തിരുവനന്തപുരം(Thiruvananthapuram): നെയ്യാറ്റിൻകരയിൽ ബേക്കറി ഉടമയായ സ്ത്രീ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ കേസെടുത്ത് പൊലീസ്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കോൺഗ്രസ് കൗൺസിലർ ജോസ് ഫ്രാങ്ളിനെ പൊലീസ് പ്രതി ചേർത്തത്.
വായ്പ ശരിയാക്കാമെന്ന രീതിയിൽ സമീപിച്ച് നിരന്തരം കൗൺസിലർ മോശമായി പെരുമാറിയെന്നാണ് മക്കൾക്കെഴുതിയ ആത്മഹത്യാ കുറിപ്പിൽ പരാമർശമുണ്ടായിരുന്നു. ഫോൺ രേഖകളും ഇയാളുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
നെയ്യാറ്റിൻകര നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കോൺഗ്രസ് നേതാവുമാണ് ജോസ് ഫ്രാങ്ക്ളിൻ. അതേസമയം, ആരോപണം ജോസ് ഫ്രാങ്ക്ലിൻ നിഷേധിച്ചു. സഹായിക്കുക മാത്രമാണ് ചെയ്തതെന്നാണ് വാദം. കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര സ്വദേശിയായ വീട്ടമ്മ പൊള്ളലേറ്റു മരിച്ചത്. വീട്ടിലെ പാചകവാതക സിലിണ്ടറിൽ നിന്ന് ഇന്ധനം ചോർന്നു മരിച്ചതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ കുറിപ്പ് കണ്ടെടുത്തതോടെയാണ് ആത്മഹത്യ എന്ന നിഗമനത്തിൽ എത്തിയത്. മൂന്നുമാസം മുമ്പ് വീട്ടമ്മ ഒരു ബേക്കറി തുടങ്ങിയിരുന്നു. ജോസ് ഫ്രാങ്കളിൻ പ്രസിഡന്‍റ് ആയ സൊസൈറ്റി വഴി വീട്ടമ്മ വായ്പയ്ക്ക് ശ്രമിച്ചിരുന്നു.
Highlights: Congress councilor named as accused in bakery owner woman’s suicide