കേരളത്തിന്റെ എഴുപതാം പിറന്നാൾ ദിനത്തിൽ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇരട്ടിമധുരം പകർന്നുകൊണ്ട് ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യ വിമുക്ത സംസ്ഥാനമായി നാട് മാറി എന്നുള്ള പ്രഖ്യാപനത്തെ അഭിമാനത്തോടെയും അങ്ങേയറ്റം സന്തോഷത്തോടെയും സ്വീകരിക്കുന്നു, അഭിവാദ്യം ചെയ്യുന്നു. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ സുവർണ്ണ നിമിഷം. അസാധ്യമായതിനെ സാധ്യമാക്കാൻ പരിമിതികൾക്കിടയിൽ നിന്നും നാടും നാട്ടുകാരും ഭരണകൂടവും നടത്തിയ നിദാന്തമായ ശ്രമത്തിന്റെയും നിരന്തര പരിശ്രമത്തിന്റെയും ഫലമായി സാധ്യമായ അപൂർവ്വ നേട്ടം ആണിത്. ജാതീയതയും ജന്മിത്വവും കൊടികുത്തിരുന്ന കാലഘട്ടത്തിൽ പണിയെടുക്കുന്നവന് മുറ്റത്ത് കുഴികുത്തി അന്നം നൽകിയിരുന്ന ദുരവസ്ഥയിൽ നിന്ന് അവകാശ ബോധമുള്ള തലമുറയിലേക്ക് നമ്മൾ നടന്നു തീർത്ത വഴികളിൽ അനുഭവിച്ച യാതനകൾ ഒരുപാടുണ്ട്. ആ വഴിയിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നുണ്ട് നിരവധി നിസ്വരായ മനുഷ്യരുടെ ചോരയും വിയർപ്പും കണ്ണീരും. അവിടെയൊന്നും പതറാതെ നമ്മൾ മുന്നോട്ടുപോയി. അധിദാരിദ്ര്യവിമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം അതിലൂടെ അവസാനിക്കാത്ത ചില ഉത്തരവാദിത്തങ്ങൾ കൂടി ബാക്കി വെക്കുന്നുണ്ട്. നമ്മുടെ പ്രദേശങ്ങളിൽ ദാരിദ്ര്യത്തിന്റെ അവസാനത്തെ കണികയും തുടച്ചു മാറ്റണം. സാങ്കേതികമായി മാത്രമേ ദാരിദ്രനിർമാർജനം പൂർണ്ണമായിട്ടുള്ളൂ. പലപ്പോഴായി ഇത്തരം പ്രഖ്യാപനങ്ങൾക്കിടയിൽ ചില യാഥാർത്ഥ്യങ്ങൾ കണ്ണിൽപ്പെടാതെ പോകാറുണ്ട്. ഇനിയത് ഉണ്ടാകാൻ പാടില്ല. കക്ഷിരാഷ്ട്രീയത്തിന്റെയും ജാതിമതത്തിന്റെയും വ്യത്യാസങ്ങൾക്കതീതമായി സർവ്വരും തോളോട് തോൾ ചേർന്ന് എന്ന കേരളത്തിലെ ഓരോ മനുഷ്യരെയും ദാരിദ്ര്യത്തിൽ നിന്ന് വിമുക്തരാക്കണം.വമ്പൻ വികസന പദ്ധതികളും പടുകൂറ്റൻ നേട്ടങ്ങൾക്കും അപ്പുറം ആഹാരത്തിനു വേണ്ടി മലയാള നാട്ടിൽ ഒരാളും യാചിക്കേണ്ടതോ പട്ടിണി കിടക്കേണ്ടത് ആയിട്ടുള്ള വേദനാജനകമായ അവസ്ഥയിൽ നിന്നുള്ള സംതൃപ്തിയിലേക്കാണ് നാം കുതിച്ചു വരേണ്ടത്. വികസനം പൂർണമാകണമെങ്കിൽ മലയാളം ഭൂമിയിൽ ദരിദ്രാവസ്ഥയിലൂടെ കടന്നുപോകുന്ന മനുഷ്യരാരും ഉണ്ടാവാൻ പാടില്ല.
HIGHLIGHTS: Taniniram editorial today 02.11.2025
പ്രഖ്യാപനത്തിലല്ല, യാഥാർഥ്യമാകാൻ ഒന്നിച്ചു നീങ്ങണം
0
previous post