Saturday, December 6, 2025
E-Paper
Home Keralaപുതിയ പാർട്ടി രൂപീകരിച്ച് ജനതാദൾ എസ്; ‘ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ’ പാർട്ടി പ്രഖ്യാപനം നവംബർ രണ്ടിന്

പുതിയ പാർട്ടി രൂപീകരിച്ച് ജനതാദൾ എസ്; ‘ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ’ പാർട്ടി പ്രഖ്യാപനം നവംബർ രണ്ടിന്

by news_desk2
0 comments

തിരുവനന്തപുരം: (Thiruvananthapuram) എച്ച്.ഡി. ദേവെഗൗഡ നയിക്കുന്ന ജനതാദൾ എസിലെ പിളർപ്പ് പൂർത്തിയായി. ദേശിയ നേതൃത്വം ബിജെപിയുമായി കൂട്ടുചേർന്നതിൽ പ്രതിഷേധിച്ച് മാറിനിന്ന കേരള ഘടകം പുതിയ പാർട്ടി രൂപീകരിച്ചു. ‘ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ’ എന്നാണ് പുതിയ പാർട്ടിയുടെ പേര്. പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നവംബർ 2ന് കൊച്ചിയിൽ നടക്കും. ചക്രത്തിനുള്ളിൽ പച്ചില എന്നതാകും പുതിയ പാർട്ടിയുടെ ചിഹ്നം.

കന്നട രാഷ്ട്രീയത്തിലെ സാധ്യതകൾ കണ്ട് ബിജെപിക്കൊപ്പം പോയ ദേവെഗൗഡയെ കേരള ഘടകം കൈവിട്ടിട്ട് മാസങ്ങളായി. കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യത കൽപ്പിക്കുമോയെന്ന് ഭയന്ന് മുങ്ങിയും പൊങ്ങിയും നിന്ന ജനതാദൾ (എസ്) സംസ്ഥാന ഘടകം പാർട്ടി പിളർത്തി പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു. ഇന്നലെ ചേർന്ന സംസ്ഥാന നേതൃയോഗം പാർട്ടി രൂപീകരിക്കലിന് അംഗീകാരം നൽകി. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ എന്ന പേരിൽ പാർട്ടി രജിസ്ട്രേഷൻ കഴിഞ്ഞു. ചക്രത്തിനുള്ളിൽ ഒരില ചിഹ്നമായി ലഭിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചു. മുകളിൽ പച്ചയും താഴെ വെള്ളയും നിറമുള്ളതായിരിക്കും പുതിയ പാർട്ടിയുടെ കൊടി.

കൂറുമാറ്റ ഭീഷണി ഒഴിവാക്കാൻ മാത്യു ടി. തോമസും കെ. കൃഷ്ണൻകുട്ടിയും ആദ്യഘട്ടത്തിൽ സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് വരാനിടയില്ല. ഈ നിയമസഭയുടെ കാലാവധി കഴിഞ്ഞ ശേഷം മാത്യു ടി. തോമസോ കെ. കൃഷ്ണൻകുട്ടിയോ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കും. നിലവിലുള്ള ഭാരവാഹികൾ അതേ സ്ഥാനങ്ങളിൽ തുടരാനും ധാരണയായി. പുതിയ പാർട്ടി രൂപീകരിച്ചതോടെ ദേശിയ തലത്തിൽ ബിജെപിയെ പിന്തുണക്കുന്ന പാർട്ടിയുടെ ഭാഗമെന്ന ദുഷ്പേരിൽ നിന്ന് കേരളത്തിലെ ജനതാ സോഷ്യലിസ്റ്റുകൾ രക്ഷപ്പെടും.

Highlights : Split complete in JD(S),‘Indian Socialist Janata Dal’

You may also like