ് സാമഗ്രികൾ വാങ്ങിയതെന്ന് കണ്ടെത്തി. വിതരണക്കാർക്ക് കുറ്റവാളികളുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ കട ഉടമകളെ ചോദ്യം ചെയ്യുകയാണ് അന്വേഷണസംഘം.
Highlights : Delhi blast case: Two more doctors taken into custody