Saturday, December 6, 2025
E-Paper
Home Editorialഉപ്പ് തിന്നവർ വെള്ളം കുടിച്ചേ മതിയാകൂ

ഉപ്പ് തിന്നവർ വെള്ളം കുടിച്ചേ മതിയാകൂ

by news_desk
0 comments


രാജ്യം ഉറ്റു നോക്കുന്ന ശബരിമല സ്വർണ്ണ അഴിമതി കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എൻ വാസു അറസ്റ്റിലായതോടെ വമ്പൻ സ്രാവുകളുടെ ഇടപെടൽ കൊള്ളയിൽ ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തമാണ്. 2019 ൽ ശബരിമല സ്വർണ്ണക്കൊള്ളയുടെ തുടക്കകാലത്ത് ദേവസ്വം കമ്മീഷണർ ആയിരുന്ന വാസു ഏഴു മാസങ്ങൾക്ക് ശേഷം ദേവസ്വം പ്രസിഡണ്ടായി നിയമിതനായതോടെ തട്ടിപ്പിന്റെ ജാലകം കൂടുതൽ വിശാലമാക്കുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അഴിമതി ഇടപാടുകളിൽ വാസുവിന്റെ പങ്ക് വ്യക്തമാക്കുന്ന നിർണായകമായ രേഖകൾ ഉണ്ടായിട്ടും അപ്പോഴെല്ലാം ഉദ്യോഗസ്ഥരുടെ ഭാഗത്താണ് തെറ്റ് എന്ന് പറഞ്ഞ് പഴിചാരാനായിരുന്നു ശ്രമം നടത്തിയത്.
ഉദ്യോഗസ്ഥർ തന്നെ വാസുവിനെതിരെ വ്യക്തമായ മൊഴിയും രേഖകളും അന്വേഷണസംഘത്തിന് മുന്നിൽ സമർപ്പിച്ചതോടെയാണ് ഒടുവിൽ അറസ്റ്റിൽ ആയത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ ജനസമൂഹത്തിന് ഒന്നടങ്കം ഇതിൽ സത്യം തെളിയുമെന്നുള്ള പ്രത്യാശയുണ്ട്. ഇനി ആര് എന്ന ചോദ്യമാണ് ബാക്കി. വാസുവിന്റെ അറസ്റ്റ് അനന്തരം അടുത്തതാരാണ് എന്ന ഹൈക്കോടതിയിൽ ഉടൻതന്നെ അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കേണ്ടതായിട്ടുണ്ട്. 2019ലെ ദേവസ്വം ബോർഡ് പ്രസിഡണ്ട് ആയിരുന്ന വാസു പ്രതിയായതോടുകൂടി തുറന്ന ദേവസ്വം പ്രസിഡണ്ട് ആയിരുന്ന എ പത്മകുമാറിലേക്കും സംശയത്തിന്റെയും ദുരൂഹതയുടെയും വഴികൾ നീളുന്നുണ്ട്. ചോദ്യം ചെയ്യാനായി അന്വേഷണസംഘം എത്തിയതോടെ വ്യക്തിപരമായ സൗകര്യങ്ങൾ ചൂണ്ടിക്കാട്ടി സാവകാശം തേടിയിരിക്കുകയാണ് ഇപ്പോൾ പത്മകുമാർ. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടികൾ സ്വീകരിക്കുമെന്നും ആരെയും സംരക്ഷിക്കില്ല എന്നും പാർട്ടിയും സർക്കാരും മുഖ്യമന്ത്രിയും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഇത് എത്രമാത്രമെന്ന് കണ്ടറിയേണ്ടതുണ്ട്. ഇടതു രാഷ്ട്രീയത്തിലെ രണ്ട് പ്രധാനപ്പെട്ട നേതാക്കൾക്ക് സ്വർണ്ണക്കൊള്ളയിൽ വഴിവിട്ട രീതിയിൽ ഇടപെട്ടിട്ടുണ്ടെന്ന കണ്ടെത്തൽ നിർണായകമായ തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മിനെ തെല്ലൊന്നുമല്ല പ്രതിരോധത്തിലാക്കുന്നത്. ദേവസ്വം ബോർഡിലെ ഉന്നതർക്കടക്കം