Saturday, December 6, 2025
E-Paper
Home Keralaഅരുന്ധതി റോയിയുടെ പുസ്‌തക കവർ വിവാദം: ഹര്‍ജി തള്ളി ഹൈക്കോടതി, പ്രശസ്‌തി ലക്ഷ്യമാക്കരുതെന്ന് ഹര്‍ജിക്കാരന് വിമര്‍ശനം

അരുന്ധതി റോയിയുടെ പുസ്‌തക കവർ വിവാദം: ഹര്‍ജി തള്ളി ഹൈക്കോടതി, പ്രശസ്‌തി ലക്ഷ്യമാക്കരുതെന്ന് ഹര്‍ജിക്കാരന് വിമര്‍ശനം

by news_desk
0 comments

കൊച്ചി(Kochi): പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകമായ ‘മദര്‍ മേരി കംസ് ടു മി’യുടെ കവർ ചിത്രത്തിൽ പുകവലിക്കുന്ന ചിത്രം നൽകിയതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. പൊതുതാൽപര്യ ഹർജികൾ പ്രശസ്തിക്കുവേണ്ടി ഉപയോഗിക്കരുതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹർജിക്കാരന് മുന്നറിയിപ്പ് നൽകി.

കവർ പേജിലെ ചിത്രം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് അഭിഭാഷകനായ എ രാജസിംഹനായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. നിയമപരമായ മുന്നറിയിപ്പില്ലാത്ത കവർപേജിലെ ചിത്രം സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പുസ്തകത്തിൻ്റെ വിൽപ്പന തടയണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. അരുന്ധതി റോയി, പ്രസാധകരായ പെൻഗ്വിൻ ബുക്സ്, കേന്ദ്ര സർക്കാർ എന്നിവരായിരുന്നു ഹർജിയിലെ എതിർ കക്ഷികൾ.

കവർ പേജിൽ നിയമപരമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കാതെയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചതെന്ന് ഡിവിഷൻ ബെഞ്ച് വിമർശിച്ചു. പുകവലി ചിത്രവുമായി ബന്ധപ്പെട്ട പരാതികൾ വിദഗ്ധ സമിതിക്ക് മുന്നിലാണ് നൽകേണ്ടതെന്നും ഹൈക്കോടതിയെ സമീപിച്ചതിന് പിന്നിലെ ലക്ഷ്യം പ്രശസ്തി നേടലാണെന്നും കോടതി ചൂണ്ടിക്കാട്ടി. “പൊതുതാൽപര്യ ഹർജി പ്രശസ്തിയ്ക്ക് വേണ്ടി ഉപയോഗിക്കരുത്,” എന്നും കോടതി കർശനമായി നിർദ്ദേശിച്ചു.

സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിത്വമായ അരുന്ധതി റോയി പുകവലിക്കുന്ന ചിത്രം, പുകവലിയെ മഹത്വവൽക്കരിക്കുന്നുവെന്നും, സ്ത്രീകൾക്കും യുവാക്കൾക്കും ഇടയിൽ തെറ്റായ സന്ദേശം നൽകുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ചിത്രം പുകയില ഉപയോഗിക്കാൻ നിരവധി പേർക്ക് പ്രചോദനമായേക്കാം എന്നതായിരുന്നു ഹർജിക്കാരൻ്റെ പ്രധാന വാദം.

പുകവലിക്കുന്ന ദൃശ്യം പ്രദര്‍ശിപ്പിക്കുമ്പോള്‍ ‘പുകവലി ആരോഗ്യത്തിന് ഹാനികരം’ അല്ലെങ്കില്‍ ‘പുകയില കാന്‍സറിന് കാരണമാകുന്നു’ തുടങ്ങിയ നിയമപരമായ മുന്നറിയിപ്പ് ഈ നിയമപ്രകാരം നിര്‍ബന്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. പുസ്തകത്തിൻ്റെ രചയിതാവ് സിഗരറ്റ് വലിക്കുന്ന ചിത്രം പുസ്തകശാലകളിലും ലൈബ്രറികളിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ഉള്‍പ്പടെ വ്യാപകമായി ലഭ്യമാണ്. ഇത് പൊതുജനങ്ങളിലേക്ക്, പ്രത്യേകിച്ച് യുവജനങ്ങളിലേക്ക്, പുകവലി ഫാഷനും ബൗദ്ധിക ഉത്തേജനവും സര്‍ഗ്ഗാത്മകതയുമായി ബന്ധപ്പെട്ടതാണെന്ന തെറ്റിദ്ധാരണയും അനാരോഗ്യകരമായ സന്ദേശവും നല്‍കുമെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞിരുന്നു.

എന്നാൽ, പുസ്തക കവറിലെ നിയമപരമായ മുന്നറിയിപ്പ് പരിശോധിക്കുന്നതിൽ ഹർജിക്കാരൻ വരുത്തിയ വീഴ്ചയും, വിഷയം വിദഗ്ധ സമിതിക്ക് മുന്നിൽ ഉന്നയിക്കുന്നതിന് പകരം നേരിട്ട് ഹൈക്കോടതിയെ സമീപിച്ചതും ഹർജി തള്ളുന്നതിന് കാരണമായി.

ഓഗസറ്റ് എട്ടിനാണ് പുസ്തകം പുറത്തിറങ്ങിയത്. അരുന്ധതി റോയിയുടെ പുതിയ കൃതിയുടെ പ്രകാശനത്തിന് പിന്നാലെ ഉയർന്നുവന്ന വിവാദങ്ങൾക്കാണ് ഹൈക്കോടതി വിധിയിലൂടെ തിരശ്ശീല വീണത്.

Highlights: Arundhati Roy’s book cover controversy: High Court dismisses petition, criticizes petitioner for not aiming for fame

You may also like