Saturday, December 6, 2025
E-Paper
Home Keralaഅരൂര്‍-തുറവൂര്‍ ഉയരപ്പാതയുടെ ഗർഡർ തകർന്നു വീണു;പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം,മൃതദേഹം പുറത്തെടുത്തു

അരൂര്‍-തുറവൂര്‍ ഉയരപ്പാതയുടെ ഗർഡർ തകർന്നു വീണു;പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം,മൃതദേഹം പുറത്തെടുത്തു

by news_desk2
0 comments

ആലപ്പുഴ:(Alappuzha) അരൂരില്‍ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ് അപകടം. ഗര്‍ഡറിനടിയില്‍ കുടുങ്ങിയ പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. ഡ്രൈവര്‍ ഭാഗത്തിന് മുകളിലേക്ക് തകര്‍ന്നുവീണതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന എരമല്ലൂര്‍ തെക്കുഭാഗത്ത് ഗര്‍ഡറുകള്‍ സ്ഥാപിക്കുമ്പോള്‍ ജാക്കിയില്‍ നിന്ന് തെന്നിമാറി കോണ്‍ഗ്രീറ്റ് ഗര്‍ഡറുകള്‍ നിലം പതിച്ചാണ് അപകടമുണ്ടായത്.

ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് അപകടത്തില്‍ മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്. ഗര്‍ഡറിന്റെ ഒരു ഭാഗം ക്രെയിനുകള്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് വാഹനം പുറത്തെടുത്തത്. സംഭവത്തിന് പിന്നാലെ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗര്‍ഡര്‍ ഉയര്‍ത്തിയാല്‍ മാത്രമേ മറ്റ് വാഹനമോ ആളുകളോ ഉണ്ടോയെന്ന് അറിയാന്‍ സാധിക്കുകയുള്ളുവെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. രണ്ട് ക്രെയിനുകളെത്തിയാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. നേരത്തെയും ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡര്‍ തകര്‍ന്നിരുന്നു. ഓഗസ്റ്റിലും മാര്‍ച്ചിലുമായിരുന്നു ഗര്‍ഡര്‍ തകര്‍ന്നത്.

ഗര്‍ഡര്‍ തെന്നിമാറിയതാണ് അപകട കാരണമെന്ന് തൊഴിലാളികള്‍ അറിയിച്ചതായി എംഎല്‍എ അറിയിച്ചു. നിലവില്‍ ആലപ്പുഴയില്‍ നിന്ന് എറണാകുളത്ത് വാഹനങ്ങള്‍ വിടുന്നില്ല. ചേര്‍ത്തല എക്‌സറെ ജങ്ഷനില്‍ നിന്ന് വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്. ആലപ്പുഴ ഭാഗത്തേക്ക് അരൂക്കുറ്റി വഴി തിരിഞ്ഞുപോകാനാണ് നിര്‍ദേശം.

Highlights: Alappuzha girders collapse one driver died

You may also like