തിരുവനന്തപുരം(Thiruvananthapuram): മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണെതിരായ ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) സമൻസ് വിവാദത്തിൽ മുഖ്യമന്ത്രി തന്നെ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയത്തിൽ പ്രതിപക്ഷ നേതാക്കൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിലാണ് മറുപടി. വൈകാരികതയല്ല, ഉത്തരവാദിത്വമുള്ള മറുപടിയാണ് വേണ്ടത്. കേസ് എന്തിനാണ് ഇഡി മറച്ചുവെച്ചത്, അതിന് പിന്നിൽ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഈ വിഷയത്തിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇഡി നടപടിയെടുക്കുമ്പോൾ, പിണറായി വിജയന്റെ മകനെതിരായ അന്വേഷണത്തിൽ മാത്രം മൗനം പാലിച്ചത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. പിണറായി വിജയന്റെ മകനെതിരെ നടപടി എടുക്കരുതെന്ന് മുകളിൽ നിന്ന് ഇഡിക്ക് നിർദ്ദേശം വന്നോ? താൻ ബോംബ് പൊട്ടും എന്ന് പറഞ്ഞിട്ടില്ല. സിപിഎം സൂക്ഷിക്കണം എന്നാണ് പറഞ്ഞത്. പിണറായി വിജയനും സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന യൂത്ത് കോൺഗ്രസ് ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് അബിൻ വർകിയുടെ വിയോജിപ്പ് വ്യക്തിപരമായ കാര്യമാണ്. ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് യോഗ്യനായതിനാലാണ്. നിലവിലെ യൂത്ത് കോൺഗ്രസ് യോഗ്യരായവരുടെ ടീമാണ്. പുതിയ സംഘത്തിന് നിലവിലുള്ളതിനേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്നും സതീശൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാക്കളുടെ കേസുകൾ സംബന്ധിച്ച ആരോപണങ്ങൾക്കും അദ്ദേഹം മറുപടി നൽകി. കേസുകൾ എല്ലാവർക്കും ഉണ്ടെന്നും 250 കേസുകൾ വരെ നേരിടുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുണ്ട്. അതുകൊണ്ട് ആർക്കും യോഗ്യത ചോദ്യം ചെയ്യാനാവില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
Highlights: VD Satheesan wants the Chief Minister to respond to the ED summons against his son; ‘Abin Varkey’s personal opinion’