Saturday, December 6, 2025
E-Paper
Home Highlightsടോൾ ബൂത്തുകളിൽ നവംബർ 15 മുതൽ പുതിയ മാറ്റം; കീശ കീറേണ്ടെങ്കിൽ ഉറപ്പായും ഫാസ്ടാഗ് വേണം, പണമായി കൊടുത്താൽ ഇരട്ടി നൽകണം

ടോൾ ബൂത്തുകളിൽ നവംബർ 15 മുതൽ പുതിയ മാറ്റം; കീശ കീറേണ്ടെങ്കിൽ ഉറപ്പായും ഫാസ്ടാഗ് വേണം, പണമായി കൊടുത്താൽ ഇരട്ടി നൽകണം

by news_desk
0 comments

ന്യൂഡൽ​ഹി(NEW DELHI):ദേശീയ പാതകളിലൂടെയുള്ള യാത്ര കൂടുതൽ തടസമില്ലാത്തതും ഡിജിറ്റലുമാക്കുന്നതിന്‍റെ ഭാഗമായി ടോൾ പിരിവിൽ പുതിയ മാറ്റം വരുന്നു. സാധുവായ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്കുള്ള ടോൾ പിരിവിൽ കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയം വലിയ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. 2025 നവംബർ 15 മുതലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരിക. ഡിജിറ്റൽ പേയ്‌മെന്‍റുകൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

നിലവിലെ നിയമമനുസരിച്ച്, ഫാസ്ടാഗ് പ്രശ്നം ഉണ്ടെങ്കിൽ (ബാലൻസ് കുറവോ സാങ്കേതിക തകരാറോ കാരണം) അല്ലെങ്കിൽ ഫാസ്ടാഗ് ഇല്ലെങ്കിൽ, പണം നൽകിയാലും ഡിജിറ്റൽ പേയ്‌മെന്‍റ് നടത്തിയാലും സാധാരണ ടോൾ നിരക്കിന്‍റെ ഇരട്ടി നൽകേണ്ടിയിരുന്നു. നവംബർ 15 മുതൽ ഈ രീതി മാറും. ഇനി ഫാസ്ടാഗ് ഇല്ലാത്തവർ പണമായി നൽകിയാൽ നിലവിലെ പോലെ ഇരട്ടി (2 മടങ്ങ്) ടോൾ തുക തന്നെ നൽകണം. ഫാസ്ടാഗ് ഇല്ലാത്തവർ യുപിഐ പോലുള്ള അംഗീകൃത ഡിജിറ്റൽ പേയ്‌മെന്‍റ് രീതികൾ ഉപയോഗിക്കുകയാണെങ്കിൽ സാധാരണ ടോൾ തുകയുടെ 1.25 ഇരട്ടി മാത്രം നൽകിയാൽ മതിയാകും.

ഉദാഹരണത്തിന് ഒരു വാഹനത്തിന്‍റെ ടോൾ ചാർജ് ഫാസ്ടാഗ് വഴി 100 രൂപ ആണെങ്കിൽ, യുപിഐ ഉപയോഗിക്കുന്നവർ 125 രൂപയും പണമായി നൽകുന്നവർ 200 രൂപയും അടയ്‌ക്കേണ്ടി വരും. ടോൾ ബൂത്തുകളിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും ഹൈവേ ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട യാത്രാനുഭവം നൽകുന്നതിനും വേണ്ടിയാണ് ഈ ഭേദഗതി കൊണ്ടുവരുന്നതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Highlights: New changes at toll booths from November 15; If you don’t want to break the bank, you definitely need a FASTag, if you pay in cash, you will have to pay double

You may also like