കാലിഫോര്‍ണിയ:(California) ആപ്പിളിന്റെ ഐഫോൺ 18 പ്രോ 2026-ൽ പുറത്തിറങ്ങും. ഇപ്പോഴിതാ ഐഫോൺ 18 പ്രോയെക്കുറിച്ചുള്ള നിരവധി വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഈ ഫ്ലാഗ്ഷിപ്പ് ഐഫോണ്‍ മോഡലിന്റെ രൂപകൽപ്പനയിലും ഹാർഡ്വെയറിലും കാര്യമായ മാറ്റങ്ങൾ വരുത്താൻ ആപ്പിൾ പദ്ധതിയിടുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ആപ്പിൾ ഉൽപ്പന്നങ്ങളെക്കുറിച്ച് മുമ്പ് കൃത്യമായ വിവരങ്ങൾ നൽകിയിട്ടുള്ള ചൈനീസ് വെയ്ബോ അക്കൗണ്ടായ ഇൻസ്റ്റന്റ് ഡിജിറ്റലിൽ നിന്നും ഡിജിറ്റൽ ചാറ്റ് സ്റ്റേഷനിൽ നിന്നുമാണ് ഈ റിപ്പോർട്ട് വരുന്നതെന്ന് മാക്റൂമെഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഐഫോൺ 14-ന്റെ മഞ്ഞ നിറത്തിലുള്ള വേരിയന്റും ആപ്പിൾ വാച്ച് അൾട്രാ 2-ന്റെ ടൈറ്റാനിയം മെറ്റൽ ലൂപ്പും ഇതേ അക്കൗണ്ട് മുമ്പ് കൃത്യമായി പ്രവചിച്ചിരുന്നു.
ഐഫോണ്‍ 18 സ്മാര്ട്ട്ഫോണിന്റെതായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മാറ്റം ചെറിയ ഡൈനാമിക് ഐലൻഡായിരിക്കും. ഐഫോൺ 18 പ്രോയിലും ഐഫോൺ 18 പ്രോ മാക്സിലും ഡൈനാമിക് ഐലൻഡിന്റെ വലിപ്പം കുറച്ചുകൂടി കുറയ്ക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഭാവിയിൽ പൂർണ്ണമായും എഡ്ജ്-ടു-എഡ്ജ് ഡിസ്പ്ലേ ഐഫോൺ കൊണ്ടുവരാനുള്ള ആപ്പിളിന്റെ നീക്കത്തിന്റെ ഭാഗമാണിതെന്നാണ് റിപ്പോർട്ടുകൾ.
ഐഫോൺ 18 പ്രോയുടെ ക്യാമറ ഡിസൈൻ ഐഫോൺ 17 പ്രോയ്ക്ക് സമാനമായിരിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. അൽപ്പം ഉയർന്ന പ്ലാറ്റ്ഫോമിൽ ഉൾക്കൊള്ളുന്ന ഒരു ത്രികോണാകൃതിയിലുള്ള ക്യാമറ സജ്ജീകരണം ഇതിൽ ഉണ്ടായിരിക്കുമെന്ന് ഡിജിറ്റൽ ചാറ്റ് സ്റ്റേഷനെ ഉദ്ദരിച്ച് മാക്റൂമെഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇത്തവണ സെറാമിക് ഷീൽഡ് ബാക്ക് പാനലിന് അല്പം ഫ്രോസ്റ്റഡ് അല്ലെങ്കിൽ സെമി-ട്രാൻസ്പരന്റ് ലുക്ക് ഉണ്ടായിരിക്കാമെന്നും ഇത് ഫോണിന് പുതിയ പ്രീമിയം ഗ്ലാസ് പോലുള്ള ഡിസൈൻ നൽകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഡിസ്പ്ലേ വലുപ്പത്തിന്റെ കാര്യത്തിൽ, ഐഫോൺ 18 പ്രോയ്ക്ക് 6.3 ഇഞ്ച് സ്ക്രീനും ഐഫോൺ 18 പ്രോ മാക്സിന് 6.9 ഇഞ്ച് സ്ക്രീനും ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.
48 എംപി ഫ്യൂഷൻ ക്യാമറയിൽ വേരിയബിൾ അപ്പർച്ചർ വരാം എന്നും റിപ്പോർട്ടുകൾ പറയുന്നു. അതായത് ഉപയോക്താക്കൾക്ക് ഇപ്പോൾ ക്യാമറയുടെ അപ്പർച്ചർ സ്വമേധയാ മാറ്റാൻ കഴിയും. ക്യാമറയുടെ ലെൻസിലൂടെ കടന്നുപോകുന്ന പ്രകാശത്തിന്റെ അളവ് വേരിയബിൾ അപ്പർച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് നിയന്ത്രിക്കാൻ കഴിയും. ഇത് പ്രകാശ നിയന്ത്രണവും ഡെപ് ഓഫ് ഫീല്‍ഡും മികച്ച രീതിയിൽ പരീക്ഷിക്കാൻ അവരെ അനുവദിക്കുന്നു. നിലവിൽ ഐഫോൺ പ്രോ മോഡലുകൾക്ക് ഒരു നിശ്ചിത f/1.78 അപ്പർച്ചർ ആണുള്ളത്. പുതിയ സിസ്റ്റം വന്നാൽ, ഈ സവിശേഷത ഐഫോണിനെ പ്രൊഫഷണൽ ക്യാമറ നിലവാരത്തിലേക്ക് അടുപ്പിക്കും.
ടിഎസ്എംസിയുടെ 2 എൻഎം പ്രോസസ് സാങ്കേതികവിദ്യയിൽ നിർമ്മിച്ച പുതിയ എ20 പ്രോ ചിപ്സെറ്റ് ആപ്പിൾ ഉപയോഗിക്കും. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ശക്തവും കാര്യക്ഷമവുമായ ചിപ്പ് ഇതായിരിക്കും. വേഗതയേറിയതും വിശ്വസനീയവുമായ കണക്റ്റിവിറ്റി നൽകുന്ന ആപ്പിളിന്റെ സ്വന്തം സി2 മോഡവുമായി ഇത് ജോടിയാക്കപ്പെടും. മറ്റൊരു ശ്രദ്ധേയമായ മാറ്റം ക്യാമറ കണ്ട്രോള് ബട്ടണായിരിക്കാം. കൈകാര്യം ചെയ്യാന്‍ കൂടുതല്‍ എളുപ്പമാകുന്ന തരത്തില്‍ ക്യാമറ കണ്ട്രോള് ബട്ടണ്‍ റീ-ഡിസൈന്‍ ചെയ്യുമെന്നാണ് സൂചന.
Highlights: iPhone 18 Pro set to launch next year with groundbreaking new features