Saturday, December 6, 2025
E-Paper
Home Editorialകെട്ടുറപ്പില്ലാത്ത പ്രതിപക്ഷം ജനാധിപത്യത്തിന് ബാധ്യത

കെട്ടുറപ്പില്ലാത്ത പ്രതിപക്ഷം ജനാധിപത്യത്തിന് ബാധ്യത

by news_desk
0 comments

പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം അതിന്റെ അവസാനഭാഗത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. മൂന്നാംതലത്തിലെ സമ്മേളനത്തിന്റെ ആദ്യ ദിവസത്തിൽ കേരളം ഏറെ പ്രതീക്ഷകളോടുകൂടിയാണ് നിയമസഭയിലേക്ക് നോക്കിയിരുന്നത്. എന്നാൽ, തീർത്തും നിരാശയായിരുന്നു ഫലം. പാർലമെന്ററി സംവിധാനത്തിന്റെ തുടക്കം മര്യാദ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന നിയമസഭയിലെയും പാർലമെന്റിലെയും ചോദ്യോത്തരവേള ഭരണപക്ഷമോ പ്രതിപക്ഷമോ ഒരിക്കലും തടസ്സപ്പെടുത്താറില്ല. അപൂർവങ്ങളിൽ അപൂർവമായി മാത്രമേ സംഭവിക്കുന്നെങ്കിൽ അത് ഉണ്ടാകാറുള്ളൂ. നിയമസഭാ സമ്മേളനം തിങ്കളാഴ്ച രാവിലെ ആരംഭിച്ച ആദ്യ മിനിറ്റുകൾ തന്നെ ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധം ആരംഭിച്ചു. സ്വാഭാവികമായ നടപടിക്രമങ്ങൾ അനുസരിച്ച് അടിയന്തരപ്രമേയമായി അല്ലെങ്കിൽ സബ്മിഷൻ ആയി നോട്ടീസ് നൽകി അവതരിപ്പിക്കേണ്ട വിഷയത്തെ സംബന്ധിച്ച് യാതൊരുവിധ മുന്നൊരുക്കങ്ങളും സഭാ മര്യാദകളും പാലിക്കാതെ ഏകപക്ഷീയമായി ഉന്നയിച്ച് നിയമസഭയെ അലങ്കോലമാക്കാൻ ആണ് പ്രതിപക്ഷം ഉദ്ദേശിച്ചതെന്ന് വ്യക്തം.

സർക്കാരിനെ കൈപൊള്ളിയിരിക്കുന്ന ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ നിയമസഭയിൽ സർക്കാരിനെ പിടിച്ചു കെട്ടാനും നിർത്തി പറപ്പിക്കാനും യു.ഡി.എഫിന് കൈവന്ന സുവർണ്ണാവസരമാണ് എടുത്തുചാട്ടം കൊണ്ട് ഭരണപക്ഷത്തിന് പ്രതിപക്ഷത്തിന് നേരെ തന്നെ തിരിച്ചു ഉപയോഗിക്കാനുള്ള ആയുധമായി മാറിയത്. ഈ നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം നൽകിയ എല്ലാ അവിശ്വാസപ്രമേ നോട്ടീസുകളും ചർച്ചയ്ക്ക് എടുത്തു സംസാരിക്കാൻ അനുവദിക്കുകയും അതോടൊപ്പം തന്നെ ചരിത്രപരമായ റെക്കോർഡ് അടിയന്തര പ്രമേയത്തിന്റെ ചർച്ചയിൽ സൃഷ്ടിക്കുകയും ചെയ്ത സമ്മേളനമാണിത്. എന്നിട്ടും സുപ്രധാനമായ ഒരു വിഷയത്തെ അതിന്റെ എല്ലാം അട്ടിമറിച്ചുകൊണ്ട് കേവലം ആക്കിയ ദാരിദ്ര്യത്തിൽ നടത്തുന്ന നാവാട്ടങ്ങൾ മാത്രമായി തരംതാഴ്ത്തിയത് ലജ്ജാകരമാണ്. പ്രതിഷേധങ്ങളോട് വിയോജിപ്പില്ല. അത് ജനാധിപത്യത്തിന്റെ ഭാഗമാണ്. പക്ഷേ,അതിനും ഒരു അന്തസ്സുണ്ട് ഓർമ്മ വേണം. പ്രതിപക്ഷത്തിന്റെ കെട്ടുറപ്പ് നഷ്ടപ്പെട്ടിരിക്കുകയാണ്. സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തൽ നടത്തുമ്പോൾ അടുത്തകാലത്തായി യു.ഡി.എഫ് സംവിധാനത്തിൽ നിയമസഭയ്ക്ക് അകത്തുണ്ടായിരുന്ന ഐക്യം ഇന്നില്ല. സംഘടനാപരമായി യു.ഡി.എഫും കോൺഗ്രസും നേരിടുന്ന പ്രതിസന്ധി നിയമസഭയിലും പ്രതിഫലിച്ചു തുടങ്ങിയെന്നു വേണം മനസ്സിലാക്കാൻ.

