ന്യൂഡൽഹി(New Delhi) : ലോൺ തട്ടിപ്പ് കേസിൽ അനിൽ അംബാനിയുമായി ബന്ധപ്പെട്ട് ആകെ 7500 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് (ഇ ഡി) അറിയിച്ചു. 4500 കോടി രൂപ വരുന്ന ധീരുഭായ് അംബാനി നോളജ് സിറ്റിയടക്കം കണ്ടുകെട്ടിയെന്നാണ് ഇ ഡി വ്യക്തമാക്കിയത്. ദില്ലി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂന, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, ഈസ്റ്റ് ഗോദാവരി തുടങ്ങി 40 ഇടങ്ങളിലെ വസ്തുവകകൾ ഇ ഡി കണ്ടുകെട്ടി. മുംബൈ ബന്ദ്രയിലെ അനിൽ അംബാനിയുടെ പാലി ഹിൽ ഹൗസും കണ്ടുകെട്ടിയിട്ടുണ്ട്. 17000 കോടിയുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലാണ് ഇ ഡിയുടെ അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം സ്വത്ത് കണ്ടുകെട്ടലുമായി ബന്ധപ്പെട്ടുള്ള നടപടികളിൽ പ്രതികരണവുമായി റിലയൻസ് ഗ്രൂപ്പ് രംഗത്തെത്തി. അന്വേഷണ ഏജൻസിയുടെ നടപടി കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ല എന്നാണ് റിലയൻസ് പ്രതികരിച്ചത്. ആർ കോം ആറ് വർഷത്തിലേറെയായി കോർപ്പറേറ്റ് ഇൻസോൾവൻസി പരിഹാര പ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും പ്രസ്താവനയിലൂടെ റിലയൻസ് ഗ്രൂപ്പ് അറിയിച്ചു.
നേരത്തെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്‍റെയും ആർ കോം ഡയറക്ടറുമായ അനിൽ അംബാനിയുടേയും ലോൺ അക്കൗണ്ടുകൾ ബാങ്ക് ഓഫ് ബറോഡ, വഞ്ചനാ അഥവാ ഫ്രോഡ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് പാപ്പരത്ത നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് എടുത്തിട്ടുള്ള ലോണുകളാണ് ഇത്തരത്തിൽ വഞ്ചനാ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2016 ലെ ഇൻസോൾവൻസി ആൻഡ് ബാങ്ക്രപ്റ്റ്സി കോഡ് അനുസരിച്ച് നിലവിൽ പാപ്പരത്ത നടപടിയിൽ ഉള്ള റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്, നിലവിൽ വഞ്ചനാ ഗണത്തിൽ ഉൾപ്പെടുത്തിയ വായ്പകൾ ഇൻസോൾവൻസി നടപടികൾക്ക് മുമ്പുള്ള കാലയളവുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതിനാൽ, ഇവ പരിഹരിക്കപ്പെടേണ്ടത് കടം വീട്ടുന്നതിലൂടെയോ മറ്റ് ധാരണകളോ വഴിയോ ആയിരിക്കുമെന്ന് കമ്പനി ഇതിനോടകം നിലപാട് വിശദമാക്കിയിട്ടുണ്ട്. നിലവിൽ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് നിയന്ത്രണം റിസല്യൂഷൻ പ്രൊഫഷണൽ അനീഷ് നിരഞ്ജൻ നാനാവട്ടിയാണ് നിർവഹിക്കുന്നത്.
അനിൽ അംബാനി ഈ സ്ഥാപനത്തിന്റെ ഡയറക്ടർ പദവിയിൽ നിന്ന് മാറ്റപ്പെട്ടിരുന്നു. റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് കടം പരിഹരിക്കാനായി രൂപീകരിച്ചിരിക്കുന്ന കമ്മിറ്റി നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്നതിനിടെയാണ് ബാങ്ക് ഓഫ് ബറോഡയുടെ നീക്കം.
Highlights: Dhirubhai Ambani’s Knowledge City worth Rs 4500 crores seized! Total Rs 7500 crores seized; ED takes action against Anil Ambani in loan fraud case