Saturday, December 6, 2025
E-Paper
Home Nationalബിഹാറിൽ മികച്ച വോട്ടിംഗ്; മൂന്നു മണിവരെ 53.77% പോളിങ്, ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്; ജംഗിൾരാജിനെതിരെ ജനങ്ങൾ വിധിയെഴുതുമെന്ന് പ്രധാനമന്ത്രി

ബിഹാറിൽ മികച്ച വോട്ടിംഗ്; മൂന്നു മണിവരെ 53.77% പോളിങ്, ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്; ജംഗിൾരാജിനെതിരെ ജനങ്ങൾ വിധിയെഴുതുമെന്ന് പ്രധാനമന്ത്രി

by news_desk2
0 comments

പാട്ന:(Patna) ബിഹാറിൽ ആദ്യഘട്ടത്തിൽ മികച്ച പോളിം​ഗ്. വൈകിട്ട് മൂന്നു മണിവരെ 53.77 ശതമാനം പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ ആദ്യ ഘട്ടത്തിൽ 55.68 ശതമാനം ആയിരുന്നു ആകെ പോളിങ്. വൈകിട്ട് മൂന്നുമണി പിന്നിടുമ്പോഴേക്കും കഴിഞ്ഞ തവണത്തേ പോളിങ് ശതമാനം മറികടക്കുമെന്ന നിലയിലെത്തി. ബിഹാറിൽ വലിയ മാറ്റം കാണുന്നുവെന്ന് തേജസ്വി യാദവ് അവകാശപ്പെട്ടപ്പോൾ, ജനം ജം​ഗിൾ രാജിനെതിരെ വിധിയെഴുതുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വാശിയേറിയ പ്രചാരണം വോട്ടിംഗിലും പ്രതിഫലിക്കുന്ന കാഴ്ചയാണ് ബിഹാറിൽ നിന്നും കാണുന്നത്. രണ്ടുമണി പിന്നിടുമ്പോൾ 2020 ലേതിനേക്കാൾ കൂടുതൽ വോട്ടർമാർ പോളിംഗ് ബൂത്തുകളിൽ എത്തുന്നുണ്ട്. ബെഗുസരായ് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ്. പോളിങ് നടക്കുന്നതിനിടെ ബിഹാർ ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ അതിക്രമമുണ്ടായി. ഉപമുഖ്യമന്ത്രി വിജയ് സിൻഹയുടെ കാറിനു നേരെയാണ് കല്ലെറുണ്ടായത്. ബിഹാറിലെ ലക്കിസറായിലാണ് അതിക്രമമുണ്ടായത്.

വോട്ടെടുപ്പ് ദിവസം ബിഹാറിലെ അരാരിയയിൽ റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ലാലുപ്രസാദ് യാദവിന്റെ ജം​ഗിൾ രാജാണ് ബിഹാറിന്റെ വികസനത്തെ പിന്നോട്ടടിച്ചതെന്ന് കുറ്റപ്പെടുത്തി. ബിഹാറിനെ ആർജെഡിയുടെ കാട്ടുഭരണം തകർത്തുവെന്നും ഇതിൽ നിന്നും ബിഹാറിനെ രക്ഷിച്ചുവെന്നും ജനം ജംഗിള്‍ രാജിനെതിരെ വിധിയെഴുതുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ, തങ്ങള്‍ ജയിക്കുമെന്നും അതിലൂടെ ബിഹാറിലെ ജനങ്ങളും ബിഹാറും വിജയിക്കുമെന്നും എല്ലാവർക്കും ഒപ്പം നമ്പർ വൺ ബിഹാർ സൃഷ്ടിക്കാൻ പ്രവർത്തിക്കുമെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. 20 വർഷമായി ഇരട്ട എഞ്ചിന് സർക്കാർ ഒന്നും ചെയ്തില്ലെന്നും ബിഹാറിലെ യുവാക്കൾക്ക് എതിരായാണ് പ്രവർത്തിച്ചതെന്നും മിസ ഭാരതി എംപി കുറ്റപ്പെടുത്തി. അതേസമയം, ജൻസുരാജ് പാർട്ടിയുടെ മും​ഗേറിലെ സ്ഥാനാർത്ഥി സഞ്ജയ് സിം​ഗിനെ ഇന്നലെ ബിജെപിയിൽ ചേർത്തതിനെ പാർട്ടി നേതാവ് പ്രശാന്ത് കിഷോർ രൂക്ഷമായി വിമർശിച്ചു.

വോട്ടെടുപ്പ് ഉത്സവമാക്കി ബിഹാർ. കഴിഞ്ഞ തവണത്തേക്കാൾ ഉത്സാഹം തുടക്കത്തിൽ ബിഹാറിലെ പോളിം​ഗ് ബൂത്തുകളിൽ കാണാനായി. പൊതുവെ സമാധാനപരമായിട്ടാണ് സംസ്ഥാനത്തെ പോളിം​ഗ് പുരോ​ഗമിക്കുന്നത്. പല മണ്ഡലങ്ങളിലും പോളിം​ഗ് ബൂത്തിലെത്തിയ വോട്ടർമാരുടെ പേരുകൾ ലിസ്റ്റിൽ ഇല്ലാത്തത് തർക്കങ്ങൾക്ക് ഇടയാക്കി. മുൻകൂട്ടി അറിയിപ്പില്ലാതെ വോട്ടർമാരുടെ പോളിം​ഗ് ബൂത്തുകൾ മാറിയതും ആശയകുഴപ്പത്തിന് വഴിവച്ചു. 1374 സ്ഥാനാർത്ഥികളാണ് മത്സരരം​ഗത്തുള്ളത്. രാഘോപൂരിൽ മത്സരിക്കുന്ന ഇന്ത്യസഖ്യം സ്ഥാനാർത്ഥി തേജസ്വി യാദവ് പറ്റ്നയിലെ വെറ്ററിനറി കോളേജിലെത്തിയാണ് വോട്ട് ചെയ്തത്. ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, എംപിയും സഹോദരിയുമായ മിസാ ഭാരതി, തേജസ്വിയുടെ ഭാര്യ രാജശ്രീയാദവ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.ലാലുപ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാ​പ് പ്രത്യേകം എത്തിയാണ് വോട്ട് ചെയ്തത്. 

തേജസ്വിയുമായി തെറ്റി ജൻശക്തി ജനതാദൾ എന്ന പുതിയ പാർട്ടി രൂപീകരിച്ച് മഹുവ മണ്ഡലത്തിൽ തേജ് പ്രതാപ് യാദവ് മത്സരിക്കുന്നുണ്ട്. തന്റെ രണ്ട് മക്കൾക്കും ആശംസകൾ നേരുന്നു എന്നായിരുന്നു വോട്ട് ചെയ്ത ശേഷം അമ്മ റാബറി ദേവിയുടെ അഭ്യർത്ഥന. ബിഹാറിൽ 45000 ൽ 56 പ്രശ്ന സാധ്യതയുള്ള ബൂത്തുകളായി പ്രഖ്യാപിച്ചത്. മാവോയിസ്റ്റ് ഭീഷണി നേരത്തെ നിലനിന്ന ചില ബൂത്തുകളിൽ ഇക്കുറി ഇതാദ്യമായി വോട്ടെടുപ്പ് നടന്നതും പ്രചാരണത്തിൽ നേട്ടമായി എൻഡിഎ ഉയർത്തിക്കാട്ടുകയാണ്. ബിഹാറിലെ വോട്ടെടുപ്പ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ നേരിട്ട് നിരീക്ഷിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു

Highlights:53.77% Turnout in Bihar; PM Says People Voting Against Jungle Raj

You may also like