Saturday, December 6, 2025
E-Paper
Home Keralaലക്ഷം പേരെ ലക്ഷ്യമിട്ട് സാമൂഹ്യ സുരക്ഷാ പദ്ധതി; വെറും ₹250 മുടക്കി ₹2 ലക്ഷം ഇൻഷുറൻസ് :നവീന പദ്ധതിയുമായി ഐഎംഎ കേരള ഘടകം

ലക്ഷം പേരെ ലക്ഷ്യമിട്ട് സാമൂഹ്യ സുരക്ഷാ പദ്ധതി; വെറും ₹250 മുടക്കി ₹2 ലക്ഷം ഇൻഷുറൻസ് :നവീന പദ്ധതിയുമായി ഐഎംഎ കേരള ഘടകം

by news_desk2
0 comments

തിരുവനന്തപുരം:(Thiruvananthapuram) സംസ്ഥാനത്ത് റോഡപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുകൊണ്ട് പൊതുജനങ്ങൾക്കായി ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. 250 രൂപ മുടക്കിയാൽ രണ്ട് ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും ഇരുചക്ര വാഹന യാത്രികരെയും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. അപകടത്തിൽ പരിക്കേറ്റാൽ 2 ലക്ഷം രൂപ വരെ പരമാവധി ചികിത്സാ ചെലവും മരണമോ സ്ഥിരമായ അംഗവൈകല്യമോ സംഭവിച്ചാൽ രണ്ട് ലക്ഷം രൂപയും ലഭിക്കുന്നതാണ് പദ്ധതി. ഓരോ ജില്ലയിലും അഞ്ച് വരെ ആശുപത്രികളെ പങ്കാളികളാക്കി കൊണ്ട് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി സഹകരിച്ചാണ് ഐഎംഎ ഈ പദ്ധതി നടപ്പാക്കുന്നത്.

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ രാസ്‌താ ആപതി കവച് – റോഡ് സേഫ്റ്റി ഇൻഷുറൻസ് എന്ന പദ്ധതിയാണ് ഐഎംഎ ഏറ്റെടുത്ത് നടപ്പാക്കുന്നത്. 18 വയസ് മുതൽ 70 വയസ് വരെ പ്രായമുള്ളവർക്ക് വേണ്ടിയുള്ള പദ്ധതിയാണിത്. ഈ പദ്ധതിയിൽ അംഗങ്ങളാകാൻ സാധാരണ 320 രൂപയാണ് പ്രീമിയം തുക. എന്നാൽ ഐഎംഎ നടപ്പാക്കുന്ന പദ്ധതിയിൽ 250 രൂപയാണ് ഗുണഭോക്താവ് നൽകേണ്ട പ്രീമിയം തുക. ഐഎംഎ 50 രൂപയും ഓരോ ജില്ലയിലും പങ്കാളികളാകുന്ന ആശുപത്രി 20 രൂപയും പ്രീമിയം തുകയിലേക്ക് അടക്കും.

ഐഎംഎയുടെ ചാരിറ്റി പ്രോഗ്രാമിൽ നിന്നാണ് പദ്ധതിക്കുള്ള തുക കണ്ടെത്തുന്നത്. ആകെ ഒരു ലക്ഷം പേർക്കായി 50 ലക്ഷം രൂപ ഐഎംഎ ചെലവഴിക്കുമെന്ന് ഡ്രൈവ് സേഫ് പ്രൊജക്‌ട് ചെയർമാൻ ഡോ.ജോസഫ് മാണി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. പദ്ധതിയിൽ പങ്കാളികളാകുന്ന ആശുപത്രികൾ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. പദ്ധതി രണ്ടാഴ്ചക്കുള്ളിൽ നടപ്പാക്കി തുടങ്ങും.

പങ്കാളികളാകുന്ന ആശുപത്രികളിൽ ഇതിനായി ഹെൽപ് ഡെസ്കുകൾ തുറക്കും. ഇവിടെ നിന്ന് ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള അപേക്ഷ ലഭിക്കും. ഈ അപേക്ഷ പൂരിപ്പിച്ച് 250 രൂപ സഹിതം ഹെൽപ് ഡെസ്‌കിൽ തന്നെ നൽകണം. ഇവിടെ നിന്നും അപേക്ഷ ഐഎംഎയ്ക്ക് അയച്ചുകൊടുക്കും. ആശുപത്രിയുടെ വിഹിതവും ഗുണഭോക്താവിൻ്റെ വിഹിതവും ഐഎംഎയുടെ വിഹിതവും സഹിതം ഈ അപേക്ഷ പിന്നീട് ഇൻഷുറൻസ് കമ്പനിക്ക് നൽകും. ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ഗുണഭോക്താവിൻ്റെ ഇമെയിലിലേക്കും വാട്സ്ആപ്പിലേക്കും ഇൻഷുറൻസ് കാർഡും മറ്റ് രേഖകളും അയച്ചുകൊടുക്കും.

ഓരോ ജില്ലയിലും നാല് മുതൽ അഞ്ച് വരെ ആശുപത്രികളെ പദ്ധതിയുടെ ഭാഗമാക്കാനാണ് ഐഎംഎ ശ്രമിക്കുന്നത്. അപകടത്തിൽ പരിക്കേറ്റാൽ ഈ ആശുപത്രികളിൽ നിന്ന് ഇൻഷുറൻസ് പരിരക്ഷയോടെ ചികിത്സ നേടാം. മറ്റ് ആശുപത്രികളിൽ നിന്നാണ് ചികിത്സ തേടുന്നതെങ്കിൽ ചെലവാകുന്ന തുക പിന്നീട് ഇൻഷുറൻസ് കമ്പനിക്ക് രേഖകൾ കൈമാറി ക്ലെയിം ചെയ്യാനും സാധിക്കും. സംസ്ഥാനത്ത് റോഡപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതിയെന്ന് ഡോ.ജോസഫ് മാണി വിശദീകരിച്ചു. സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ പൊതുജനത്തെ ബോധവത്കരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Highlights:IMA Kerala Launches ₹250 Scheme Offering ₹2 Lakh Insurance

You may also like