Saturday, December 6, 2025
E-Paper
Home Sportsഎറിഞ്ഞിട്ട് ഇന്ത്യൻ യുവനിര, യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ തകര്‍ന്നടിഞ്ഞ് ഓസ്ട്രേലിയ,135 റണ്‍സിന് ഓള്‍ ഔട്ട്

എറിഞ്ഞിട്ട് ഇന്ത്യൻ യുവനിര, യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ തകര്‍ന്നടിഞ്ഞ് ഓസ്ട്രേലിയ,135 റണ്‍സിന് ഓള്‍ ഔട്ട്

by news_desk1
0 comments

മക്കായ്(Mackay): ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിനെതിരായ രണ്ടാം യൂത്ത് ടെസ്റ്റില്‍ ആദ്യദിനം തന്നെ മേല്‍ക്കൈയുമായി ഇന്ത്യ അണ്ടര്‍ 19 ടീം. ടോസ് നേടി ക്രീസിലിറങ്ങിയ ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിന്‍റെ ഒന്നാം ഇന്നിംഗ്സ് 135 റണ്‍സിന് അവസാനിപ്പിച്ചാണ് ഇന്ത്യൻ യുവനിര മേല്‍ക്കൈ നേടിയത്.

66 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ അലക്സ് ലീ യംഗ് മാത്രമാണ് ഓസീസിനായി പൊരുതിയത്. യാഷ് ദേശ്മുഖ് 22 റണ്‍സെടുത്തപ്പോള്‍ 10 റണ്‍സെടുത്ത ക്യാപ്റ്റൻ വില്‍ മലാസുക്ക് ആണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്ന മൂന്നാമത്തെ താരം.

ഇന്ത്യക്കായി ഹെനില്‍ പട്ടേലും ഖിലന്‍ പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഉദ്ധവ് മോഹന്‍ രണ്ട് വിക്കറ്റെടുത്തു. രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യ അണ്ടര്‍ 19 ഇന്നിംഗ്സിനും 58 റണ്‍സിനും ജയിച്ചിരുന്നു.നേരത്തെ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യൻ യുവനിരക്ക് ഈ ടെസ്റ്റ് കൂടി ജയിച്ചാല്‍ ടെസ്റ്റ് പരമ്പരയും തൂത്തുവാരാം.

ടോസ് നേടി ക്രീസിലിറങ്ങിയ ഓസ്ട്രലിയക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഉദ്ധവ് മോഹന്‍ ഓപ്പണര്‍ സൈമണ്‍ ബഡ്ജിനെ(0) ഗോള്‍ഡന്‍ ഡക്കായി മടക്കി.

അഞ്ചാം ഓവറില്‍ ഉദ്ധവ് സെഡ് ഹോളിക്കിനെ(7) കൂടി പുറത്താക്കി ഇരട്ടപ്രഹരമേല്‍പ്പിച്ചതിന് പിന്നാലെ അലക്സ് ടര്‍ണറെയും(6) വില്‍ മലാസുക്കിനെയും(10) ജെയ്ഡന്‍ ഡ്രാപ്പറെയും വീഴ്ത്തി ഹെനില്‍ പട്ടേൽ ഓസീസിന്‍റെ നടുവൊടിച്ചു. ഇതോടെ 32-5ലേക്ക് കൂപ്പുകുത്തിയ ഓസീസിനെ യാഷ് ദേശ്മുഖും(22), അലക്സ് ലീ യംഗും ചേര്‍ന്ന് 59 റൺസ് കൂട്ടുകെട്ടിലൂടെ കരകയറ്റി.

22 റണ്‍സെടുത്ത യാഷ് ദേശ്മുഖിനെ മടക്കി ഖിലൻ പട്ടേലാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായ ഓസീസ് 119-9ലേക്ക് കൂപ്പുകുത്തി. എന്നാൽ വാലറ്റക്കാരെ കൂട്ടുപിടിച്ച് പൊരുതിയ അലക്സ് ലീ യംഗ് ഓസീസിനെ 135 റണ്‍സിലെത്തിച്ചു.

Highlights: Australia collapses against India, all out for 135 runs

You may also like