Saturday, December 6, 2025
E-Paper
Home Internationalയു എസ് പാസ്പോർട്ടിൽ ആണും പെണ്ണും മാത്രം, ട്രാന്‍സ്‌ജെന്‍ഡറുകൾക്ക് ഇടമില്ല; ട്രംപ് നയത്തിന് സുപ്രീംകോടതിയുടെ പച്ചക്കൊടി

യു എസ് പാസ്പോർട്ടിൽ ആണും പെണ്ണും മാത്രം, ട്രാന്‍സ്‌ജെന്‍ഡറുകൾക്ക് ഇടമില്ല; ട്രംപ് നയത്തിന് സുപ്രീംകോടതിയുടെ പച്ചക്കൊടി

by news_desk
0 comments

വാഷിങ്ടണ്‍(Washington): യുഎസ് പാസ്‌പോര്‍ട്ടുകളിലെ ലിംഗസൂചകം ‘പുരുഷന്‍’ എന്നോ ‘സ്ത്രീ’ എന്നോ മാത്രമായി പരിമിതപ്പെടുത്തണമെന്ന നയം നടപ്പിലാക്കാന്‍ യുഎസ് സുപ്രീംകോടതി അനുമതി നല്‍കി. ഇതുപ്രകാരം രാജ്യത്തെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അവരുടെ ലിംഗസ്വത്വം പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്താനാവില്ല. ട്രംപ് ഭരണകൂടം നിരന്തരമായി നടപ്പാക്കണമെന്ന് വാദിച്ച ഈ നയത്തിന് സുപ്രീംകോടതി പച്ചക്കൊടി കാട്ടുകയായിരുന്നു. വിധി യുഎസിലെ ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശങ്ങളെയും സുരക്ഷയേയുംകുറിച്ച് വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.

ലിംഗസ്വത്വത്തിനനുസരിച്ച് പുരുഷനെന്നോ സ്ത്രീയെന്നോ ‘X’ എന്നോ തിരഞ്ഞെടുക്കാന്‍ അപേക്ഷകരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കീഴ്‌ക്കോടതി രംഗത്തെത്തിയിരുന്നു. ഈ ഉത്തരവാണ് സുപ്രീംകോടതി തള്ളിക്കളഞ്ഞത്. അതേസമയം കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ ഈ വിധിയോട് വിയോജിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അപകടപ്പെടുത്താന്‍ ഈ വിധി വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാര്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്.

പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ എന്നിങ്ങനെ രണ്ട് ലിംഗഭേദങ്ങളെ മാത്രമേ അംഗീകരിക്കൂ എന്ന് കഴിഞ്ഞ ജനുവരിയില്‍ ട്രംപ് ഭരണകൂടം ഒരു എക്‌സിക്യുട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് പാസ്‌പോര്‍ട്ട് നിയമങ്ങള്‍ പരിഷ്‌കരിക്കുകയും ഇവ രണ്ടുമല്ലാത്ത ലിംഗഭേദത്തിന് അംഗീകാരം ഇല്ലാതാക്കുകയും ചെയ്തു.

1970-കളിലാണ് യുഎസ് പാസ്‌പോര്‍ട്ടുകളില്‍ ലിംഗപരമായ സൂചകങ്ങള്‍ ഉള്‍പ്പെടുത്തിത്തുടങ്ങിയത്. 90-കളുടെ തുടക്കത്തില്‍ ഡോക്ടറുടെ കുറിപ്പ് അടിസ്ഥാനത്തില്‍ അപേക്ഷകര്‍ക്ക് ഇത് മാറ്റാനുള്ള അനുമതി നല്‍കി. തുടര്‍ന്ന് ജോ ബൈഡന്‍ പ്രസിഡന്റായ 2021-ല്‍ രേഖകള്‍ ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കുകയും ട്രാന്‍സ്‌ജെന്‍ഡര്‍ അപേക്ഷകര്‍ക്കായി ‘എക്‌സ്’ എന്ന മൂന്നാമതൊരു ഒപ്ഷന്‍ നല്‍കുകയും ചെയ്തു.

ജനുവരിയില്‍ പ്രസിഡന്റ് പദവിയിലേക്ക് മടങ്ങിയെത്തിയതു മുതല്‍ രണ്ട് ലിംഗങ്ങളേയുള്ളൂ എന്ന നിലപാട് സ്വീകരിച്ചിരുന്നു ട്രംപ്. ട്രാന്‍സ്‌ജെന്‍ഡറുകളുടെ ലിംഗസ്വത്വത്തെ ഒരു നുണയാണ് അദ്ദേഹം കരുതിയിരുന്നത്. പിന്നാലെ യുഎസ് സൈന്യത്തില്‍ ചേരുന്നതില്‍നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകളെ വിലക്കി. ഇതിനും സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചിരുന്നു.

Highlights: US passports only have male and female, no room for transgenders; Supreme Court gives green light to Trump’s policy


You may also like