ഇസ്ലാമാബാദ്:(Islamabad) അഫ്ഗാൻ-പാക് അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. 20 താലിബാനികൾ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാന്റെ അവകാശവാദം. അഫ്ഗാൻ പ്രകോപനം ഉണ്ടാക്കിയെന്നും തിരിച്ചടിച്ചെന്നുമാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. അതേസമയം, 12 സാധാരണക്കാർ പാക് ആക്രമണത്തിൽ മരിച്ചെന്നും ശക്തമായി തിരിച്ചടിച്ചെന്നും താലിബാൻ അവകാശപ്പെടുന്നു. നിരവധി പാക് സൈനികരെ വധിച്ചെന്നും സൈനിക പോസ്റ്റുകൾ തകർത്തെന്നും താലിബാൻ പറയുന്നു. ഏത് പാക് വെല്ലുവിളിയും നേരിടാൻ സജ്ജരായി സൈനികർ അതിർത്തിയിൽ നിലയുറപ്പിച്ചെന്നും താലിബാൻ അറിയിച്ചു.
നാല് ദിവസത്തിന് ശേഷം ഒരിക്കല്‍ കൂടി അഫ്ഗാൻ – പാക് അതിർത്തിയിൽ ഏറ്റുമുട്ടൽ ഉണ്ടായിരിക്കുകയാണ്. നാല് ദിവസം മുമ്പ് ഉണ്ടായ ഏറ്റുമുട്ടലില്‍ ഇതുപക്ഷത്തുമായി നൂറോളം പേര് കൊല്ലപ്പെട്ടിരുന്നു. സൈനിക പോസ്റ്റുകൾക്കുനേരെ ഇരുട്ടിന്റെ മറവിൽ അഫ്ഗാൻ സൈന്യം നടത്തിയ ആക്രമണത്തിൽ പാകിസ്താന് ഉണ്ടായത് കനത്ത നാശമാണ്. കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലില്‍ 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ അവകാശപ്പെടുന്നു. 23 സൈനികർ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ സമ്മതിച്ചിരുന്നു. തിരിച്ചടിയായി 200 താലിബാൻ സൈനികരെ കൊലപ്പെടുത്തി എന്ന് പാകിസ്ഥാനും അവകാശപ്പെടുന്നു.
അഫ്ഗാനിസ്ഥാൻ പാകിസ്ഥാൻ സംഘർഷത്തിൽ ഔദ്യോഗിക പ്രതികരണം ഒഴിവാക്കി ഇന്ത്യ. സംഘർഷം എങ്ങോട്ട് നീങ്ങുന്നത് നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സംഘർഷത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു. ഇന്ത്യ പിന്തുണയ്ക്കുന്ന റിബലുകളാണ് അതിർത്തിയിൽ പാകിസ്ഥാനെ ആക്രമിക്കുന്നതെന്നാണ് പാകിസ്ഥാൻ വാദം. അഫ്ഗാനിസ്ഥാൻ്റെ അഖണ്ഡത സംരക്ഷിക്കുന്നതിൽ ഇന്ത്യ താലിബാനെ ഐക്യദാർഢ്യം അറിയിച്ചു.
Highlights:Major clash on Afghan–Pakistan border; Pakistan claims 20 Taliban killed