തമിഴ്‌നാട്ടിലെ കരൂരിൽ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം പാർട്ടിയുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം കൈമാറി കോൺഗ്രസ്. റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച തിരുപ്പൂർ സ്വദേശികളായ ജെ. ഗോകുലപ്രിയയുടെയും മണികണ്ഠന്റെയും കുടുംബങ്ങൾക്കാണ് കോൺഗ്രസ് നേതാക്കൾ നേരിട്ടെത്തി സഹായം കൈമാറിയത്. മനുഷ്യദുരന്തത്തിൽ വേദനിക്കുന്ന കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കോൺഗ്രസ് ഈ സാമ്പത്തിക സഹായം നൽകിയത്.
2.5 ലക്ഷം രൂപ വീതം സഹായം കൈമാറി; 41 കുടുംബങ്ങൾക്ക് ആശ്വാസം
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ഗോകുലപ്രിയയുടെയും മണികണ്ഠന്റെയും കുടുംബങ്ങൾക്ക് 2.5 ലക്ഷം രൂപയുടെ ചെക്കുകൾ നൽകി. കോൺഗ്രസ് ദേശീയസെക്രട്ടറി ഗോപിനാഥ് പളനിയപ്പൻ, കരൂർ എംപി എസ്. ജ്യോതിമണി എന്നിവർ ചേർന്നാണ് ധനസഹായം കൈമാറിയത്. റാലി ദുരന്തത്തിൽ മരിച്ച മറ്റ് 39 പേരുടെയും കുടുംബങ്ങൾക്കും അതത് ജില്ലകളിലെ അവരുടെ ബന്ധുക്കൾക്ക് 2.5 ലക്ഷം രൂപ വീതം ധനസഹായം കോൺഗ്രസ് നൽകിയതായി ഗോപിനാഥ് പളനിയപ്പൻ അറിയിച്ചു. ഇതോടെ, ആകെ 41 കുടുംബങ്ങൾക്ക് കോൺഗ്രസിന്റെ സാമ്പത്തിക സഹായം ലഭിച്ചു.
Highlights: Karur tragedy; Congress hands over assistance to the families of the deceased