Saturday, December 6, 2025
E-Paper
Home Sportsരഞ്ജി ട്രോഫി: മൊഹ്‌സിൻ ഖാൻ എറിഞ്ഞിട്ടു, കര്‍ണാടകക്കെതിരെ കേരളത്തിന് ഇന്നിംഗ്സ് തോല്‍വി

രഞ്ജി ട്രോഫി: മൊഹ്‌സിൻ ഖാൻ എറിഞ്ഞിട്ടു, കര്‍ണാടകക്കെതിരെ കേരളത്തിന് ഇന്നിംഗ്സ് തോല്‍വി

by news_desk2
0 comments

തിരുവനന്തപുരം:(Thiruvananthapuram) രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കര്‍ണാടകക്കെതിരെ ഇന്നിംഗ്സ് തോല്‍വി വഴങ്ങി കേരളം. 348 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത കേരളം നാലാം ദിനം രണ്ടാം ഇന്നിംഗ്സില്‍ 184 റണ്‍സിന് ഓള്‍ ഔട്ടായി ഇന്നിംഗ്സിനും 164 റണ്‍സിനും തോറ്റു. പതിനൊന്നാമനായി ഇറങ്ങി 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഏദന്‍ ആപ്പിള്‍ ടോമാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. ഓപ്പണര്‍ കൃഷ്ണപ്രസാദാണ് 33 റണ്‍സെടുത്തപ്പോള്‍ അഹമ്മദ് ഇമ്രാന്‍ 23ഉം ബാബാ അപരാജിത് 19ഉം സച്ചിന്‍ ബേബി 12 ഉം റണ്‍സെടുത്ത് പുറത്തായി.

ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന് 15 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. കര്‍ണാടകക്കായി മൊഹ്സിന്‍ ഖാൻ 6 വിക്കറ്റെടുത്തപ്പോൾ വിദ്യുത് കവേരപ്പ രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ എലൈറ്റ് ഗ്രൂപ്പ് ബിയില്‍ കര്‍ണാടക 11 പോയന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ രണ്ട് പോയന്‍റുള്ള കേരളം ഏഴാം സ്ഥാനത്താണ്. ആദ്യ ഇന്നിംഗ്സില്‍ കര്‍ണാടകക്കായി ഇരട്ട സെഞ്ചുറി നേടിയ കരുണ്‍ നായരാണ് കളിയിലെ താരം. സ്കോര്‍ കര്‍ണാടക 586-5, കേരളം 238, 184.

വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലത്തിയ കേരളത്തിന് സ്കോര്‍ 19 റണ്‍സിലെത്തിയപ്പോള്‍ ആദ്യ തിരിച്ചടിയേറ്റു. നൈറ്റ് വാച്ച്‌മാനായി മൂന്നാം ദിനം ക്രീസിലെത്തിയ നിധീഷ് എംഡിയെ(9) വിദ്യുത് കവേരപ്പ വീഴ്ത്തി. മൂന്നാം നമ്പറിലെത്തിയ അക്ഷയ് ചന്ദ്രനെ ഗോള്‍ഡന്‍ ഡക്കാക്കി കവേരപ്പ കേരളത്തെ ഞെട്ടിച്ചു. ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനും കൃഷ്ണപ്രസാദും പൊരുതുമെന്ന് കരുതിയെങ്കിലും 15 റണ്‍സെടുത്ത അസറുദ്ദീനെ ശിഖര്‍ ഷെട്ടി മടക്കി. ഇതോടെ കേരളം 40-3ലേക്ക് വീണ് തകര്‍ച്ചയിലായി. അഹമ്മദ് ഇമ്രാനും കൃഷ്ണപ്രസാദും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 57 റൺസ് കൂട്ടുകെട്ടുയര്‍ത്തി കേരളത്തിന് പ്രതീക്ഷ നല്‍കിയെങ്കിലും കൃഷ്ണ പ്രസാദിനെ(33)യും അഹമ്മദ് ഇമ്രാനെയും(23) വീഴ്ത്തിയ മൊഹ്സിന്‍ ഖാന്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചതോ‍ടെ കേരളം 106-5ലേക്ക് വീണു.

ബാബാ അപരാജിത്-സച്ചിന്‍ ബേബി സഖ്യത്തിലായിരുന്നു കേരളത്തിന്‍റെ അവസാന പ്രതീക്ഷ. എന്നാല്‍ സ്കോര്‍ 130ല്‍ നില്‍ക്കെ സച്ചിന്‍ ബേബിയെ(12) മൊഹ്സിന്‍ ഖാന്‍ ബൗള്‍ഡാക്കിയതോടെ ആ പ്രതീക്ഷയും പൊലിഞ്ഞു. ആദ്യ ഇന്നിംഗ്സിലെ ടോപ് സകോററായ ബാബാ അപരാജിതിനെ(19) മൊഹ്സിന്‍ ഖാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ ഷോണ്‍ റോജറെ ബൗള്‍ഡാക്കിയ മൊഹ്സിന്‍ ഖാന്‍ അഞ്ച് വിക്കറ്റ് തികച്ചു. വൈശാഖ് ചന്ദ്രനെ(4) ശ്രേയസ് ഗോപാല്‍ മടക്കിയപ്പോള്‍ കണ്‍കഷന്‍ സബ് ആയി ഇറങ്ങിയ ഏദന്‍ ആപ്പിള്‍ ടോം ഹരികൃഷ്ണനെ(16) കൂട്ടുപിടിച്ച് പൊരുതി നോക്കിയെങ്കിലും കേരളത്തിന്‍റെ തോല്‍വിഭാരം കുറക്കാനെ കഴിഞ്ഞുള്ളു. അവസാന വിക്കറ്റില്‍ ഹരികൃഷ്ണനും-ഏദന്‍ ആപ്പിള്‍ ടോമും 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഇന്നിംഗ്സ് ജയം നേടിയ കര്‍ണാടകക്ക് ബോണസ് പോയന്‍റ് അടക്കം 7 പോയന്‍റ് ലഭിച്ചപ്പോള്‍ കേരളത്തിന് പോയന്‍റൊന്നുമില്ല. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ലീഡ് വഴങ്ങി സമനില വഴങ്ങിയ കേരളത്തിന് ഇതുവരെ രണ്ട് പോയന്‍റ് മാത്രമാണുള്ളത്.എട്ട് ടീമുകളുള്ള എലൈറ്റ് ഗ്രൂപ്പ് ബിയില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് നിലവിലെ റണ്ണറപ്പുകളായ കേരളം. ഇതേ ഗ്രൗണ്ടില്‍ ശനിയാഴ്ച മുതല്‍ സൗരാഷ്ട്രക്കെതിരെ ആണ് കേരളത്തിന്‍റെ അടുത്ത മത്സരം.

Highlights:Kerala suffer innings defeat against Karnataka in Ranji Trophy; Mohsin Khan shines

You may also like