Saturday, December 6, 2025
E-Paper
Home Kerala‘ശബ്ദസന്ദേശം മരണമൊഴിയായെടുത്ത് കൊലക്കുറ്റത്തിന് കേസെടുക്കണം’; ചികിത്സകിട്ടാതെ രോഗി മരിച്ച സംഭവത്തിൽ വി.ഡി. സതീശൻ

‘ശബ്ദസന്ദേശം മരണമൊഴിയായെടുത്ത് കൊലക്കുറ്റത്തിന് കേസെടുക്കണം’; ചികിത്സകിട്ടാതെ രോഗി മരിച്ച സംഭവത്തിൽ വി.ഡി. സതീശൻ

by news_desk
0 comments

തിരുവനന്തപുരം(Thiruvananthapuram): സർക്കാരിന്റെ ‘ആരോഗ്യ കേരളം’ പദ്ധതിയുടെ കെടുകാര്യസ്ഥതയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പദ്ധതിയിലുണ്ടായ പിഴവിന്റെ ഇരയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണുവെന്ന് അദ്ദേഹം ആരോപിച്ചു. വേണു മരിച്ചതല്ലെന്നും ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്നും അദ്ദേഹം ആരോപിച്ചു. സിസ്റ്റം തകര്‍ത്ത ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനും വേണുവിന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും വി.ഡി. സതീശൻ ഓർമിപ്പിച്ചു.

മരണശേഷവും തന്നെ മരണത്തിലേക്ക് തള്ളിവിടുന്നവരേക്കുറിച്ച് വേണു കേരളത്തോട് സംസാരിക്കുകയാണ്. ഒരു നിവൃത്തിയും ഇല്ലാതെ സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്ന കേരളത്തിലെ നിസഹായരായ ഓരോ സാധാരണക്കാരന്റെയും സങ്കടങ്ങളും ആത്മരോഷവുമാണ് വേണു സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തിലുള്ളത്. അടിയന്തര ആന്‍ജിയോഗ്രാമിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വേണുവിന് ആറു ദിവസമായിട്ടും ചികിത്സ നല്‍കിയില്ല. നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നു വേണു തന്നെ ശബ്ദ സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്. ആരോഗ്യമന്ത്രി പറഞ്ഞതു പോലെ ഇതും സിസ്റ്റത്തിന്റെ തകരാറാണ്. എന്നാല്‍, തകരാര്‍ പരിഹരിക്കാനുള്ള ഒരുശ്രമവും മന്ത്രിയുടെയോ സര്‍ക്കാരിന്റെയോ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ആരോഗ്യ വകുപ്പിന്റെ പരാജയത്തെ കുറിച്ച് തുറന്നുപറഞ്ഞ ഇതേ മെഡിക്കല്‍ കോളജിലെ വകുപ്പ് തലവന്‍ ഡോ. ഹാരിസിനെ ഭീഷണിപ്പെടുത്താനും നിശബ്ദനാക്കാനും ശ്രമിച്ചതും ഇതേ മന്ത്രിയാണ്. നിങ്ങളുടെ കെടുകാര്യസ്ഥതയുടെയും കഴിവില്ലായ്മയുടെയും ഇരകളായി മാറുന്നത് സാധാരണക്കാരാണെന്നത് മന്ത്രിയും സര്‍ക്കാരും മറക്കരുത്, അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാപിഴവും അനാസ്ഥയും തുടര്‍ച്ചായി ഉണ്ടാകുമ്പോൾ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട ആരോഗ്യമന്ത്രിക്ക് എങ്ങനെയാണ് ഒരു ജാള്യതയുമില്ലാതെ ആ കസേരയില്‍ ഇരിക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. രാജിവച്ച് ഉത്തരവാദിത്വബോധമുള്ള ആരെയെങ്കിലും മന്ത്രിസ്ഥാനം ഏല്‍പ്പിക്കുന്നതാണ് സാധാരണക്കാരുടെ ആരോഗ്യത്തിനും ജീവനും നല്ലതെന്നും വേണുവിന്റെ ശബ്ദസന്ദേശം മരണമൊഴിയായി പരിഗണിച്ച് ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

Highlights: ‘A case should be filed for murder after the voice message was taken as a death certificate’; V.D. Satheesan on the incident in which the patient died without receiving treatment

You may also like