Saturday, December 6, 2025
E-Paper
Home Nationalഡല്‍ഹിയിൽ പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചത് ജെയ്‌ഷെ ഭീകരന്‍ ഡോ. ഉമര്‍ മുഹമ്മദെന്ന് സംശയം; ചിത്രം പുറത്ത്

ഡല്‍ഹിയിൽ പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചത് ജെയ്‌ഷെ ഭീകരന്‍ ഡോ. ഉമര്‍ മുഹമ്മദെന്ന് സംശയം; ചിത്രം പുറത്ത്

by news_desk2
0 comments

ന്യൂഡൽഹി:(New Delhi) ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. ജെയ്‌ഷെ ഭീകരന്‍ ഡോ. ഉമര്‍ മുഹമ്മദിന്റെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നത. പുല്‍വാമ കോലി സ്വദേശിയായ ഉമര്‍ മുഹമ്മദ് ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. ആമിറിന്റെ പേരില്‍ കഴിഞ്ഞ മാസം വാങ്ങിയ കാറിനു മുഴുവന്‍ പണവും നല്‍കിയത് ഉമര്‍ മുഹമ്മദാണ്.

ശ്രീനഗറിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നിന്നാണ് ഇയാള്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ദിവസം റെയ്ഡ് സംബന്ധിച്ച വിവരം ലഭിച്ച ഉമര്‍ ഫരീദ ബാദില്‍ നിന്നും രക്ഷപ്പെട്ടെന്നാണ് സൂചന. ഫരീദാബാദില്‍ അറസ്റ്റിലായ ഡോ. മുസമിലിലുമായും ഡോ. ആദിലുമായും ഉമറിനു ബന്ധമുണ്ടെന്നാണ് വിവരം. ഡോക്ടേഴ്‌സ് പിടിയിലായതിന്റെ പരിഭ്രാന്തിയില്‍ ഉമര്‍ മുഹമ്മദ് പെട്ടെന്ന് ആസൂത്രണം ചെയ്ത ചാവേര്‍ സ്‌ഫോടനമാകാനുള്ള സാധ്യതയും അന്വേഷണ ഏജന്‍സികള്‍ തള്ളിക്കളയുന്നില്ല. ഉമര്‍ മുഹമ്മദിന്റെ ചിത്രം പുറത്തുവന്നു.

കാര്‍ ഓടിച്ചിരുന്നത് ഉമര്‍ ആണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. താരിഖ് എന്നയാളില്‍ നിന്നാണ് ഉമര്‍ കാര്‍ വാങ്ങിയതെന്നും സൂചനയുണ്ട്. കറുത്ത മാസ്‌കിട്ടയാള്‍ റെഡ് ഫോര്‍ട്ടിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

ഉമര്‍ മുഹമ്മദ്‌ന്റെ സഹോദരനെയും കുടുംബാംഗങ്ങളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കസ്റ്റഡിയിലുള്ളത്. സ്‌ഫോടനമുണ്ടായ സ്ഥലത്ത് നിന്ന് അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയതായി സൂചനയുണ്ട്.

സ്‌ഫോടനവുമായി ബന്ധപ്പെട്ട ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ ആദ്യ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് കിട്ടുന്നതോടെ കണ്ടെടുത്ത വസ്തുക്കളുടെ സ്വഭാവത്തെയും ഘടനയെയും കുറിച്ച് വ്യക്തത വരും. ഫരീദാബാദില്‍ നിന്ന് കണ്ടെടുത്ത സ്‌ഫോടകവസ്തുക്കളെക്കുറിച്ച് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഫരീദാബാദ് ക്രൈം ബ്രാഞ്ചില്‍ നിന്നും ജമ്മു കശ്മീര്‍ പൊലീസില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ട്.

ഇന്നലെ വൈകീട്ട് ഉണ്ടായ സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആറ് മൃതദേഹം തിരിച്ചറിഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗം അല്‍പസമയത്തിനകം ചേരുകയാണ്. അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയേക്കും. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം അതീവ ജാഗ്രതയിലാണ്.

Highlights : Delhi Blast: details of Omar Muhammad out now

You may also like