Saturday, December 6, 2025
E-Paper
Home Nirakkoottuകുപ്പത്തൊട്ടിയില്‍ തെളിഞ്ഞ മാണിക്യം

കുപ്പത്തൊട്ടിയില്‍ തെളിഞ്ഞ മാണിക്യം

by news_desk
0 comments

തൃശൂരിലെ ഒരു ചെറിയ വാര്‍ഡില്‍ മാലിന്യകൂമ്പാരത്തിനെതിരെ അതിശക്തമായ സമരങ്ങള്‍ ഉടലെടുത്തു…ഏതാണ്ട് മൂന്നു ദശാബ്ദത്തോളം മാലിന്യ നിക്ഷേപത്തിനെതിരെ ജനങ്ങളുടെ പ്രക്ഷോഭം നീണ്ടു നിന്നു,അങ്ങിനെ ആ ചെറിയ വാര്‍ഡ് കേരളക്കരയാകെ ശ്രദ്ധിക്കപ്പെട്ടു… ലാലൂര്‍ അങ്ങനെ കേരളത്തിലെ സംസാര വിഷയമായി.. ഇപ്പോഴിതാ വീണ്ടും ചര്‍ച്ചാവിഷയമായി തലപ്പൊക്കിയിരിക്കുകയാണ് ലാലൂര്‍….മാലന്യക്കൂമ്പാരമായി മാറിയെന്നല്ല, മാലിന്യമല ചരിത്രത്താളുകളില്‍ അടയാളപ്പെടുത്തുന്ന ലോകോത്തര കായിക മേളയുടെ കളിസ്ഥലത്തിന് ജന്മം നല്‍കുകിയെന്ന പേരില്‍

മാലിന്യമലകളും മനുഷ്യവിലാപവും

ശക്തന്‍ തമ്പൂരാന്റെ കാലം മുതല്‍ തൃശൂരിന്റെ മാലിന്യങ്ങള്‍ വെറുതെ കൊണ്ടുത്തള്ളുന്ന സ്ഥലമായിരുന്നു ലാലൂര്‍. പഴയകാലത്ത് ആള്‍താമസമി്ല്ലാത്ത ഒരു കൊച്ചുഗ്രാമം. പിന്നീട്് ജനവാസകേന്ദ്രമായി മാറിയപ്പോഴും മാലിന്യ നിക്ഷേപം നഗരസഭ തുടര്‍ന്നുവന്നു. ഇവിടെ താമസിക്കുന്നവര്‍ ഓരോ ദിവസവും അക്രമിക്കപ്പെട്ടുകയായിരുന്നു. ശ്വാസമെടുക്കാന്‍ പോലും പ്രയാസം. മഴക്കാലത്ത് ഒഴുകുന്ന കുഴിവെള്ളം പുഴകളിലും കിണറുകളിലും കലര്‍ന്നപ്പോള്‍ രോഗങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. കുട്ടികളുടെ കളിസ്ഥലം മാലിന്യത്തിന്റെ കുഴികളായി മാറി. വി.എസ് അച്യുദാനന്ദനും യേശുദാസും തുടങ്ങി കേരളീയ രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലം പ്രമുഖരെല്ലാം ലാലൂരിന്റെ മാലിന്യക്കൂമ്പാരത്തിനെതിരെ ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരപ്പന്തലിലേക്ക് ഒഴുകിയെത്തി.

