Saturday, December 6, 2025
E-Paper
Home Editorialസഭാതലം സഭ്യമാവണം

സഭാതലം സഭ്യമാവണം

by news_desk
0 comments

ജനാധിപത്യത്തിന്റെ പരമോന്നത സഭയാണ് നിയമസഭ. ഏറ്റവും പവിത്രമായ ഇടം. നിയമസഭയിൽ പ്രസംഗിക്കാൻ ഉപയോഗിക്കുന്ന വാക്കിനും ശൈലിക്കും വലിയ പ്രാധാന്യവും ശ്രദ്ധയും വേണം. ചരിത്രത്തിൽ അത് രേഖപ്പെടുത്തപ്പെടുന്നതാണ്. മഹാരഥന്മാരായ ഒട്ടനവധി നിയമസഭാ സാമാജികരുടെ മനുഷ്യ പക്ഷത്തിന്റെയും മാനവികതയുടെയും പകർപ്പുകളായി കാലം വിലയിരുത്തപ്പെടുന്ന പര്യായങ്ങൾ ഇല്ലാത്ത പ്രസംഗങ്ങൾ ഇടപെടലുകൾ ഒരുപാട് കണ്ട നിയമസഭയാണ് കേരളത്തിൻ്റേത്. അവിടെയാണ് തികച്ചും മനുഷ്യവിരുദ്ധവും മര്യാദയില്ലാത്തതുമായ പദപ്രയോഗങ്ങൾ തുടർക്കഥ പോലെ ആവർത്തിക്കപ്പെടുന്നത്. അന്തസ്സുള്ള പാർലമെന്ററി സംവിധാനത്തിന് നിയമനിർമ്മാണ വ്യവസ്ഥയ്ക്ക്  പാർലമെന്ററി മര്യാദകൾക്ക് ഘടകവിരുദ്ധവും മായിച്ചു കളയാനാവാത്ത അപമാനകരമായ പ്രസ്താവനകളാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഭരണകക്ഷിയിലെ എം.എൽ.എയുടെ ഭാഗത്തുനിന്നും രണ്ടുദിവസങ്ങളിലായി ഉണ്ടായിട്ടുള്ളത്. രാഷ്ട്രീയ സാമൂഹിക രംഗത്തെ ദീർഘകാല അനുഭവമുള്ള ജനനേതാവാണ് പിണറായി വിജയൻ. ജീവിതാനുഭവങ്ങൾ നെഞ്ചേറ്റിയ കരുത്തുമായി കേരള നിയമസഭ പോരാട്ടത്തിന്റെ ചോര വീണ ഷർട്ട്മായി അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെയും കേരള മനസ്സാക്ഷിയെയും പിടിച്ചു കുലുക്കിയ പിണറായി വിജയൻ എന്ന യുവ സാമാജികനെ പതിറ്റാണ്ടുകൾക്കിപ്പുറവും കേരളം മറന്നിട്ടില്ല. അത്രയും ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതും കൃത്യവും വ്യക്തവും ആധികാരികവുമായ പ്രസംഗങ്ങൾ അവതരിപ്പിച്ചിട്ടുള്ള പിണറായി വിജയൻ അതും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത തരത്തിലുള്ള  സംസ്കാര ശൂന്യമായ പ്രയോഗമാണ് ഉണ്ടായിട്ടുള്ളത്. നിയമസഭയിൽ ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നും പ്രസംഗിക്കുമ്പോഴും അല്ലാത്തപ്പോഴും വിവിധങ്ങളായ പരാമർശങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ,അതിനെല്ലാം സാമാന്യമായ ചട്ടക്കൂട് ഇരു വിഭാഗങ്ങളും പുലർത്തി പോരാറുണ്ട്. ദൗർഭാഗ്യവശാൽ ഈയടുത്തകാലത്ത് നടക്കുന്നത് എല്ലാം ഏറ്റവും മോശമായ തരത്തിലുള്ള പരാമർശങ്ങളാണ്.

നിയമസഭയിൽ പ്രതിഷേധത്തിന്റെ ഭാഗമായി നടുതളത്തിൽ ഇറങ്ങിയ പ്രതിപക്ഷ അംഗത്തിന്റെ ഉയരക്കുറവിനെയും ആരോഗ്യസ്ഥിതിയെയും കുറിച്ച് നാട്ടു പഴമൊഴിയെ ഉദ്ധരിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയിട്ടുള്ള പരാമർശം ഖേദകരവും അപലപനീയവുമാണ്. ഉയര കുറവ് ഒരു അപമാനക്കുറവായി ആരും കാണേണ്ടതില്ല. ഒരാളെയും അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ വിമർശിക്കാനോ ഉള്ള ആയുധമായി അതിനെ ഉപയോഗിക്കുന്നത് ഹീനവും പൈശാചികവും ആയ പ്രവർത്തിയാണ്. പുരോഗതിയുടെ വാതായനങ്ങൾക്കൊപ്പം നടക്കുന്നവർ എന്ന് പറയുന്ന പലരും ഇന്നും പഴകിയതും ദ്രവിച്ചതുമായ ഇന്നലകളുടെ ആലസ്യത്തിൽ നിന്ന് ഉണർന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഈ വാക്കുകൾ പ്രസംഗിക്കുമ്പോൾ കയ്യടിച്ച എം.എൽ.എമാരും മന്ത്രിമാരും തെളിയിക്കുകയാണ്. കേരളം ഭിന്നശേഷി സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ മികച്ച പ്രകടനമാണ് ഇതുവരെ നടത്തിയിട്ടുള്ളത്. ആ നേട്ടത്തിന് ക്ഷതം ഏൽപ്പിക്കുന്ന തരത്തിലാണ് നിയമസഭയിലെ അംഗം ഇന്നലെ സഭയിൽ നടത്തിയ വിവാദപരമായ പരാമർശം.

