തിരുവനന്തപുരം: അനാസ്ഥയെ തുടര്‍ന്ന് രോഗി മരിച്ചെന്ന ആരോപണം തള്ളി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. നടക്കുന്നത് തെറ്റായ പ്രചരണമാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കൊല്ലം പന്മന സ്വദേശി വേണുവിന്റെ മരണത്തെ തുടര്‍ന്നുള്ള ആരോപണത്തിലാണ് ആശുപത്രിയുടെ വിശദീകരണം.
‘ശാസ്ത്രീയമായി സാധ്യമായ എല്ലാവിധ ആധുനിക ചികിത്സയും പ്രോട്ടോകോള്‍ പ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഈ രോഗിക്ക് നല്‍കിയിട്ടുണ്ട്. ഏത് വിധത്തിലുള്ള ശാസ്ത്രീയ പരിശോധനയിലൂടെയും ഇത് തെളിയിക്കാവുന്നതാണ്. മെഡിക്കല്‍ കോളേജിനെതിരെ നടക്കുന്ന തെറ്റായ പ്രചരണങ്ങള്‍ സാധാരണക്കാരായ രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയെ ഇകഴ്ത്തി കാണിക്കാനേ സഹായിക്കൂ. തീര്‍ത്തും അടിസ്ഥാന രഹിതമായ പ്രചരണം ഒഴിവാക്കണം’ സൂപ്രണ്ട് അഭ്യര്‍ത്ഥിച്ചു.
ഒന്നാം തീയതി രാത്രി 7:47 ന് വേണുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ നെഞ്ചു വേദനയെ തുടര്‍ന്ന് കൊണ്ട് വരികയും,എമര്‍ജന്‍സി മെഡിസിന് വിഭാഗത്തിലെ നെഞ്ചുവേദന വിഭാഗത്തില്‍ കാണിക്കുകയുമുണ്ടായി. മെഡിസിന് വിഭാഗം ഡോക്ടറുടേയും കാര്‍ഡിയോളജി വിഭാഗം ഡോക്ടറുടേയും വിശദമായ പരിശോധനയ്ക്കു ശേഷം രോഗിയെ രാത്രി 8:49-ന് മെഡിസിന് വിഭാഗത്തിന്റെ വാര്‍ഡ് 28-ല്‍ അഡ്മിറ്റ് ആക്കുകയും ചെയ്തു. രോഗി അറ്റാക്ക് കഴിഞ്ഞു 24 മണിക്കൂറിന് ശേഷം കൊണ്ട് വന്നതിനാലും പ്രസ്തുത രോഗിക്ക് ക്രിയാറ്റിന്‍ കൂടിയതിനാലും ആന്‍ജിയോഗ്രാം/ ആന്‍ജിയോപ്ലാസ്റ്റി ചെയ്താല്‍ വൃക്കകള്‍ തകരാറിലാകാന്‍ സാധ്യത ഉള്ളതിനാല്‍ മരുന്നുകള്‍ നല്‍കിയുള്ള ചികിത്സയാണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തത്. കൂടാതെ ഈ രോഗിക്ക് പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, സ്ട്രോക്ക് എന്നീ രോഗങ്ങള്‍ നിലവില്‍ ഉണ്ടായിരുന്നു. ആയതിനാല്‍ ബ്ലഡ് ക്ലോട്ടിംഗ്-ന് എതിരായ മരുന്നുകളും, പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവയ്ക്കുള്ള മരുന്നുകളും ഈ രോഗിക്ക് ചികിത്സയുടെ ഭാഗമായി നല്‍കിയിരുന്നു.
Highlights: Thiruvananthapuram Medical College says allegations that patient died without receiving adequate treatment are baseless