ജനങ്ങളെ പൊറുതിമുട്ടിക്കുന്ന സർക്കാർ നിലപാടുകൾക്കെതിരെ ശക്തിയുക്തം പ്രതികരിക്കേണ്ട പ്രതിപക്ഷം ആ ധർമ്മം മറന്ന് നിലാവത്ത് അഴിച്ചുവിട്ട കോഴിയെ പോലെയാണ് നിയമസഭയ്ക്ക് ചുറ്റും കിടന്നു നടക്കുന്നു. സതീശൻ പ്രതിപക്ഷനേതാവ് സ്ഥാനം ഏറ്റെടുത്തതിനു ശേഷം വിഷയങ്ങൾ അവതരിപ്പിക്കുന്നതിൽ ശ്രദ്ധിച്ചിരുന്ന നിലവാരം ഇപ്പോഴില്ല. വെറും മൈതാന പ്രസംഗം മാത്രമായി പ്രതിപക്ഷ അംഗങ്ങളുടെ പ്രകടനം ചുരുങ്ങിപ്പോകുന്നു. ചാട്ടുളി പോലുള്ള പ്രസംഗങ്ങൾ കൊണ്ട് സർക്കാരിനെ വിയർത്തു കുളിപ്പിച്ച് റിക്കോർഡുകൾ ഉള്ള പ്രതിപക്ഷ മുന്നണിക്ക്. ഇപ്പോൾ നിന്നു വിയർക്കേണ്ട അവസ്ഥയാണ്. ദാരുണവും പരിതാപകരവുമാണ് ഈ സ്ഥിതി. നിയമനിർമ്മാണം നടത്തുന്നതിനു വേണ്ടിയാണ് നിയമസഭാ സമ്മേളനം ചേരുന്നത്. ഓരോ തവണ സഭ കൂടുമ്പോഴും ലക്ഷങ്ങളാണ് ചിലവ് വരുന്നത്. അതുകൊണ്ടുതന്നെ നഷ്ടപ്പെടുന്ന ഓരോ മിനിറ്റിലും പാവപ്പെട്ട മനുഷ്യൻറെ നികുതിപ്പണമാണ് നഷ്ടമാകുന്നത്. പൊതുജനം കഴുതകൾ അല്ല ഭരണപക്ഷത്തിനൊപ്പം തന്നെ പ്രതിപക്ഷവും അവർക്ക് മുന്നിൽ തുറന്ന പുസ്തകമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തപ്പെടുന്ന സമ്മേളനങ്ങൾ ജനങ്ങളുടെ ശബ്ദം മുഖരിതമാവേണ്ടതുണ്ട്. പ്രതിപക്ഷം ജനപക്ഷമാണ് ആ ബോധ്യത്തോടെ കൂടി യു.ഡി.എഫ് സംവിധാനം പ്രവർത്തിക്കണം പ്രതികരിക്കണം. പറയാൻ വാക്കുകൾ ഇല്ലെങ്കിൽ ഉന്നയിക്കുന്ന ആരോപണത്തിന് കഴമ്പ് ഇല്ലെങ്കിൽ പറഞ്ഞ് സ്വയം അപമാലിതരാകുന്നതിനേക്കാൾ നല്ലത് മിണ്ടാതിരിക്കുന്നതാണ്. ജാഗ്രതയോടെയുള്ള പ്രതിപക്ഷം ഉണ്ടെങ്കിലേ ഉത്തരവാദിത്തമുള്ള ഭരണപക്ഷം ഉണ്ടാകും.

Highlights: Taniniram Editorial Today 07-102025

You may also like