തൃശൂർ(Thrissur): ഗുരുവായൂര്‍ ആനത്താവളത്തില്‍ ഗോകുല്‍ എന്ന കൊമ്പന്‍ ക്രൂരമര്‍ദനത്തിന് ഇരയായാണ് ചരിഞ്ഞതെന്ന ആരോപണം അന്വേഷിക്കാന്‍ വനം വകുപ്പിന് വൈമുഖ്യമെന്ന് പരാതി. വനം വകുപ്പിന്‍റെ നിസംഗതക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ ഗോകുല്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ചരിഞ്ഞത്.
ഇന്നലെ പുലര്‍ച്ചെ ജഡം കോടനാട് വനത്തിലേക്ക് കൊണ്ടുപോയി പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു.
കഴിഞ്ഞ ഫെബ്രുവരി 13ന് കൂട്ടാനയുടെ കുത്തേറ്റതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചതാണ് മരണ കാരണം എന്ന പ്രാഥമിക നിഗമനത്തിലാണ് വനം വകുപ്പ്. കഴിഞ്ഞ ദിവസം പാപ്പാന്മാരുടെ ക്രൂര മര്‍ദനത്തിന് ഇരയായെന്ന ആരോപണം വനം വകുപ്പ് മുഖവിലക്കെടുത്തിട്ടില്ല.
തല്‍ക്കാലം ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നില്ലെന്നും രാസപരിശോധനാഫലം വരുന്ന മുറയ്ക്ക് അന്വേഷിക്കാമെന്നും സോഷ്യല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അനില്‍ കുമാര്‍ പറഞ്ഞു.
എന്നാല്‍ ആനയെ മര്‍ദിച്ച പാപ്പാന്മാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കാതെ ഇടിമുറിയായി പ്രവര്‍ത്തിക്കുന്ന തെക്കേ പറമ്പില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ആനത്താവളം സന്ദര്‍ശിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സി. സാദിഖലി, കെ.വി. യൂസഫലി, കെ.കെ. ഹിരോഷ്, കെ.എസ്. ദിലീപ് എന്നിവര്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ ഉന്നതതല ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. ദേവസ്വം ആനകളുടെ ദുരൂഹ മരണങ്ങളും ക്രൂരതകളും അന്വേഷിക്കണമെന്നും രാഷ്ട്രീയ സ്വാധീനത്തിലുള്ള പാപ്പാന്‍ മാറ്റങ്ങള്‍ അവസാനിപ്പിണമെന്നും ബി.ജെ.പി. തൃശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ: നിവേദിത സുബ്രഹ്മണ്യന്‍ ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് അവര്‍ പറഞ്ഞു.
Highlights: Complaint that the forest department is not investigating the death of elephant Gokul