കൊള്ളയിൽ പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ പത്മകുമാറിന്റെ മൊഴിയെടുപ്പിന് ഏറെ പ്രാധാന്യമുണ്ട്. കട്ടിളപ്പാളിയിൽ സ്വർണ്ണം ചെമ്പാക്കിയത് വാസു പ്രസിഡണ്ട് ആയിരുന്ന കാലത്താണ് എന്ന റിമോട്ട് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ദേവസ്വം കമ്മീഷണർ ആയിരുന്ന കാലത്ത് ശബരിമലയിലെ സ്വർണപ്പാടുകൾ സ്വർണം പൂശാൻ എന്ന പേരിൽ ഇളക്കിയെടുത്ത് സംസ്ഥാനത്തിന് പുറത്തേക്ക് കടത്തി തട്ടിപ്പ് നടത്താനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇത് കൈമാറാൻ 2019 ഫെബ്രുവരി 16ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാർ വാസുവിന് നൽകിയ കത്തിൽ കട്ടിള പൊതിഞ്ഞുള്ള ചെമ്പ് അതായത് മുൻപ് സ്വർണം പൂശിയിട്ടുള്ളത് എന്നായിരുന്നു രേഖപ്പെടുത്തിയത്, പക്ഷേ വാസു അനുവദിക്കായി ദേവസ്വം ബോർഡിന് നൽകിയ കത്തിൽ സ്വർണ്ണം പൂശിയത് എന്ന് ഒഴിവാക്കി ചെമ്പു പാളി എന്ന് മാത്രമായി എഴുതിച്ചേർത്തു. ഈ തിരുത്ത് തന്നെയാണ്  വാസുവിന് വിനയായത്. ഇത് താനല്ല തന്റെ ഓഫീസില്‍ രണ്ട് ഓഫീസർമാരാണ് തയ്യാറാക്കിയത് എന്നായിരുന്നു വാസുവിന്റെ വാദം,എന്നാൽ അത് ഉദ്യോഗസ്ഥർ തന്നെ രേഖകൾ സഹിതം പൊളിച്ചു.  2019 നവംബറിൽ വാസു ദേവസ്വം ബോർഡിൻ്റെ അധ്യക്ഷനായതിനു ശേഷം ഡിസംബർ 9ന് ഉണ്ണികൃഷ്ണൻകുട്ടി സന്ദേശത്തിലൂടെ ദ്വാരപാലക ശിൽപങ്ങളിലും  ശ്രീകോവിലിലെ വാതിലിലും സ്വർണം പൂശിയ ശേഷം ബാക്കിയായത്  ദേവസ്വം ബോർഡിന്റെ പേരിൽ  പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് നൽകുന്നത് അഭിപ്രായം ചോദിച്ചിരുന്നു. സ്വകാര്യ വ്യക്തി ശബരിമല ക്ഷേത്രത്തിന് സംബന്ധിച്ച് ഇത്തരത്തിൽ ഒരു ഇമെയിൽ അയച്ചിട്ടും,ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരുന്നുകൊണ്ട് പുലർത്തേണ്ട  ജാഗ്രത വാസു പ്രകടിപ്പിച്ചില്ല എന്ന വ്യക്തമാണ്.
താൽക്കാലിക നടപടി എന്ന നിലയിൽ മുഖ രക്ഷിക്കാൻ തിരുവാഭരണം കമ്മീഷണറുടെയും ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെയും റിപ്പോർട്ട് തേടി തല്ലാതെ ഗൗരവപ്പെട്ട നടപടികളിലേക്ക് ഒന്നും കടന്നില്ല. കൃത്യമായ ഗൂഢാലോചനയും സംരക്ഷണവും ഇല്ലാതെ ദേവസ്വം ബോർഡ് പ്രസിഡന്റ് കസേരയിലിരുന്ന് ഇത്തരമൊരു പ്രവൃത്തി ചെയ്യാൻ ആർക്കും ധൈര്യമുണ്ടാവില്ല. ദേവസ്വം ബോർഡിനും സർക്കാരിലും അമിതാധികാരങ്ങൾ ഉണ്ടായിരുന്ന വാസു അറസ്റ്റിലാക്കപ്പെടുമ്പോൾ ഇനിയും തെളിയാൻ പലതും ബാക്കിയുണ്ടെന്ന് വ്യക്തമാണ്.

You may also like