മുംബൈ(Mumbai): ബോളിവുഡ് നടിയും സംരംഭകയുമായ ശില്പാ ഷെട്ടിയെ പോലീസ് നാല് മണിക്കൂറിലേറെ ചോദ്യം ചെയ്തു. 60 കോടി രൂപയുടെ തട്ടിപ്പ് കേസിലാണ് നടിയെ മുംബൈ പോലീസിന്റെ ഇക്കണോമിക് ഒഫന്‍സസ് വിംഗ് ചോദ്യം ചെയ്തത്.
നാലര മണിക്കൂറോളം ശില്പാ ഷെട്ടിയെ ചോദ്യം ചെയ്തുവെന്നും മൊഴി രേഖപ്പെടുത്തിയെന്നും മുംബൈ പോലീസിലെ ഉദ്യോഗസ്ഥന് പറഞ്ഞു.
ശില്പാ ഷെട്ടിയുടെ വസതിയിലെത്തിയാണ് പോലീസ് ചോദ്യം ചെയ്യല്‍ നടത്തിയത്. സംശയാസ്പദമായ ഇടപാടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ചോദ്യം ചെയ്യലിനിടെ ശില്പാ ഷെട്ടി പോലീസിന് നല്‍കിയെന്നാണ് വിവരം.
തന്റെ പരസ്യ കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള പണമിടപാടുകളെ കുറിച്ചുള്ള വിവരങ്ങളാണ് ശില്‍പ്പ കൈമാറിയത്. ചില രേഖകളും താരം പോലീസിന് കൈമാറി. ഇവ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
നേരത്തേ സെപ്റ്റംബറില്‍ ശില്പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയേയും ഇതേ കേസില്‍ ഇക്കണോമിക് ഒഫന്‍സസ് വിംഗ് ചോദ്യം ചെയ്തിരുന്നു. കേസില്‍ ശില്പയ്ക്കും രാജിനുമെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വ്യവസായിയായ ദീപക് കോത്താരിയുടെ പരാതിയിലാണ് ശില്‍പ്പയ്ക്കും രാജിനുമെതിരെ തട്ടിപ്പ് കേസെടുത്തത്. ഇരുവരും ഗൂഢാലോചന നടത്തി തന്റെ പക്കല്‍ നിന്ന് 60 കോടി രൂപയിലേറെ തട്ടിയെടുത്തുവെന്നാണ് ദീപക് കോത്താരിയുടെ പരാതി.
2015നും 2023നുമിടയില്‍ ബിസിനസ് വിപുലീകരണത്തിനായി നല്കിയ പണം ഇവര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നും പരാതിയില്‍ പറയുന്നു.
Highlights: Financial fraud case; Actress Shilpa Shetty questioned