Saturday, December 6, 2025
E-Paper
Home Nationalസ്‌ഫോടനം നടക്കുമ്പോൾ കാറിൽ ഒരാൾ മാത്രം?; സ്ഥലത്ത് അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യമെന്ന് റിപ്പോർട്ട്

സ്‌ഫോടനം നടക്കുമ്പോൾ കാറിൽ ഒരാൾ മാത്രം?; സ്ഥലത്ത് അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യമെന്ന് റിപ്പോർട്ട്

by news_desk2
0 comments

ന്യൂഡൽഹി:(New Delhi) ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാറിൽ ഉണ്ടായിരുന്നത് ഒരാൾ മാത്രമെന്ന് നിഗമനം. നേരത്തെ മൂന്ന് പേരുണ്ടായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ പ്രദേശത്തുനിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ കാറിൽ ഒരാൾ മാത്രമേ ഉള്ളുവെന്ന് കണ്ടെത്തിയത്. തുടർന്നാണ് ഇതിൽ സ്ഥിരീകരണമുണ്ടായത്. കാർ ഓടിച്ചിരുന്നത് ഫരീദാബാദിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഡോ. ഉമർ മുഹമ്മദാണെന്നാണ് പൊലീസ് പറയുന്നത്.

കാർ പൊട്ടിത്തെറിച്ച സ്ഥലത്ത് സാധാരണഗതിയിൽ ബോംബ് സ്‌ഫോടനത്തിൽ സംഭവിക്കാറുള്ളതു പോലുള്ള വലിയ ഗർത്തങ്ങളോ പെല്ലറ്റുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ സ്‌ഫോടന സ്ഥലത്ത് അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് വിവരം. പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തൽ. കാറിലെ പൊട്ടിത്തെറി സിഎൻജി ടാങ്കിൽ നിന്നല്ലെന്ന സ്ഥിരീകരണത്തിലെത്തിയിട്ടുണ്ട്. കാറിലുണ്ടായിരുന്നത് ഡോ. ഉമർ മുഹമ്മദ് ആണെങ്കിൽ ഇയാൾ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്. ഇത് സ്ഥിരീകരിക്കാനായി ഡിഎൻഎ പരിശോധനയടക്കം നടത്താനാണ് നീക്കം.

ജനത്തിരക്കേറിയ വൈകുന്നേരം ഈ വാഹനം ആൾക്കൂട്ടങ്ങൾക്ക് ഇടയിലുണ്ടായിരുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്‌ഫോടനം നടന്നത് വൈകിട്ട് 6.52നാണ്. എന്നാൽ ഇതിന് മുൻപായി മൂന്ന് മണിക്കൂറോളം കാർ ചെങ്കോട്ടയ്ക്ക് സമീപം നിർത്തിയിട്ടിരുന്നു. കോട്ടയ്ക്ക് സമീപത്തെ സുനേരി മസ്ജിദിന് സമീപമായിരുന്നു വാഹനം പാർക്ക് ചെയ്തത്. വൈകിട്ട് 3.19ന് പാർക്കിങ്ങിൽ വാഹനം എത്തുന്നതും സ്‌ഫോടനത്തിന് മിനിട്ടുകൾക്ക് മുൻപായി 6.40 ന് തിരിച്ചുപോകുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. തുടക്കത്തിൽ കാർ ഓടിച്ചിരുന്ന വ്യക്തിയുടെ മുഖം കാണാനാകുന്നുണ്ടെങ്കിലും പിന്നീട് ഇയാൾ മാസ്‌ക് ധരിച്ച നിലയിലായിരുന്നു. HR26CE7674 എന്ന് നമ്പറിലുള്ള ഹ്യുണ്ടായ് ഐ 20 വാഹനമാണിത്. പാർക്കിങ്ങിലേക്ക് വാഹനം വരുമ്പോവും തിരിച്ച് പോകുമ്പോഴും വാഹനത്തിൽ ഇയാൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ ടോൾ പ്ലാസകളിൽനിന്നടക്കം നൂറോളം സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചിട്ടുള്ളത്.

പൊട്ടിത്തെറിച്ച കാറിന്റെ ഉടമസ്ഥാവകാശം പലതവണ മാറിയിട്ടുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. കാറിന്റെ യഥാർത്ഥ ഉടമ തിങ്കളാഴ്ച രാത്രിയിൽ അറസ്റ്റിലായ മുഹമ്മദ് സൽമാൻ ആണ്. ഇയാൾ കാർ പിന്നീട് ഓഖ്ല സ്വദേശി ദേവേന്ദ്രയ്ക്ക് കൈമാറി. 2025 മാർച്ചിലായിരുന്നു ഇത്. ദേവേന്ദ്രയിൽ നിന്ന് കാർ പിന്നീട് ഹരിയാന സ്വദേശി നദീമിലേക്ക് എത്തി. നദീം ഫരീദാബാദിലെ റോയൽ കാർ സോൺ എന്ന യൂസ്ഡ് കാർ ഡീലർ സ്ഥാപനത്തിന് വിറ്റു. ഈ സ്ഥാപനത്തിൽ നിന്നാണ് പുൽവാമ സ്വദേശിയായ താരിഖ് കാർ വാങ്ങിയത്. ഇത് പിന്നീട് പുൽവാമ സ്വദേശി തന്നെയായ ഡോ. ഉമർ മുഹമ്മദിലേക്ക് എത്തുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ട് മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിയാനായിട്ടുള്ളത്. ആറെണ്ണം ഇനിയും തിരിച്ചറിയേണ്ടതുണ്ട്. ഇതിനായി ഡിഎൻഎ പരിശോധനയടക്കം നടത്തും. ഇന്നലെ വൈകിട്ട് 6.52നായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം കാറില്‍ സ്‌ഫോടനം നടന്നത്. തൊട്ടുപിന്നാലെ മറ്റൊരു സ്‌ഫോടനം കൂടി നടന്നു. 6.55 ഫയര്‍ അലാം ഓണ്‍ ആകുകയും ഏഴ് മണിയോടെ പൊലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. പിന്നാലെ ഏഴ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. 7.10 ഓടെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി. 7.15 ഓടെ ആദ്യ മരണം സ്ഥിരീകരിച്ചു. ഏഴരയോടെ തീ നിയന്ത്രണവിധേയമാക്കി. ഇന്നലെ എട്ട് പേരുടെ മരണമായിരുന്നു സ്ഥിരീകരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരാള്‍ കൂടി മരിച്ചു. മുപ്പതോളം പേര്‍ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് യുഎപിഎ ചുമത്തി കേസ് എടുത്തിട്ടുണ്ട്.

Highlights: red fort incident; there was only one person in the car

You may also like