Saturday, December 6, 2025
E-Paper
Home Keralaവനത്തിനുള്ളിലെ ഉന്നതിയിൽ ക്ഷയരോഗ ബോധവത്കരണത്തിനെത്തിയ ആരോഗ്യപ്രവർത്തകർ; കണ്ടെത്തി സഹായിച്ചപ്പോൾ അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും രക്ഷ

വനത്തിനുള്ളിലെ ഉന്നതിയിൽ ക്ഷയരോഗ ബോധവത്കരണത്തിനെത്തിയ ആരോഗ്യപ്രവർത്തകർ; കണ്ടെത്തി സഹായിച്ചപ്പോൾ അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും രക്ഷ

by news_desk2
0 comments

ഇടുക്കി:(Idukki) ഇടമലക്കുടിയില്‍ ഗര്‍ഭിണിയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 18 കിലോമീറ്റര്‍ വനത്തിനുള്ളിലെ ഇടമലക്കുടി ഉന്നതിയില്‍ നിന്നും ഗര്‍ഭിണിയെ ആംബുലന്‍സില്‍ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചാണ് പ്രസവം സുരക്ഷിതമാക്കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. മാതൃകാപരമായ സേവനം നടത്തിയ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ക്ഷയരോഗ ബോധവത്കരണവുമായി ബന്ധപ്പെട്ട് ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ തങ്ങിയ ആരോഗ്യ പ്രവര്‍ത്തകരാണ് രക്ഷകരായത്. തൊടുപുഴ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലെ ഡോ. എസ്. ഡി. അയ്യപ്പദാസ്, ഇടമലക്കുടി മെഡിക്കല്‍ ഓഫീസര്‍ ഡോ. സഖില്‍ രവീന്ദ്രന്‍, നഴ്‌സിങ് ഓഫീസര്‍ വെങ്കിടേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ സംഘമാണ് എട്ടുമാസം ഗര്‍ഭിണിയായ സ്ത്രീക്ക് അടിയന്തര പരിചരണം നല്‍കിയത്.

നവംബര്‍ 12 അര്‍ധരാത്രിയോടെയാണ് യുവതിയ്ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടത്. രാത്രി 2 മണിയോടെ ഉന്നതയില്‍ നിന്ന് ബന്ധുക്കള്‍ ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ഗര്‍ഭിണിയായ യുവതിക്ക് ശക്തമായ നടുവേദനയാണെന്ന് അറിയിച്ചു. ഉടന്‍ തന്നെ മെഡിക്കല്‍ സംഘം ഉന്നതിയിലെ വീട്ടിലെത്തി യുവതിയെ പരിശോധിച്ചു. പരിശോധനയില്‍ പ്രസവ വേദനയാകാം എന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് അടിയന്തിരമായി ആംബുലന്‍സ് എത്തിച്ച് തുടര്‍ ചികിത്സയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

ആശുപത്രിയിലെ പരിശോധനയില്‍ പ്രസവവേദനയാണെന്ന് സ്ഥിരീകരിച്ചു. വിദഗ്ധ പരിചരണം ഉറപ്പാക്കി കുഞ്ഞിന്റെ ശ്വാസകോശത്തിന്റെ വികാസത്തിന് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ നല്‍കി. വ്യാഴാഴ്ച ഉച്ചക്ക് 12:30 മണിക്ക് യുവതി 2.5 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നല്‍കി. താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ഡോ. സോളി പി മാത്യുവിന്റെ നേതൃത്വത്തില്‍ നഴ്‌സിംഗ് ഓഫീസര്‍ ജി. മീനാകുമാരി, നഴ്‌സിംഗ് അസിസ്റ്റന്റ് ഫ്‌ളൈമി വര്‍ഗീസ്, ഗ്രേഡ് 2 അറ്റന്‍ഡര്‍ മിനിമോള്‍ പി.ജി എന്നിവര്‍ ഉള്‍പ്പെട്ട സംഘം പ്രസവ ചികിത്സയ്ക്ക് നേതൃത്വം നല്‍കി.

പ്രഥമശുശ്രൂഷ നല്‍കി കൃത്യസമയത്ത് ആംബുലന്‍സില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കിയതിനാലാണ് കുട്ടിയുടെയും അമ്മയുടെയും ജീവന്‍ ഒരുപോലെ രക്ഷിക്കാന്‍ സാധിച്ചത്.

Highlights:Health workers rescue mother and infant during forest TB outreach

You may also like