Saturday, December 6, 2025
E-Paper
Home Editorialശബരിമലയിലെ ഗൂഢാലോചന തെളിയണം

ശബരിമലയിലെ ഗൂഢാലോചന തെളിയണം

by news_desk
0 comments

ശബരിമല സ്വർണ്ണ പാളി മോഷണത്തിൽ നിന്ന് ആരംഭിച്ച വിവാദങ്ങൾ അങ്ങേയറ്റം ഗുരുതരമായ ക്രമക്കേടുകളിലേക്ക് വഴി തുറന്നിരിക്കുകയാണ്. മഹാക്ഷേത്രത്തിന്റെ സ്വത്തുക്കൾ പലവിധത്തിൽ തെറ്റായ കൈകളാൽ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഗുരുതരമായ വിവരം. അതുകൊണ്ടുതന്നെയാണ് പ്രത്യേക അന്വേഷണസംഘത്തോട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസന്വേഷണം നടത്താനും വളരെ പെട്ടെന്ന് തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. മാനവികതയുടെയും മതേതരത്വത്തിന്റെയും പ്രതീകമായ ശബരിമലയെ ചുറ്റിപ്പറ്റി നടന്നിട്ടുള്ള എല്ലാ ക്രമക്കേടുകളെ സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങൾ സത്യസന്ധമായ അന്വേഷണത്തോടുകൂടി കണ്ടെത്തി കുറ്റക്കാരെ വിളിച്ചു കൊണ്ടു വരേണ്ടതുണ്ട്.

വിശ്വാസ സമൂഹത്തോടൊപ്പം തന്നെ കേരളീയ മനസ്സാക്ഷിക്കും ഈ കാട്ടുകൊള്ളയ്ക്ക് പിന്നിലുള്ള ഗൂഢാലോചനയെ സംബന്ധിച്ചും പ്രതികളെക്കുറിച്ചും അറിയേണ്ടതുണ്ട്. അന്വേഷണസംഘം നേരിട്ട് ഹൈക്കോടതിയിൽ തന്നെ റിപ്പോർട്ട് ചെയ്യണമെന്നുള്ള കോടതി നിലപാടിൽ ബാക്കി ശക്തികളുടെ ഇടപെടൽ ഉണ്ടാകാനുള്ള സാധ്യതകൾ അടഞ്ഞിരിക്കുകയാണ്. എഫ്.ഐ.ആർ ഇട്ട് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി നിലപാട് ക്രമക്കേടുകളെ അടിവരയിടുന്നതിന് തുല്യമാണ്. അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലാത്തത്ര ഗുരുതരമായ സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. സ്വർണ്ണപ്പാളിയിലും ദ്വാരപാലക ശില്പത്തിലും മാത്രമല്ല കതകും കട്ടളപ്പടിയിലും യോഗ ദണ്ഡിലും നിത്യം ഉപയോഗിക്കുന്ന പത്രങ്ങളിലും വൻ ക്രമക്കേടുകൾ നടന്നിരിക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. വർഷങ്ങളായി നടന്ന കൊള്ളകൾ ഹൈക്കോടതി ചൂണ്ടിക്കാട്ടുമ്പോളാണ് സംസ്ഥാനം അറിയുന്നത്.

വൻ സുരക്ഷാ സംവിധാനങ്ങളാൽ കഠിനമായ നിയന്ത്രണങ്ങളാൽ നിയന്ത്രിതമായ ശബരിമലയിൽ നടന്ന ഈ വലിയ മോഷണം ആഭ്യന്തര വകുപ്പും, ദേവസ്വം ബോർഡും അറിഞ്ഞില്ലായെന്ന് പറയുന്നത് തന്നെ പച്ചക്കള്ളമാണ്. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നവെന്ന് നിലപാട് സ്വീകരിക്കുമ്പോഴും സർക്കാരിൽ ഇതിൻ്റെ പങ്ക് പറ്റിയവർ ഉണ്ടെന്നുള്ളത് സാഹചര്യ തെളിവുകളെ പരിശോധിക്കുമ്പോൾ ബോധ്യപ്പെടുന്നുണ്ട്. കേരളത്തിൻ്റെ ക്രമസമാധനത്തെ ബാധിക്കാതെ നിയമപരമായ ചട്ടക്കൂട്ടിൽ തന്നെ നിലനിർത്തി ജനവിശ്വാസത്തോടെ വിഷയത്തെ പരിഹരിക്കണം. ഇതിനെ ഒരു സുവർണ്ണാവസരമായി കണ്ട് നാടിനെ ഭിന്നിപ്പിക്കാനുള്ള ആയുധമായി ശബരിമലയെ ഇന്നലെകളിൽ ഉപയോഗിക്കാൻ പലരും ശ്രമിച്ചത് മറക്കാനാവുന്നതല്ല. വീണ്ടും അതിനുള്ള അരങ്ങ് ഒരുക്കം പല തരത്തിൽ നടക്കുന്നുവെന്നതും ജാഗ്രതയോടെ കാണേണ്ടതുണ്ട്. ആചാരങ്ങളെയും വിശ്വാസങ്ങളെയും വൈകാരികതയോടെ സമീപിക്കുന്ന സമൂഹത്തിന് ഏറ്റ ആഘാതവും മായ്ക്കേണ്ടതാണ്. അതിനാൽ സമയബന്ധിതമായി തന്നെ ശബരിമല കൊള്ളയുടെ അന്വേഷണങ്ങൾ പൂർത്തിയാക്കി സത്യം പുറത്ത് വിടണം.

Highlights: taniniram editorial today 11.10.2025

You may also like