ജനനവും മരണവും ഒരിക്കലും പ്രവചിക്കാനാവാത്തതാണ്. കാലം തെറ്റി പെയ്യുന്ന മഴപോലെ അത് ഏത് നിമിഷവും ഏത് രീതിയിലും സംഭവിക്കാം. ആരും സമ്പൂർണ്ണരായി ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല. കുറ്റങ്ങളും കുറവുകളും ശരികളും ശരികേടുകളും വിജയവും പരാജയവും എല്ലാം ആപേക്ഷികമാണ്. വ്യക്തിപരമായി മനസ്സിൽ തോന്നിയിട്ടുള്ള വികാരപ്രകടനങ്ങൾ സ്വയമേ ആളാകാൻ വേണ്ടി നടത്തുന്ന ആവേശകരമായ സംസാരങ്ങൾ അത് ചെന്ന് പതിക്കുന്ന ആളുകളിൽ സൃഷ്ടിക്കുന്ന കേൾക്കുന്ന കേൾവിക്കാരിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടും അസ്വസ്ഥതയും മുഖ്യമന്ത്രിയും എം.എൽ.എമാരും മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ ആരാണ് അതൊക്കെ ഉൾക്കൊള്ളുക. തലമുറകൾക്ക് വഴികാട്ടിയായി മാതൃകകളായി മാറേണ്ടവരാണ് ഇത്തരത്തിലുള്ള നെറികെട്ട പ്രവർത്തികൾ നടത്തുന്നതെന്ന് ഓർക്കുമ്പോൾ ആണ് കഷ്ടം തോന്നുന്നത്. ഇതൊരു മാറ്റത്തിന്റെ കാലമാണ് വാക്കുകളുടെ അക്ഷരങ്ങളുടെ ചിന്തകളുടെ പൊളിച്ചെഴുത്ത് നടത്തി.തുല്യനീതിയുടെ അവസര സമത്വത്തിന്റെ നവീനമായ കാഴ്ചപ്പാടുകൾ രചിക്കപ്പെടുന്ന കാലം. അവിടെ പ്രാകൃതമായ വാക്കുകളും അനാചാരങ്ങളും കൊണ്ട് മലീമസമാക്കാൻ ശ്രമിക്കുന്നത് നീതികേടാണ്. ഉൾക്കൊള്ളലിന്റെയും തുറന്ന സംവാദങ്ങളുടെയും സമയത്തിലേക്കാണ് സർവ്വരും നീങ്ങേണ്ടത്.

നിയമനിർമ്മാണ സംവിധാനത്തിലും ഭരണഘടനാ മൂല്യങ്ങൾ കണ്ണില കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്നതിലും മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള കേരളത്തിന്റെ നിയമസഭ അത്തരമൊരു തിരുത്തലിന് അടിയന്തരമായി തന്നെ തയ്യാറാകേണ്ടതായിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് നിയമസഭ പിരിയുന്നതിനു മുൻപേ നടത്തിയ പരാമർശങ്ങളിൽ മുഖ്യമന്ത്രിയും എംഎൽഎയും മാപ്പുപറഞ്ഞ് സഭാ രേഖകളിൽ നിന്ന് അത് നീക്കം ചെയ്യാൻ ഔദ്യോഗികമായി ആവശ്യപ്പെടേണ്ടതും ആയിരുന്നു.കേരളം പ്രതീക്ഷിച്ചിരുന്നു. സമാനമായ നാക്ക് പിഴകളിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സൃഷ്ടിച്ച മാതൃക അനുകരണീയമെന്ന് അഭിനന്ദിച്ച സ്പീക്കർ അതിനു മുൻകൈ എടുക്കണമായിരുന്നു. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ അംഗീകരിക്കുകയില്ല. നാടിൻ്റെ മുഖങ്ങളായ വ്യക്തികൾ കാത്തുസൂക്ഷിക്കേണ്ടതും പുലർത്തി പോരേണ്ടതുമായ നന്മകളെ പരസ്പര ബഹുമാനത്തെ ചൂണ്ടിക്കാണിക്കുന്നു.

Highlights: Taniniram Editorial Today 10-10-2025

You may also like