ലണ്ടൻ(Landon): ബ്രിട്ടനിലെ കേംബ്രിഡ്ജ്ഷറിൽ ട്രെയിനിൽ കത്തി കൊണ്ട് ആക്രമണം. 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒൻപത് പേരുടെ നില അതീവ ഗുരുതരമാണ്. പ്രകോപനം ഇല്ലാതെ യാത്രക്കാരെ കുത്തിവീഴ്ത്തിയ അക്രമി സംഘത്തിലെ രണ്ടു പേരെ അറസ്റ്റ് ചെയ്തു. പ്രദേശത്തെ ട്രെയിൻ സർവീസുകൾ നിർത്തി. നടുക്കുന്ന സംഭവമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രതികരിച്ചു. ആക്രമണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
പ്രാദേശിക സമയം വൈകുന്നേരം 6.25ന് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഒരു സംഘം അക്രമികൾ ഒരു പ്രകോപനവുമില്ലാതെ യാത്രക്കാർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അറസ്റ്റിലായവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നടന്നത് ഭീകരാക്രമണം ആണോ എന്നത് സംബന്ധിച്ച് ഇപ്പോൾ വ്യക്തമല്ല. പരിക്കേറ്റത് ഏത് രാജ്യക്കാരാണ് എന്നത് ഉൾപ്പെടെയുള്ള വിവരങ്ങളും പുറത്തുവന്നിട്ടില്ല.
വടക്കുകിഴക്കൻ ഭാഗത്തുള്ള ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടനിലെ കിംഗ്സ് ക്രോസ് സ്റ്റേഷനിലേക്ക് ഓടുകയായിരുന്ന ട്രെയിനിലാണ് ആക്രമണം നടന്നതെന്ന് ട്രാൻസ്പോർട്ട് പൊലീസ് സ്ഥിരീകരിച്ചു, വളരെ തിരക്കേറിയ റൂട്ടാണിത്. പ്രദേശത്തുള്ള എല്ലാവരും പൊലീസിന്‍റെ നിർദേശങ്ങൾ പാലിക്കണമെന്ന് പ്രധാനമന്ത്രി സ്റ്റാർമർ അഭ്യർത്ഥിച്ചു.
Highlights: Knife attack on train shakes Britain: 9 people in critical condition, 2 arrested, train services suspended