പത്തനംതിട്ട(Pathanamthitta): ബിരിയാണി അരിയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന് പരാതി. അരിയുടെ ബ്രാൻഡ് ഉടമയ്ക്കും കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുൽഖർ സൽമാനുമെതിരെ നോട്ടീസ് അയച്ചു. പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നടൻ ദുൽഖർ സൽമാനോടും കമ്പനി ഉടമയോടും ഡിസംബർ മൂന്നിന് കമ്മീഷന് മുൻപാകെ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.
പത്തനംതിട്ട സ്വദേശിയായ പിഎൻ ജയരാജൻ സമർപ്പിച്ച പരാതിയിലാണ് നോട്ടീസ് അയച്ചത്. പത്തനംതിട്ട കാറ്ററിംഗ് സ്ഥാപനം നടത്തുന്ന പരാതിക്കാരൻ വിവാഹ ചടങ്ങിന് ബിരിയാണി വയ്ക്കാൻ ഈ ബ്രാൻഡ് അരി വാങ്ങിയിരുന്നുവെന്നും എന്നാൽ അരിച്ചാക്കിൽ പാക്ക് ചെയ്ത ഡേറ്റും എക്സ്പെെറി ഡേറ്റും രേഖപ്പെടുത്തിയിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.
ഈ അരിവച്ച് ബിരിയാണി ഉണ്ടാക്കി വിളമ്പിയതിന് പിന്നാലെ അത് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റെന്നാണ് ആരോപണം. അരി വിറ്റ മലബാർ ബിരിയാണി ആന്റ് സ്‌പെെസസ് എന്ന സ്ഥാപനത്തിനെതിരെയും പരാതിയുണ്ട്. എങ്കിലും ബ്രാൻഡ് അംബാസഡറായ ദുൽഖർ സൽമാനെ മുഖ്യപ്രതിയാക്കിയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. ദുൽഖർ സൽമാനെ പരസ്യത്തിൽ കണ്ട് സ്വാധീനിക്കപ്പെട്ടാണ് താൻ ഈ അരി വാങ്ങിയതെന്നും പരാതിക്കാരൻ പറയുന്നു.
Highlights: Food poisoning from biryani served at wedding; Notices issued to three people including Dulquer
വിവാഹത്തിന് വിളമ്പിയ ബിരിയാണിയിൽ നിന്ന് ഭക്ഷ്യവിഷബാധ; ദുൽഖറടക്കം മൂന്ന് പേർക്ക് നോട്ടീസ്
0