സമരം മണ്ണിനും മനുഷ്യനും വേണ്ടി

1942 മുതല്‍ മലമടക്കമുള്ള മാലിന്യങ്ങള്‍ ഇവിടെയായിരുന്നു തട്ടിയിരുന്നത്. 1988 ഒക്ടോബര്‍ രണ്ടിനാണ് ലാലൂര്‍ മലിനീകരണ വിരുദ്ധ സമിതി രൂപവല്‍കരിച്ചത്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പിന്നീട് ബോള്‍ഷെവിക് പാര്‍ട്ടി നേതാവുമായ എം.വി. ആര്യന്റെയും ആദ്യകാല നക്സലൈറ്റ് പ്രവര്‍ത്തകനും പിന്നീട് പൗരാവകാശ പ്രവര്‍ത്തകനുമായ ടി.കെ. വാസുവിന്റെയും നേതൃത്വത്തിലായിരുന്നു സമര സമിതി പ്രവര്‍ത്തിച്ചത്. രൂപവല്‍കരണ ദിനത്തില്‍ അയ്യന്തോള്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ റിലേ നിരാഹാരത്തോടെ സമരം തുടങ്ങി. ഡോ. സുകുമാര്‍ അഴിക്കോടായിരുന്നു ഉദ്ഘാടകന്‍.
അലക്ഷ്യമായ മാലിന്യ നിക്ഷേപം വഴി റോഡില്‍ പോലും ദുര്‍ഗന്ധം നിറഞ്ഞ അവസ്ഥയായിരുന്നു അന്ന് ലാലൂരില്‍. ട്രഞ്ചിങ് ഗ്രൗണ്ടിന് ചുറ്റും മതിലില്ലാത്തതു മൂലം സമീപത്തെ വീടുകളിലേക്കും മാലിന്യമെത്തിയിരുന്നു. സമരം ശക്തമായതോടെ അധികൃതരുടെ ഭാഗത്തുനിന്ന് അടിച്ചമര്‍ത്തല്‍ നീക്കങ്ങള്‍ തുടങ്ങി. 35 ല്‍പരം ക്രിമിനല്‍ കേസുകളാണ് സമര പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് ചുമത്തിയത്. 1992ല്‍ മൂന്നു യുവാക്കളുടെ മരണത്തോടെ സമരംആളിക്കത്തി.

കോടതിയും സര്‍ക്കാരും

കിണര്‍ ശുചീകരിക്കാന്‍ ഇറങ്ങിയ മൂന്നു യുവാക്കളും ദുഷിച്ച വായു ശ്വസിച്ച് കിണറ്റില്‍ കുടുങ്ങി മരിക്കുകയായിരുന്നു. മരിച്ച ഒരാളുടെ ഭാര്യ ആനി നല്‍കിയ പരാതിയെ തുടര്‍ന്ന് ലാലൂരില്‍ ഇനി ഒരു തരി മാലിന്യം നിക്ഷേപിക്കരുതെന്ന് ആര്‍.ഡി.ഒ ഉത്തരവായി. ഉത്തരവ് ഏറെ ശ്ലാഘിക്കപ്പെട്ടെങ്കിലും 97 ല്‍ കോടതിയെ സമീപിച്ച നഗരസഭ സ്റ്റേ വാങ്ങി. ’96ല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഠനമനുസരിച്ച് ലാലൂരിലെ പത്തു കിണറുകള്‍ ഉപയോഗ ശൂന്യമായതായി കണ്ട് സീല്‍ ചെയ്തിതുന്നു. 2008 ല്‍ ഇത് നാല്‍പതും പിന്നീട് 85 ആയും ഉയര്‍ന്നു.
ഏകദേശം 30 വര്‍ഷത്തോളം തൃശൂര്‍ നഗരസഭയും രാഷ്ട്രീയ -സാംസ്‌കാരിക നേതൃത്വങ്ങളും ചര്‍ച്ച ചെയ്ത പ്രധാന വിഷയമായിരുന്നു നഗരത്തിലെ മാലിന്യ സംസ്‌ക്കരണവും ലാലൂര്‍ നിവാസികളുടെ ദുരിതങ്ങളും. ഇക്കാലയളവില്‍ നഗരത്തില്‍ ഏറ്റവുമധികം സമരങ്ങള്‍ നടന്നതും ലാലൂരിനെ കേന്ദ്രീകരിച്ചു തന്നെ. ദുരിതങ്ങള്‍ രൂക്ഷമാകുമ്പോള്‍ ലാലൂരുകാര്‍ സമരത്തിന് ഇറങ്ങും. നിരാഹാരവും മറ്റുമായി സമരം മുറുകും, ഒപ്പം കുറെ കേസുകളും വരും. നഗരത്തിലെ ഹര്‍ത്താല്‍ വരെയെത്തി ആ സമരം, സമരം ശക്തമാകുമ്പോള്‍ വീണ്ടും ചര്‍ച്ച നടത്തി വലിയ പാക്കേജൊക്കെ എഴുതി തയാറാക്കിക്കൊണ്ടുവരും. സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കും. ലാലൂരില്‍ തന്നെ സംസ്‌കരണം തുടരും. ഇതു നിരവധി തവണ ആവര്‍ത്തിച്ചു. 2003 ല്‍ കൊട്ടിഘോഷിച്ച് മാലിന്യത്തില്‍ നിന്ന് വളമുണ്ടാക്കാനുള്ള പദ്ധതി നടപ്പാക്കിയെങ്കിലുംവന്‍പരാജയമായി. തുടര്‍ന്നും ഒട്ടേറെ സമരങ്ങള്‍ ഉടലെടുത്തു. അവസാനം ലാലൂരിന്റെ ജനതയക്കുമുന്നില്‍ ഭരണകൂടത്തിനുമുട്ടുമടക്കേണ്ടി വന്നു. മാലിന്യം കുറെയൊക്കെ സര്‍ക്കാര്‍ മാറ്റുകയും ബാക്കിയുള്ളത് ആഴത്തില്‍ കുഴിയെടുത്ത് മൂടുകയും ചെയ്തു. പിന്നീട് മാലിന്യം ആ ഭാഗത്തേക്കേ കൊണ്ടുപോയില്ല. ഹരിതകര്‍മ്മസേനയുടെ ആവിര്‍ഭാവത്തോടെ ജൈവ- അജൈവ മാലിന്യങ്ങള്‍ വേര്‍തിരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന ഏര്‍പ്പാടുകളുണ്ടായി.

