പട്‌ന(patna): ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളിലെ പ്രതിസന്ധി കനക്കുന്നു. ബിജെപിയിൽ നിന്ന് കൂറുമാറിയവരെ പാർട്ടി അനുകൂലിക്കുകയും ദീർഘകാലമായി വിശ്വസ്‌തരായ പ്രവർത്തകരെ അവഗണിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് പാര്‍ട്ടിയുടെ വനിത വിഭാഗം നേതാവ് രംഗത്ത് എത്തി. ജില്ല പ്രസിഡൻ്റ് പദവി വഹിക്കുന്ന അജിത പാണ്ഡെയാണ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
വാര്‍ത്ത ഏജന്‍സിയായ ഐഎഎൻഎസിനോട് ഇതു സംബന്ധിച്ച് ഏറെ വികാരാധീനയായാണ് അജിത പാണ്ഡെ സംസാരിച്ചത്. “സോണിയ ജി, ഇത്തരക്കാർക്ക് ടിക്കറ്റ് നൽകിയാൽ കോൺഗ്രസ് ഇല്ലാതാകും” – അവര്‍ പറഞ്ഞു. കോൺഗ്രസ് രാജ്യസഭാ എംപി അഖിലേഷ് പ്രസാദ് സിങ്ങിൻ്റെ സമ്മർദത്തെത്തുടർന്ന് തൻ്റെ സ്ഥാനാർഥിത്വം റദ്ദാക്കിയതായി അജിത പാണ്ഡെ അവകാശപ്പെട്ടു.
താഴെത്തട്ടിലുള്ള പ്രവര്‍ത്തകരോട് പാര്‍ട്ടി നേതൃത്വം പെരുമാറുന്ന രീതിയില്‍ അജിത പാണ്ഡെ വേദന പ്രകടിപ്പിച്ചു. “രാവും പകലും ഞങ്ങൾ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചു. 12 മണിക്കൂർ ഷിഫ്റ്റുകളിലായി ഞങ്ങളെ നിയോഗിച്ചു. എല്ലാ പരിപാടികളിലും പങ്കെടുത്തു. എല്ലാ നിർദേശങ്ങളും പാലിച്ചു. ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും റെക്കോഡ് പാര്‍ട്ടിയുടെ കൈവശമുണ്ട്. സ്ത്രീകളുമായി ബന്ധപ്പെടാനും അവരുമായി ഇടപഴകാനും പ്രിയങ്ക ഗാന്ധി എന്നെ ഞങ്ങളോട് പറഞ്ഞു. അതാണ് ഞങ്ങൾ കൃത്യമായി ചെയ്യുന്നത്” അവർ പറഞ്ഞു.
35 വർഷത്തിലേറെയായി കോൺഗ്രസിനൊപ്പം നിൽക്കുന്ന അശോക് ഗഗനെപ്പോലുള്ള സമർപ്പിതരായ നേതാക്കളെ മാറ്റിനിർത്തി എന്നും അടുത്തിടെ ബിജെപിയിൽ നിന്ന് വന്നവര്‍ക്ക് ടിക്കറ്റ് നൽകിയെന്നും അവർ ആരോപിച്ചു. “ഇത് കോൺഗ്രസിൻ്റെ ആത്മാവിനോടുള്ള വഞ്ചനയാണ്. ദീർഘകാല പ്രവർത്തകരുടെ കഠിനാധ്വാനം പാഴാക്കി”- അവർ കൂട്ടിച്ചേർത്തു.
റൂറല്‍ പട്‌നയില്‍ നിന്നുള്ള ടിക്കറ്റിനായി അജിത പാണ്ഡെ ശക്തമായ സ്ഥാനാർഥിയായിരുന്നുവെന്നും മണ്ഡലത്തില്‍ മഹിളാ കോൺഗ്രസിൻ്റെ അടിസ്ഥാന ശൃംഖല കെട്ടിപ്പടുക്കുന്നതിൽ അവര്‍ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നുമാണ് അടുത്ത വ്യത്തങ്ങള്‍ പറയുന്നത്. നേതൃത്വത്തിനെതിരെ ഇവര്‍ പരസ്യമായി രംഗത്ത് എത്തിയത് ബിഹാർ കോൺഗ്രസിനുള്ളിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സീറ്റ് വിതരണ പ്രക്രിയയെ നിരവധി പ്രാദേശിക നേതാക്കൾ ചോദ്യം ചെയ്യുകയും കേന്ദ്ര നേതൃത്വം ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
അതേസമയം, ഇന്ത്യ സഖ്യത്തിനുള്ളിലും സീറ്റ് വിഭജനത്തിലെ പ്രതിസന്ധി പരിഹരിക്കപ്പെട്ടിട്ടില്ല. കോൺഗ്രസ് 60 സീറ്റുകളിൽ കൂടുതൽ മത്സരിക്കണമെന്ന് നിർബന്ധം പിടിക്കുമ്പോൾ, രാഷ്ട്രീയ ജനതാദൾ (ആർജെഡി) 58 സീറ്റുകൾ മാത്രമേ വാഗ്‌ദാനം ചെയ്യുന്നുള്ളൂ. ആർജെഡിയുടെ നിർദേശത്തെ മറികടന്ന് 65 മണ്ഡലങ്ങളിൽ വരെ സ്ഥാനാർഥികളെ നിർത്താൻ കോൺഗ്രസ് തയ്യാറെടുക്കുന്നുണ്ടെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്. എന്നാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് ഇതുവരെ പുറത്തിറക്കിയിട്ടില്ല.
Highlights:’Congress will be gone, long-time workers’ hard work wasted’, Bihar Congress erupts over seat sharing