ചെറുതും വലുതുമായ ഒട്ടനവധി സമരങ്ങൾ കണ്ട നാടാണ് കേരളം. രാഷ്ട്രീയപരവും സാമൂഹികപരവുമായ സമരങ്ങളാണ് ഏറെയും. നീതി നിഷേധങ്ങൾക്കെതിരെ അവസര സമത്വങ്ങൾ ഇല്ലായ്മയ്ക്കെതിരെ തെരുവുകൾ കലാപകലുഷിതമായിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതിഷേധങ്ങളെ ഒരുതരത്തിലും ആരും അടിച്ചമർത്താൻ നോക്കിയാലും ഇല്ലാതാക്കാൻ കഴിയില്ല കാരണം പ്രതിഷേധങ്ങൾ സമരങ്ങൾ ജനാധിപത്യത്തിൻറെ ഭാഗമാണ്. ആശയപരമായ സംവാദങ്ങൾക്കൊപ്പം തന്നെ പോരാട്ടങ്ങളുടേത് കൂടിയാകുമ്പോഴാണ് രാഷ്ട്രീയത്തിന്റെ അകവും പുറവും ശക്തമാകുന്നത്.ബലമുള്ള അടിത്തറ ഉണ്ടെങ്കിലേ ജനകീയമായ പിന്തുണയും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും സാമൂഹിക പ്രസ്ഥാനങ്ങൾക്കും ആർജിക്കാൻ കഴിയും. പുതിയകാലത്ത് തെരുവിലെ സമരങ്ങളേക്കാൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഫൈറ്റുകൾക്കാണ് കൂടുതൽ പ്രാധാന്യം വരുന്നത്.
ലൈക്കിലും ഷെയറിനും കമന്റിലും റിപ്പോസിനും അപ്പുറം പൊളിറ്റിക്സ് എന്ന തെരുവിലേക്ക് എത്തുന്നില്ല എന്നുള്ളതാണ് വസ്തുത. അതിനുമപ്പുറം ഒരു ലോകമുണ്ടെന്ന് തെളിയിക്കാൻ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ബാലപാഠകൾ അവിടെനിന്നാണ് മനസ്സിലാക്കേണ്ടത് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ ഇന്ത്യയിലെ തന്നെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പോരാട്ടങ്ങളുമായി സമരങ്ങളുമായി തെരുവിലിറങ്ങിയിട്ട് ഇരിക്കുന്ന ഒരു സ്ഥിതിയുണ്ട്. മുതിർന്നവരും യുവജനങ്ങളുമായ സമൂഹത്തിന്റെ പര്യായങ്ങളെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന്റെ ഉള്ളിലേക്ക് അടച്ചിരുത്തിയാൽ ഇവിടെ നഷ്ടപ്പെടുന്നത് ചിന്തയും കാഴ്ചപ്പാടുകളും സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാത്ത ഇൻസ്റ്റന്റ് തലമുറകളാകും. അത് സത്യത്തിൽ സർവ്വനാശത്തിലേക്കുള്ള വഴിതുറക്കൽ ആകും. നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിൻറെ രാഷ്ട്രീയ മനസ്സ് സമരങ്ങളിലേക്ക് പ്രതിഷേധങ്ങളിലേക്കും നീങ്ങുകയാണ്.കലാലയ യൂണിയനുകളുടെ തെരഞ്ഞെടുപ്പുകൾ പൂർത്തിയായി ഘട്ടത്തിൽ സ്വാഭാവികമായി തോറ്റവരും ജയിച്ചവരും തമ്മിലുള്ള വെല്ലുവിളികളും ആഹ്ലാദപ്രകടനങ്ങളും ആവേശപ്രകടനങ്ങളും സ്വാഭാവികമാണ്.അവിടെ പക്ഷേ കരുത്ത് തെളിയിക്കാൻ ഇറങ്ങിപ്പുറപ്പെട്ട രാഷ്ട്രീയ അന്തർ നാടകങ്ങളുടെ വേദിയാക്കി ക്യാമ്പസ് രാഷ്ട്രീയത്തെ മാറ്റുന്നത് അംഗീകരിക്കാൻ ആവില്ല.
അത്തരം ആഭാസത്തരങ്ങൾക്ക് ഉപയോഗിക്കാനുള്ള ആയുധമല്ല പ്രതിഷേധങ്ങൾ. വ്യക്തിപരമായ രാഷ്ട്രീയത്തെ എന്നുമുതൽ ജനാധിപത്യ പ്രസ്ഥാനങ്ങൾ വളർത്തി തുടങ്ങിയ അവിടെ മുതൽ അത്തരം പാർട്ടികളുടെ അടിത്തറയ്ക്ക് വലിയതോതിൽ ഇളക്കം ഉണ്ടായിട്ടുണ്ട്. ഏതുതരത്തിലുള്ള സമരവും നടത്താം പ്രതിഷേധങ്ങളാണ് വെല്ലുവിളികൾ ആകാം മുദ്രാവാക്യങ്ങൾ ആകാം പക്ഷേ അതിലെല്ലാം ജനാധിപത്യപരമായ അന്തസ്സും മാന്യതയും ഉണ്ടാകണം. സങ്കുചിതമായ താല്പര്യങ്ങളുടെ പേരിൽ തെരുവിൽ മഹത്തായ ആശയത്തിന്റെയും കൊടിയുടെയും കീഴിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ അഭിമാനത്തെയും മേൽവിലാസത്തെയും പരിഹസിക്കുന്ന തരത്തിൽ പൊതുജനങ്ങൾക്ക് മുൻപിൽ നാടകം കളിക്കരുത്. പറയാനുള്ളത് പറയാനും കേൾക്കാനുള്ളത് കേൾക്കാനും അറിയാനുള്ളത് അറിയാനും ജനതയ്ക്ക് കഴിവും പ്രാപ്തിയും ഉണ്ട്. ഇപ്പോൾ സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ലാത്തി ചാർജിന്റെയും ഒക്കെ ഇടയിൽ സോഷ്യൽ മീഡിയ പൊളിറ്റിക്സ് നടത്തുന്നവർ ഇറങ്ങുന്നതിനു മുമ്പ് ഇന്നലകളിൽ ഈ വഴിയിലൂടെ നടന്നു പോയവരുടെ ജീവിതം പകർത്താൻ കഴിഞ്ഞില്ലെങ്കിലും അറിയാനെങ്കിലും ശ്രമിക്കണമായിരുന്നു.
ധീരമായ സമരങ്ങൾ പര്യായങ്ങൾ ഇല്ലാത്ത ചെറുത്തുനിൽപ്പുകൾ നടത്തി അവകാശങ്ങളും അധികാരങ്ങളും നേടിയെടുത്ത മണ്ണാണ് കേരളം .അതിനുവേണ്ടി മഷി കുപ്പികൾ അല്ല ചിന്തിയത് മനുഷ്യരക്തം തന്നെയാണ്. നവകാലത്തിന്റെ രാഷ്ട്രീയം ആദർശവും മൂല്യങ്ങളും നഷ്ടപ്പെട്ട് ഷോ ഓഫ് പൊളിറ്റിക്സായി മാറുന്നത് നാടിന് ഭൂഷണമല്ല.
Highlights: TANINIRAM EITORIAL TODAY 12.10.2025
സമരങ്ങൾ വെറും ഷോകളല്ല
0