തിരുവനന്തപുരം(Thiruvananthapuram): വർക്കലയിൽ ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാർ. ട്രെയിനിൻ്റെ വാതിൽക്കൽ നിന്നും പെൺകുട്ടി മാറിയില്ലെന്നും ഇതിൻ്റെ ദേഷ്യത്തിൽ ചവിട്ടിയിട്ടുവെന്നുമാണ് പ്രതി സുരേഷിന്റെ മൊഴി. പിന്നിൽ നിന്നുമാണ് ചവിട്ടിയത്. ഒറ്റക്കാണ് യാത്ര ചെയ്തിരുന്നതെന്നും പ്രതി മൊഴിയിൽ വ്യക്തമാക്കി. പ്രതിക്ക് മുമ്പ് കേസുണ്ടോയെന്ന് പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു.
കസ്‌റ്റഡിയിലുളള പ്രതി സുരേഷ് പെൺകുട്ടിയെ തള്ളിയിട്ടത് തന്നെയെന്ന് റെയിൽവേ പൊലീസും സ്ഥിരീകരിച്ചു. ഇയാൾ കോട്ടയത്ത് നിന്നും മദ്യപിച്ചാണ് ട്രെയിനിൽ കയറിയത്. ശുചിമുറി ഭാഗത്തായിരുന്നു നിൽപ്പ്. പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്നും സ്ഥിരീകരണമുണ്ട്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഉച്ചക്ക് കോടതിയിൽ ഹാജരാക്കും. ഇന്നലെ കസ്റ്റഡിയിലെടുത്ത സമയത്ത് സംഭവത്തിലെ പ്രതി താനല്ല എന്ന് സ്ഥാപിക്കാനുള്ള ശ്രമം ഇയാള്‍ നടത്തിയിരുന്നു. അമിതമായി മദ്യപിച്ച് ട്രെയിനിൽ കയറിയ സുരേഷ് കുമാര്‍ ശുചിമുറിയുടെ ഭാഗത്താണ് നിന്നിരുന്നത്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ശുചിമുറിയിലേക്ക് പോയ സമയത്താണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്.
Highlights: Woman pushed off train: Accused says he kicked her in anger as she didn’t move from the door