ഇസ്ലാമാബാദ്:(Islamabad) പാകിസ്താനിലെ ചാവേറാക്രമണത്തില്‍ ഇന്ത്യയെയും കുറ്റപ്പെടുത്തി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യന്‍ ഭരണകൂട ഭീകരതയുടെ ഏറ്റവും മോശം ഉദാഹരണമാണിതെന്ന് ഷെഹ്ബാസ് ശരീഫ് പറഞ്ഞു. യാതൊരു തെളിവുകളുമില്ലാതെയായിരുന്നു ഷെഹ്ബാസ് ഷെരീഫിന്‍റെ ആരോപണം. ഇന്ത്യയുടെ ഹീനമായ ഗൂഢാലോചനയെ ലോകം അപലപിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ ചാവേറാക്രമണത്തില്‍ അഫ്ഗാനിസ്ഥാനെയാണ് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് കുറ്റപ്പെടുത്തിയത്. രാജ്യം ഒരു യുദ്ധാവസ്ഥയിലാണെന്ന് ഖവാജ ആസിഫ് പറഞ്ഞു. ആക്രമണത്തെ ഒരു ‘വേക്ക് -അപ്പ് കോള്‍’ എന്നാണ് ഖവാജ വിശേഷിപ്പിച്ചത്. ‘ഈ സാഹചര്യത്തില്‍ അഫ്ഗാനിലെ ഭരണാധികാരികളുമായുള്ള ചര്‍ച്ച വിജയിക്കുമെന്നത് വ്യര്‍ത്ഥമാണ്. പാകിസ്താന് പ്രതിരോധിക്കാനുള്ള ശക്തിയുണ്ട്’, എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം പാകിസ്താന്‍ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. ഫോറന്‍സിക് ടീമില്‍ നിന്നും റിപ്പോര്‍ട്ട് ലഭിക്കുന്നത് പ്രകാരം കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാമെന്ന് പൊലീസ് വക്താവ് അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് ഇസ്ലാമാബാദ് ജുഡീഷ്യല്‍ കോംപ്ലക്‌സിന് സമീപം സ്‌ഫോടനമുണ്ടായത്. കോംപ്ലക്‌സിന് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലാ കോടതി ആക്രമിക്കാന്‍ ചാവേറാക്രമണത്തിലൂടെ ശ്രമിച്ചെങ്കിലും കോടതിക്കുള്ളിലേക്ക് ഇവര്‍ക്ക് കടക്കാന്‍ സാധിച്ചില്ലെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി മുഹ്‌സിന്‍ നഖ്‌വി അറിയിച്ചു. ചാവേറാക്രമണം നടത്തിയയാളെ തിരിച്ചറിയുകയാണ് പ്രധാനമെന്നും പിന്നിലുള്ള എല്ലാവരെയും നിയമത്തിന് മുന്നിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാവേറാക്രമണത്തെ അപലപിച്ച് പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും രംഗത്തെത്തി.
Highlights: Pakistan PM blames India attack in Pakistan