ലാലൂരിന്റെ തിരിച്ചെഴുത്ത്

ഒരു കാലത്ത് ദുര്‍ഗന്ധത്തിനും ദുരിതത്തിനും പേരുകേട്ട ലാലൂര്‍, ഇന്ന് പ്രതീക്ഷയുടെ മണവും അഭിമാനത്തിന്റെ താളവും നിറഞ്ഞ സ്ഥലമായി മാറുന്നു. ലാലൂരിന്റെ കഥ ഇന്നത് മാലിന്യനിര്‍മാര്‍ജനത്തിന്റെ പരാജയത്തിന്റെ കഥയല്ല, മറിച്ച് പുനര്‍നിര്‍മാണത്തിന്റെ വിജയകഥയാണ്.
2018-ല്‍ കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ ശിലയിട്ടു തുടക്കം കുറിച്ച പദ്ധതി രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് നിശ്ചയിച്ചുറപ്പിച്ച ഈ സര്‍ക്കാര്‍ സ്വപ്‌നം സാഫല്യമണിയുന്നത് ആറ് വര്‍ഷത്തിനു ശേഷം. 50 കോടിയിലധികം ചെലവിട്ട് 14 ഏക്കറില്‍ ആധുനിക സജ്ജീകരണങ്ങള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട അന്താരാഷ്ട്ര സ്പോര്‍ട്സ് കോംപ്ലക്സില്‍ 5000 പേര്‍ക്കിരിക്കാവുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം, ബാഡ്മിന്റണ്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ഹാന്റ് ബോള്‍, കോര്‍ട്ടുകള്‍, ഫുട്ബോള്‍ ഗ്രൗണ്ട്, പ്രാക്ടീസ് പൂള്‍, പവലിയന്‍ ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഹോക്കി ഗ്രൗണ്ട്, കായിക താരങ്ങള്‍ക്കും പരിശീലകര്‍ക്കുമുള്ള റെസിഡന്‍ഷ്യല്‍ ബ്ലോക്ക് പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവ രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തീകരിക്കും. വിപുലമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഈ കോപ്ലക്സ് പ്രാദേശിക രാജ്യാന്തര ഗെയിമുകള്‍ നടത്താനുള്ള നിലയിലേക്കു എത്തിക്കുന്നതിനും ജനങ്ങള്‍ക്കിടയിലുള്ള കായികരംഗത്തെ മെച്ചപ്പെടുത്തുകയെന്നതും കേരള സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു.

പഴയ മണ്ണില്‍ പുതിയ സ്വപ്നം

നവംബര്‍ മൂന്നിന് വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ സ്പോര്‍ട്സ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യും. ഗ്രൗണ്ടിന്റെ ഉദ്ഘാടനം കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി നിര്‍വഹിക്കും. അക്വട്ടിക്സ് കോംപ്ലക്സിന്റെയും കായികപ്രതിഭകളെ ആദരിക്കലും റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും. പവലിയന്‍ ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നിര്‍വഹിക്കും. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം പി. ബാലചന്ദ്രന്‍ എം.എല്‍.എയും ടെന്നീസ് കോര്‍ട്ടിന്റെ ഉദ്ഘാടനം എ.സി മൊയ്തീന്‍ എം.എല്‍.എയും സമരഭടന്മാരെ ആദരിക്കല്‍ മുന്‍ വ്യവസായ, കായിക മന്ത്രി ഇ.പി ജയരാജനും, കായിക പ്രതിഭകളെ ആദരിക്കല്‍ മുന്‍ കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറും നിര്‍വഹിക്കും. തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസ് അധ്യക്ഷത വഹിക്കും.

You may also like