ഖത്തർ:(Qatar) അടുത്ത വർഷം നടക്കാനിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിരിക്കുകയാണ് ഖത്തറും സൗദി അറേബ്യയും. ഏഷ്യന്‍ മേഖലാ യോഗ്യതാമത്സരങ്ങളില്‍ ഖത്തര്‍ യുഎഇയെ തോല്‍പ്പിച്ചാണ് യോഗ്യത സ്വന്തമാക്കിയത്.
ഗ്രൂപ്പ് എ-യില്‍ ഖത്തര്‍ രണ്ടുകളിയില്‍ നാലു പോയിന്റുമായി ഒന്നാമതെത്തി. ഗ്രൂപ്പ് ബി-യില്‍ സൗദിക്കും ഇറാഖിനും രണ്ടുകളിയില്‍ നാലുപോയിന്റാണ്. എന്നാല്‍, കൂടുതല്‍ ഗോള്‍ നേടിയ സൗദി ഗ്രൂപ്പ് ജേതാക്കളായി. കഴിഞ്ഞ തവണത്തെ ആതിഥേയരായിരുന്ന ഖത്തര്‍ ആദ്യമായാണ് യോഗ്യതാമത്സരങ്ങളിലൂടെ ലോകകപ്പ് കളിക്കുന്നത്. സൗദി ഏഴാം തവണയാണ് യോഗ്യതനേടുന്നത്.
അതേ സമയം ലോകകപ്പിന് യോഗ്യത നേടിയ ഖത്തര്‍ ടീമില്‍ ഒരു മലയാളി ഫുട്ബോളറും ഉണ്ട്. തഹ്സിന് മുഹമ്മദ് ജംഷീദാണ് അപൂര്‍വനേട്ടത്തിനുടമ. ലെഫ്റ്റ് വിങ്ങറായ താരം പകരക്കാരുടെ നിരയിലായിരുന്നു. 19-കാരന് താരത്തിന് യുഎഇക്കെതിരായ മത്സരത്തില്‍ ഇറങ്ങാന്‍ അവസരം ലഭിച്ചിരുന്നില്ലെങ്കിലും ടീം യോഗ്യത നേടിയതോടെയാണ് ചരിത്രനേട്ടം സ്വന്തമായത്.
തലശ്ശേരി സ്വദേശിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍താരവുമായ ജംഷീദിന്റെയും ഷൈമയുടെയും മകനാണ് തഹ്സിന്. കുടുംബം ഖത്തറില്‍ സ്ഥിരതാമസമാക്കിയതോടെയാണ് തഹ്സിന് ഖത്തര്‍ ടീമുകളില്‍ കളിക്കാന്‍ അവസരം കിട്ടുന്നത്. ഖത്തര്‍ അണ്ടര്‍-19, 17 ടീമുകളില്‍ കളിച്ചിട്ടുണ്ട്. അണ്ടര്‍-17 ടീമിനായും ഗോളും നേടി. ഖത്തര്‍ ടോപ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ്. അല്‍ ദുഹൈല്‍ ക്ലബ്ബിനായാണ് കളിച്ചത്.
Highlights:19-Year-Old Malayali Tahsin Joins Qatar on Football’s Global Stage