ന്യൂഡല്‍ഹി:(New Delhi) ചെങ്കോട്ട സ്ഫോടനത്തില്‍ നടുങ്ങി രാജ്യം. നടന്നത് ചാവേര്‍ ആക്രമണമാണെന്നാണ് നിഗമനം. ഭീകരാക്രമണം തന്നെയാണെന്ന് ഉറപ്പിക്കുകയാണ് അന്വേഷണ സംഘം. സംഭവത്തിൽ ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്. കാറിലുണ്ടായിരുന്ന മൂന്ന് പേരും ചാവേറുകളാണെന്നാണ് നിഗമനം.
സ്ഫോടനത്തല്‍ ജെയ്ഷെ ഭീകരന് ഉമര്‍ മുഹമ്മദിന്റെ ബന്ധം പരിശോധിക്കുന്നുണ്ട്. ഹരിയാനയില്‍ നിന്ന് ഹ്യുണ്ടായ് ഐ20 കാര്‍ വാങ്ങിയ പുല്‍വാമ സ്വദേശിയായ താരിഖിനായി തെരച്ചില്‍ നടക്കുകയാണ്. ആഴ്ചകള്‍ക്ക് മുമ്പാണ് ഇയാള്‍ കാര്‍ വാങ്ങിയത്. കാര്‍ ഡല്‍ഹിയില്‍ പലയിടങ്ങളിലും ചുറ്റിക്കറങ്ങിയിരുന്നു. സ്ഫോടക വസ്തു നിറച്ച് യാത്ര ചെയ്തെന്നാണ് നിഗമനം. മൂന്ന് മണിക്കൂര്‍ കാര്‍ ചെങ്കോട്ടക്ക് സമീപം പാര്‍ക്ക് ചെയ്തു. സുനേരി മസ്ജിദ്, ദരിയാഗഞ്ച് എന്നിവിടങ്ങളിലും കാറെത്തി. സിസിടിവി കേന്ദ്രീകരിച്ച് ആന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച ചെങ്കോട്ടയ്ക്ക് സമീപം വൈകുന്നേരം 6.52നാണ് കാറില്‍ സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ ഒമ്പത് പേര് മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഭീകരവിരുദ്ധ സ്ക്വാഡും ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്ലും സ്ഥലത്തുണ്ട്
ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് 3,000 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ ജമ്മു കശ്മീര്‍ പൊലീസ് കണ്ടെടുത്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്ഫോടനം ഉണ്ടായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ജമ്മു കശ്മീര്‍ സ്വദേശിയായ ഡോ. ആദില്‍ റാത്തറില്‍ നിന്ന് മാരകമായ ബോംബാക്കി മാറ്റാന്‍ കഴിയുന്ന 350 കിലോഗ്രാം അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. സ്ഫോടനത്തിന് പിന്നാലെ രാജ്യം അതീവ ജാഗ്രതയിലാണ്..
Highlights:police exploring all possibilities after Delhi explosion kills nine