Saturday, December 6, 2025
E-Paper
Home Editorialനാം പിന്നോട്ട് നടക്കുന്നോ?

നാം പിന്നോട്ട് നടക്കുന്നോ?

by news_desk
0 comments

എല്ലാ സാമൂഹ്യ അനാചാരങ്ങളെയും ചെറുത്ത് തോൽപ്പിച്ച് മുന്നേറിയ കേരളം, ഇന്ന് പിറകോട്ട് നടക്കുകയാണെന്ന് സംശയിക്കുന്നു. വർത്തമാനകാല അനുഭവങ്ങൾ ഇക്കാര്യങ്ങളെ കൂടുതൽ സാധൂകരിക്കുന്നുണ്ട്. ആധുനിക യുഗത്തിലാണ് ജീവിക്കുന്നതെന്ന് അവകാശപ്പെടുമ്പോഴും പുതിയ തലമുറയും മനുഷ്യ വംശവും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പിന്നാലെ നടക്കുകയാണ്. ഇരുണ്ടതും പ്രാകൃതവും ആയ മന്ത്രവാദങ്ങളും ആഭിചാരക്രിയകളും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സുലഭമായി നവോത്ഥാന കേരളത്തിൻറെ മടിത്തട്ടിൽ അരങ്ങേറുന്നു എന്നുള്ളത് പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന മെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഒരുപോലെ അപമാനകരമാണ്. കാലം മാറിയിട്ടും കാഴ്ചപ്പാടുകളിൽ മാറ്റം വരുത്താൻ ഇന്നലെകളിലെ ശീലങ്ങൾ മനുഷ്യരെ തളച്ചിടുന്നുണ്ട്. താൽക്കാലികമായ ലാഭത്തിനുവേണ്ടി ചെയ്തുകൂട്ടുന്നതിൽ മനുഷ്യൻ വല്ലാത്തൊരു ലഹരി കണ്ടെത്തിയിരിക്കുന്നു, തൽഫലമായി അവരിൽ ക്രിമിനലിസം മുളപൊട്ടി പുറത്തുവരികയാണ്. ഉന്നതമായ സ്ഥാനങ്ങൾക്ക് വേണ്ടി അമിതമായ സമ്പത്തിനായി സ്വന്തം രക്തത്തെ പോലും മറന്ന് ജീവൻ അപഹരിക്കാൻ യാതൊരു മടിയും ഇല്ലാതെ ഇറങ്ങിപ്പുറപ്പെടുകയാണ്. സംസ്ഥാനത്ത് ഈയടുത്തകാലത്ത് ഉണ്ടായിട്ടുള്ള കുറ്റകൃത്യങ്ങളിൽ ഏറെയും ഇത്തരം അന്ധവിശ്വാസങ്ങളുടെ പിറകെ പോയതുകൊണ്ട് സംഭവിച്ചവയാണ്, അല്ലെങ്കിൽ അതിന്റെ പ്രേരണയാൽ ഉണ്ടായതാണ്. പെൺകുട്ടികളാണ് ഏറ്റവും കൂടുതൽ മന്ത്രവാദത്തിന് അന്ധവിശ്വാസത്തിനും ഇരകളായി മാറുന്നത്. വിദ്യാസമ്പന്നരായ തലമുറ എങ്ങനെയാണ് ഈ വിപത്തിലേക്ക് ചെന്ന് ചാടുന്നതെന്ന് സമൂഹം ആശങ്കയോട് കൂടിയാണ് നോക്കിക്കാണുന്നത്. സമീപകാലത്ത് ഉണ്ടായിട്ടുള്ള അനിയന്ത്രിതമായ ലഹരിയുടെ ഉപയോഗം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇതിലേക്കുള്ള വഴിമരുന്നായി മാറിയിട്ടുണ്ട്. കഴിഞ്ഞദിവസം കോട്ടയം തിരുവഞ്ചൂരിൽ ആഭിചാരക്രിയയ്ക്ക് വിധേയമാകേണ്ടിവന്ന യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരവും പൈശാചികവുമായ മർദ്ദനവും പീഡനവും ആണ്. അവർക്ക് ബാധ കേറി എന്ന് പറഞ്ഞ് ഭർത്താവും വീട്ടുകാരും ചേർന്ന് മർദ്ദിക്കുകയും പൊള്ളൽ ഏൽപ്പിക്കുകയും ആയിരുന്നുവത്രേ. കാലങ്ങൾക്കു മുമ്പേ പഴയ തലമുറ സാമാന്യ യുക്തിക്ക് നിരക്കാത്ത ബ്ലാക്ക് മാജിക്കിനെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഇന്നതെല്ലാം ചെയ്യുന്നത് പുതിയ തലമുറ ആണെന്നുള്ളത് അപകടകരമായ വസ്തുതയും കാഴ്ചയുമാണ്. ഇപ്പോഴും പച്ചക്ക് പറഞ്ഞാൽ തോന്നിവാസം എന്ന് വിളിക്കാവുന്ന പ്രവർത്തികൾക്ക് പിറകിൽ മനുഷ്യരോടുന്നു എന്നുള്ളതാണ് ഈ നാടിൻറെ തകർച്ചയ്ക്ക് കാരണമാകുക. അന്ധവിശ്വാസ നിരോധന ബിൽ പരാജയപ്പെട്ട നാടാണ് കേരളം. ആദർശവും പുരോഗമനവും വെറും വാക്കുകളല്ലെന്നും അതിന് അതിന്റേതായ അർത്ഥവും ആഴവും ഉണ്ടെന്നും തലമുറകൾ എന്നാണ് തിരിച്ചറിയുക.

You may also like