Saturday, December 6, 2025
E-Paper
Home Internationalഷട്ട്ഡൗണ്‍ 37-ാം ദിവസത്തിലേക്ക്; ജീവനക്കാരില്ല, വെെകുകയോ റദ്ദാക്കുകയും ചെയ്തത് 5000ലേറെ വിമാന സർവ്വീസുകൾ

ഷട്ട്ഡൗണ്‍ 37-ാം ദിവസത്തിലേക്ക്; ജീവനക്കാരില്ല, വെെകുകയോ റദ്ദാക്കുകയും ചെയ്തത് 5000ലേറെ വിമാന സർവ്വീസുകൾ

by news_desk2
0 comments

വാഷിങ്ടണ്‍:(Washington) അമേരിക്കയില്‍ ഷട്ട് ഡൗണ്‍ 37-ാം ദിവസത്തിലേക്ക് കടക്കുന്നു. ഷട്ട് ഡൗണിന്റെ ഭാഗമായി അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചു. ഇതോടെ അമേരിക്കയില്‍ 5,000ത്തിലധികം വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ കൂട്ട അവധിയാണ് വിമാന സര്‍വീസുകള്‍ കുറയ്ക്കാനിടയാക്കിയത്.

ജീവനക്കാരുടെ കുറവ് മൂലമുണ്ടാകുന്ന പ്രതിസന്ധി അവസാനിപ്പിക്കാനാണ് 4% വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. അടുത്ത ആഴ്ച്ച ഇത് 10% ആയി ഉയര്‍ത്തിയേക്കാമെന്ന് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷൻ അറിയിച്ചു. അമേരിക്കയിലെ പ്രധാന വിമാനത്താവളങ്ങളായ ന്യൂയോര്‍ക്ക്, ലോസ് ഏഞ്ചല്‍സ്, ചിക്കാഗോ, വാഷിങ്ടണ്‍ ഡിസി എന്നിവയെ പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

രാജ്യത്തെ 40 വിമാനത്താവളങ്ങളിലാണ് വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചത്. ഇതില്‍ ഏറ്റവും തിരക്കേറിയ ചില വിമാനത്താവളങ്ങളും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം ആരംഭിച്ച ഷട്ട് ഡൗണിന്റെ പശ്ചാത്തലത്തില്‍ പല ജീവനക്കാരും അസുഖത്തിന്റെ പേരില്‍ അവധിയെടുക്കുകയും ചിലര്‍ ചെറിയ ജോലികള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതോടെ ജീവനക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായി. ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും ജോലി ഭാരം കുറയ്ക്കാനാണ് സര്‍വീസുകള്‍ വെട്ടിക്കുറച്ചതെന്ന് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അറിയിച്ചു.

ഒക്ടോബര്‍ ഒന്നിനായിരുന്നു അമേരിക്കയില്‍ അടച്ചുപൂട്ടല്‍ നടപ്പാക്കിക്കൊണ്ട് ഡോണള്‍ഡ് ട്രംപ് ഉത്തരവിറക്കിയത്. അടച്ചുപൂട്ടലിന് ശേഷം അത്യാവശ്യ സര്‍വീസുകള്‍ മാത്രമാണ് നടക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗണ്‍ എന്ന് വിശേഷിപ്പിക്കുന്നത്.1981 ന് ശേഷം അമേരിക്കയില്‍ നിലവില്‍ വന്ന പതിനഞ്ചാം ഷട്ട്ഡൗണ്‍ ആണിത്.

2018-19 വര്‍ഷത്തെ ഷട്ട്ഡൗണില്‍ 35 ദിവസത്തെ ഭരണസ്തംഭനമുണ്ടായിരുന്നു. ഫെഡറല്‍ സര്‍ക്കാരിന്റെ 12 വാര്‍ഷിക അപ്രോപ്രിയേഷന്‍ ബില്ലുകളാണ് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ടിംഗ് ഉറപ്പാക്കുന്നത്. ഇവ കോണ്‍ഗ്രസില്‍ പാസാകാതെയോ പാസാക്കിയ ബില്ലില്‍ പ്രസിഡന്റ് ഒപ്പിടാതെയോ വന്നാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ തടസ്സപ്പെടും.

നിലവില്‍ ആരോഗ്യ മേഖലയില്‍ നല്‍കി വരുന്ന ധനസഹായം സംബന്ധിച്ചാണ് ഡെമോക്രാറ്റിക്- റിപ്പബ്ലിക് പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്നത്. ഇതില്‍ ഒബാമ കെയറിന് നല്‍കുന്ന സബ്‌സിഡിയാണ് ട്രംപ് അടക്കമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരെ ചൊടിപ്പിച്ചത്. ഇത് ഈ നിലയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ സബ്‌സിഡി നിലനിര്‍ത്തണമെന്നാണ് ഡെമോക്രാറ്റ്‌സിന്റെ വാദം. ഈ നിലയില്‍ അല്ലെങ്കില്‍ സഹകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. വിഷയത്തില്‍ ചര്‍ച്ച തുടര്‍ന്നാലും സബ്‌സിഡി ഒഴിവാക്കിക്കൊണ്ട് ഒരു തീരുമാനത്തോട് സഹകരിക്കാന്‍ ഡെമോക്രാറ്റ്‌സ് തയ്യാറാകാനുള്ള സാധ്യത വിരളമാണ്.

Highlight: Thousands of US flights cancelled or delayed amid government shutdown cuts

You may also like